ഗസ്സയില്‍ നടത്തുന്ന വംശഹത്യ: ഇസ്‌റാഈലിനെതിരായ ദക്ഷിണാഫ്രിക്കയുടെ ഹരജിയില്‍ അന്താരാഷ്ട്ര കോടതി വിധി ഇന്ന്
ഗസ്സയില്‍ നടത്തുന്ന വംശഹത്യ: ഇസ്‌റാഈലിനെതിരായ ദക്ഷിണാഫ്രിക്കയുടെ ഹരജിയില്‍ അന്താരാഷ്ട്ര കോടതി വിധി ഇന്ന്
ഗസ്സയില്‍ ഇസ്റാഈല്‍ തുടരുന്ന വംശഹത്യക്ക് അറുതി വേണമെന്നാവശ്യപ്പെട്ട് ദക്ഷിണാഫ്രിക്കയുടെ പരാതിയില്‍ ഐക്യരാഷ്ട്രസഭയ്ക്ക് കീഴിലെ ഹേഗ് അന്താരാഷ്ട്ര നീതിന്യായ കോടതി (ഐ.സി.ജെ) ഇന്ന് വിധി പറയും. ഉച്ചക്ക് ഒരു മണിയോടെയായിരിക്കും പബ്ലിക് സിറ്റിങ്. ദക്ഷിണാഫ്രിക്കയുടെ ഹരജിയില്‍ ജനുവരി 26ന് 12 മണിക്ക് 17 ജഡ്ജിമാരുടെ പാനല്‍ വിധി പ്രഖ്യാപിക്കുമെന്ന് ഐക്യരാഷ്ട്രസഭയുടെ പരമോന്നത കോടതി കൂടിയായ ഐ.സി.ജെ ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
വിധി പ്രസ്താവന കേള്‍ക്കാന്‍ ദക്ഷിണാഫ്രിക്കന്‍ വിദേശകാര്യ മന്ത്രി നലേഡി പണ്ടോര്‍ ഹേഗിലേക്ക് പുറപ്പെട്ടതായി സര്‍ക്കാര്‍ വക്താവ് അറിയിച്ചു. ഗസ്സ ആക്രമണം നിയന്ത്രിക്കാന്‍ അടിയന്തര നടപടികള്‍ കോടതി പ്രഖ്യാപിച്ചേക്കും. എന്നാല്‍, ഇസ്റാഈല്‍ വംശഹത്യ നടത്തുകയാണോ എന്ന പ്രധാന വാദത്തില്‍ വിധി ഉണ്ടായേക്കില്ല.
ഈ മാസം 11, 12 തീയതികളിലാണ് ദ്വിദിന വിചാരണ നടന്നത്. അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ (ഐ.സി.ജെ) ദക്ഷിണാഫ്രിക്ക നല്‍കിയ പരാതിയില്‍ ആദ്യ ദിവസം ദക്ഷിണാഫ്രിക്കയും രണ്ടാം ദിവസം ഇസ്റാഈലുമാണ് തങ്ങളുടെ വാദമുഖങ്ങള്‍ അവതരിപ്പിച്ചത്
നേരത്തേ ആസൂത്രണം ചെയ്ത് നിശ്ചയിച്ചുറപ്പിച്ച വംശഹത്യയാണ് ഗസ്സയില്‍ നടക്കുന്നതെന്ന് ദക്ഷിണാഫ്രിക്കക്കു വേണ്ടി ഹാജരായ അഭിഭാഷക ആദില ഹാശിം ചൂണ്ടിക്കാട്ടി. ഗസ്സയില്‍ ഇസ്റാഈല്‍ നടത്തുന്ന വിനാശകരമായ സൈനിക നടപടി അടിയന്തരമായി നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിടണമെന്ന് ദക്ഷിണാഫ്രിക്ക ലോക കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ഫലസ്തീന്‍ ജനതയെ കഠിനവും അപരിഹാര്യവുമായ നാശത്തില്‍ നിന്ന് സംരക്ഷിക്കാന്‍ അടിയന്തര നടപടികള്‍ ആവശ്യമാണെന്നായിരുന്നു വാദം. കൂടാതെ ഗസ്സയില്‍ മാനുഷിക സഹായം എത്തിക്കുന്നതിന് തടസ്സം സൃഷ്ടിക്കാതിരിക്കാന്‍ ഇസ്റാഈലിനോട് ഉത്തരവിടണമെന്നും ഹരജയില്‍ ഉന്നയിച്ചിരുന്നു. ഇസ്റാഈല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു, പ്രതിരോധ മന്ത്രി യൊആവ് ഗാലന്റ്, പ്രസിഡന്റ് ഐസക് ഹെര്‍സോഗ് എന്നിവരുടെ പ്രസ്താവനകള്‍ വംശഹത്യക്ക് തെളിവാണെന്ന് മറ്റൊരു അഭിഭാഷകന്‍ തെംബെക കുകൈതോബി ചൂണ്ടിക്കാട്ടി. തങ്ങള്‍ വംശഹത്യയാണ് ചെയ്യുന്നതെന്ന് ഏതെങ്കിലും രാജ്യം സമ്മതിക്കുമോയെന്ന് അദ്ദേഹം ചോദിച്ചു. ഇസ്റാഈല്‍ എന്ന രാജ്യത്തെമ്പാടും മുഴങ്ങുന്നത് വംശഹത്യയെ പ്രോത്സാഹിപ്പിക്കുന്ന പ്രസംഗങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, വിധി എന്തു