യുഎഇയിലെ സ്വകാര്യ മേഖലയിലെ സ്ത്രീ പങ്കാളിത്തത്തില്‍ 23.1% വര്‍ധന
ദുബൈ: 2022നെ അപേക്ഷിച്ച് 2023ല്‍ സ്വകാര്യ മേഖലയിലെ സ്ത്രീകളുടെ പങ്കാളിത്തം 23.1 ശതമാനം വര്‍ധിച്ചതായി ഹ്യൂമന്‍ റിസോഴ്‌സസ് ആന്‍ഡ് എമിറേറ്റൈസേഷന്‍ മന്ത്രാലയം (മുഹ്ര്‍).
ലിംഗ സന്തുലിതാവസ്ഥ പ്രോത്സാഹിപ്പിക്കാനും എല്ലാ മേഖലകളിലും സ്ത്രീകളെ ശാക്തീകരിക്കാനും തൊഴില്‍ അന്തരീക്ഷം മെച്ചപ്പെടുത്താനും വിവിധ മേഖലകളില്‍ സ്ത്രീകള്‍ക്ക് തുല്യ അവസരങ്ങള്‍ നല്‍കാനും യുഎഇ തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്നു.
ജോലി സ്ഥലത്തെ ലിംഗ വിവേചനം യുഎഇ നിയമം മൂലം നിരോധിച്ചിട്ടുണ്ട്. ഇത് കൂടുതല്‍ സ്ത്രീകളെ തൊഴില്‍ സേനയില്‍ ചേരാന്‍ പ്രോത്സാഹിപ്പിക്കുന്നു. സമാന ജോലികള്‍ക്ക് തുല്യ വേതനം എന്നത് യുഎഇയിലെ മനുഷ്യാവകാശങ്ങളെ മാനിക്കുന്നതിന്റെ ഒരു പ്രധാന വശമാണ്. ലിംഗ സന്തുലിതാവസ്ഥ കൈവരിക്കാനുള്ള പ്രതിബദ്ധത ഇത് പ്രകടമാക്കുന്നു. ഇത് തൊഴില്‍ മേഖലയില്‍ സ്ത്രീ പ്രാതിനിധ്യം വര്‍ധിപ്പിച്ചു.
യുഎഇ ലേബര്‍ ലോ (റെഗുലേഷന്‍ ഓഫ് ലേബര്‍ റിലേഷന്‍സ് ലോ) ഒരേ ജോലിക്ക് പുരുഷ സഹപ്രവര്‍ത്തകര്‍ക്ക് ലഭിക്കുന്ന ശമ്പളം തന്നെ വനിതാ ജീവനക്കാര്‍ക്കും ലഭിക്കണമെന്ന് വ്യവസ്ഥ ചെയ്യുന്നു.
വിവിധ തലങ്ങളിലും മേഖലകളിലും ലിംഗ സമത്വത്തിന്റെ കാര്യത്തില്‍ പ്രാദേശികമായും ആഗോളീയമായും രാജ്യത്തിന്റെ മത്സര ശേഷി വര്‍ധിപ്പിച്ചു കൊണ്ട് സ്ത്രീകളുടെ അവകാശങ്ങളുടെ സംരക്ഷണവും പുരുഷന്മാരുമായി തുല്യമായ തൊഴിലവസരങ്ങള്‍ ആസ്വദിക്കുന്നതും ഈ നിയമം ഉറപ്പാക്കുന്നു.
വേതന സമത്വത്തിനു പുറമേ, ഖനനം, നിര്‍മാണം, ഉല്‍പ്പാദനം, ഊര്‍ജം, കൃഷി, ഗതാഗതം തുടങ്ങിയ വെല്ലുവിളി നിറഞ്ഞ മേഖലകളിലും രാത്രി സമയങ്ങളിലും സ്ത്രീകള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന എല്ലാ നിയന്ത്രണങ്ങളും ഇല്ലാതാക്കാന്‍ തൊഴില്‍ നിയമം വ്യവസ്ഥ ചെയ്യുന്നു.
ഇത് സ്ത്രീകള്‍ക്ക് ഈ വ്യവസായങ്ങളില്‍ ജോലി ചെയ്യാനുള്ള അവകാശം നല്‍കുന്നു. ജീവനക്കാരി ഗര്‍ഭിണിയാണെങ്കില്‍ അവരുടെ സേവനം അവസാനിപ്പിക്കാനോ നോട്ടീസ് നല്‍കാനോ തൊഴിലുടമകളെ നിയമം വിലക്കുന്നുണ്ട്.
കൂടാതെ, തൊഴില്‍ സമ്പാ ദനത്തിലും സ്ഥാനക്കയറ്റത്തിലും ജീവനക്കാര്‍ക്കിടയിലുള്ള വിവേചനവും, ഒരേ ഉത്തരവാദിത്തങ്ങളുള്ള ജോലികളിലെ ലിംഗ വിവേചനവും ലേബര്‍ റെഗുലേഷന്‍ നിയമം നിരോധിക്കുന്നു.
സാമ്പത്തിക മേഖലയില്‍ സ്ത്രീകളെ ശാക്തീകരിക്കാനും തൊഴില്‍ ശക്തിയില്‍ അവരുടെ പങ്കാളിത്തത്തെ പിന്തുണക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായി ലിംഗഭേദം മാത്രമല്ല, വംശം, നിറം, ദേശീയത, സോഷ്യല്‍ സ്‌ററാറ്റസ് എന്നിവയുടെ അടിസ്ഥാനത്തില്‍ തൊഴിലിടത്തെ എല്ലാ തരം വിവേചനങ്ങളും നിയമം നിരോധിക്കുന്നു.
യുഎഇയെ ലിംഗ സന്തുലിതത്വത്തിന്റെ ആഗോള മാതൃകയാക്കാന്‍ ലക്ഷ്യമിട്ടുള്ള വ്യക്തമായ ഭാവി കാഴ്ചപ്പാടിനെ അടിസ്ഥാനമാക്കിയുള്ള ജെന്‍ഡര്‍ ഈക്വാലിറ്റി സ്ട്രാറ്റജി 2022-2026 യുഎഇ സ്വീകരിച്ചു.
യുണൈറ്റഡ് നേഷന്‍സ് ഡെവലപ്‌മെന്റ് പ്രോഗ്രാം പുറത്തിറക്കിയ ലിംഗ സമത്വ സൂചിക 2022 പ്രകാരം യുഎഇ അറബ് ലോകത്ത് ഒന്നാം സ്ഥാനത്തും ആഗോള തലത്തില്‍ പതിനൊന്നാം സ്ഥാനത്തുമാണ്.
ലോക ബാങ്കിന്റെ 'സ്ത്രീകള്‍, ബിസിനസ്, നിയമങ്ങള്‍ 2023' എന്ന റിപ്പോര്‍ട്ടില്‍ മിഡില്‍ ഈസ്റ്റ്, നോര്‍ത്താഫ്രിക്ക മേഖലകളില്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും യുഎഇ ഒന്നാമതെത്തി.
കൂടാതെ, വേള്‍ഡ് എകണോമിക് ഫോറം പുറത്തിറക്കിയ 'ജെന്‍ഡര്‍ ഡിഫറന്‍സ് റിപ്പോര്‍ട്ട് 2022' ല്‍ യുഎഇ അറബ് രാജ്യങ്ങളില്‍ മുന്‍നിരയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."