ശിഥിലീകരണ ശക്തികള്‍ക്കെതിരേ ജാഗ്രത പാലിക്കണം: സുന്നി നേതാക്കള്‍
കോഴിക്കോട്: സമൂഹത്തിൽ നിലനിൽക്കുന്ന സാമൂഹിക സമത്വവും സാമുദായിക ഐക്യവും തകർത്ത് ശൈഥില്യമുണ്ടാക്കാൻ ശ്രമിക്കുന്ന ശക്തികളെ സമൂഹം തിരിച്ചറിയണമെന്നും അത്തരക്കാർക്കെതിരെ ജാഗ്രത പാലിക്കണമെന്നും സുന്നി നേതാക്കൾ പ്രസ്താവനയിൽ പറഞ്ഞു. സമസ്തയുടെ ആദരണീയ അധ്യക്ഷൻ മുതൽ സമസ്തയുടെ തീരുമാനങ്ങളുടെ കൂടെ നിൽക്കുന്ന ഓരോരുത്തരേയും ഭ്രഷ്ട് കല്പിക്കാൻ ചില കേന്ദ്രങ്ങളിൽ ഗൂഢാലോചന നടക്കുന്നുണ്ട്. ഇത് വലിയ പ്രത്യാഘാതങ്ങളാണ് ക്ഷണിച്ചു വരുത്തുക.
പാണക്കാട് മുഈനലി ശിഹാബ് തങ്ങൾക്കെതിരായ വധഭീഷണിയിൽ അടിയന്തര നടപടി സ്വീകരിക്കണം. കേരളീയ സമൂഹം ആദരിച്ചുവരുന്ന പാണക്കാട് കുടുംബത്തിലെ അംഗത്തിനെതിരേയാണ് വധഭീഷണി ഉയർന്നിരിക്കുന്നത്. സമസ്തയ്ക്കു കരുത്തായി നിലകൊള്ളുന്നവർക്കെതിരേ ഭീഷണി മുഴക്കി പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്ന ഗൂഢശക്തികളെ തിരിച്ചറിയണം.മഹല്ല്, മദ്‌റസാ തലങ്ങളിൽ പ്രശ്‌നങ്ങളുണ്ടാക്കിയും ഭീഷണിപ്പെടുത്തിയും കള്ളക്കേസുണ്ടാക്കിയും നടത്തുന്ന ഹീനനീക്കങ്ങൾ ആർക്കും ഭൂഷണമല്ല. സമസ്തയുടെയും പോഷക ഘടകങ്ങളുടേയും പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുകയും പ്രവർത്തകരെ ഒറ്റക്കെട്ടായി മുന്നിൽ നിർത്തി മുന്നോട്ടുപോവുകയും ചെയ്യണമെന്നും സമസ്ത സെക്രട്ടറി കെ. ഉമർ ഫൈസി മുക്കം,മുശാവറ അംഗവും സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ ജന. സെക്രട്ടറിയുമായ വാക്കോട് മൊയ്തീൻകുട്ടി ഫൈസി, , എസ്.വൈ.എസ് സംസ്ഥാന വർക്കിങ് സെക്രട്ടറി അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, ട്രഷറർ എ.എം പരീത്, വൈസ് പ്രസിഡന്റ് ഇബ്രാഹിം ഫൈസി പേരാൽ, മദ്‌റസ മാനേജ്‌മെന്റ് അസോസിയേഷൻ സംസ്ഥാന വർക്കിങ് സെക്രട്ടറി കെ.കെ.എസ് തങ്ങൾ വെട്ടിച്ചിറ, സമസ്ത എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് മുസ്തഫ മുണ്ടുപാറ, എസ്.കെ.എസ്.എസ്.എഫ് ജനറൽ സെക്രട്ടറി റശീദ് ഫൈസി വെള്ളയാക്കോട് എന്നിവർ പ്രസ്താവനയിൽ അഭ്യർത്ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."