തന്നെയായാലും അംഗീകരിക്കുന്ന പ്രശ്നമില്ലെന്നാവര്‍ത്തിക്കുകയാണ് ഇസ്റാഈല്‍. ദക്ഷിണാഫ്രിക്കയുടെ ആരോപണങ്ങള്‍ അന്താരാഷ്ട്ര കോടതിയിലും നിഷേധിക്കുകയാണ് സയണിസ്റ്റ് രാജ്യം ചെയ്തത്. ഗസ്സയിലെ സൈനിക നടപടി ഇസ്റാഈല്‍ ഉടനടി അവസാനിപ്പിക്കണമെന്ന ദക്ഷിണാഫ്രിക്കയുടെ ആവശ്യം ആശ്ചര്യപ്പെടുത്തുന്നതാണെന്ന് അഭിഭാഷകന്‍ ക്രിസ്റ്റഫര്‍ സ്റ്റേക്കര്‍ പറഞ്ഞു. ഭക്ഷണം, വെള്ളം, ആരോഗ്യപരിപാലനം, ഇന്ധനം, ശുചിത്വം, വാര്‍ത്താവിനിമയം പോലുള്ള അടിസ്ഥാന ആവശ്യങ്ങള്‍ വരെ നിരസിച്ചും മാരകമായ ബോംബുകള്‍ വര്‍ഷിച്ചും ഗസ്സയില്‍ വംശഹത്യയാണ് നടത്തുന്നതെന്ന ദക്ഷിണാഫ്രിക്കന്‍ വാദവും ഇസ്റാഈല്‍ തള്ളിയിരുന്നു. ഒക്ടോബര്‍ ഏഴിന്റെ ആക്രമണത്തിനുള്ള സ്വാഭാവിക പ്രതിരോധം മാത്രമാണ് തങ്ങളുടേതെന്നാണ് കോടതിയില്‍ ഇസ്റാഈല്‍ വാദിച്ചത്. ഹമാസിനെ പൂര്‍ണമായും ഇല്ലാതാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ഇതില്‍ നിന്ന് തങ്ങളെ ആര്‍ക്കും തടയാനാവില്ലെന്നുമാണ് നെതന്യാഹുവിന്റെ പ്രതികരണം.
എന്നാല്‍, ഇസ്റാഈല്‍ അംഗീകരിച്ചാലും ഇല്ലെങ്കിലും വിധി ഇസ്റാഈലിനെതിരെ അന്താരാഷ്ട്ര സമ്മര്‍ദം കടുപ്പിക്കാന്‍ വഴിയൊരുക്കുമെന്നാണ് ദക്ഷിണാഫ്രിക്കന്‍ പ്രതീക്ഷ.
അതിനിടെ, ഖത്തര്‍ നേതൃത്വത്തില്‍ ബന്ദിമോചനവുമായി ബന്ധപ്പെട്ട വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ ഊര്‍ജിതമാണെന്ന് വൈറ്റ് ഹൗസ് പറയുന്നു. ഇസ്റാഈലി ബന്ദികളെ ഹമാസും ഫലസ്തീനി തടവുകാരെ ഇസ്റാഈലും വിട്ടയക്കുന്ന വെടിനിര്‍ത്തല്‍ നടപ്പാക്കാനുള്ള ചര്‍ച്ചകളാണ് യു.എസ് കാര്‍മികത്വത്തില്‍ പുരോഗമിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
അതിനിടെ, ഗസ്സയില്‍ ഒരു മാസം നീളുന്ന വെടിനിര്‍ത്തലിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. വൈറ്റ് ഹൗസ് വക്താവ് മക്ഗര്‍ക്കിന് പുറമെ ഖത്തര്‍, ഈജിപ്ത് പ്രതിനിധികളും തിരക്കിട്ട നീക്കങ്ങളില്‍ പങ്കാളികളാണ്. ഇസ്റാഈലും ഹമാസും വെടിനിര്‍ത്തല്‍ കരാര്‍ തത്വത്തില്‍ അംഗീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.വെടിനിര്‍ത്തലിന് പുറമെ ഗസ്സയില്‍ കൂടുതല്‍ സഹായമെത്തിക്കുന്നതും ഇതിന്റെ ഭാഗമാകും. നേരത്തെ ഹമാസ് മുന്നോട്ടുവച്ച ആവശ്യങ്ങള്‍ തള്ളിയ ഇസ്റാഈല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു, കഴിഞ്ഞ ദിവസങ്ങളില്‍ ഇസ്റാഈല്‍ സൈന്യത്തിനു ഗസ്സയില്‍ കനത്ത തിരിച്ചടി നേരിട്ടതോടെയാണ് വെടിനിര്‍ത്തലിന് തയാറാകുന്നത്.
ആക്രമണം 110ാം ദിവസം പൂര്‍ത്തിയാകുമ്പോഴും ബന്ദികളെ കുറിച്ച് ഒരു വിവരവും ഇസ്റാഈലിന്റെ പക്കലില്ല. ലോകത്തെ മികച്ച രഹസ്യാന്വേഷണ ഏജന്‍സിയെന്ന് അവകാശപ്പെടുന്ന മൊസാദിന് ബന്ദികളെ കുറിച്ച് ഒരു വിവരം പോലും ഇത്രയും നാള്‍ ശേഖരിക്കാനായില്ല. ഹമാസ് വിട്ടയച്ച ബന്ദികളെ മാത്രമാണ് ഇസ്റാഈലിനു തിരിച്ചുകിട്ടിയത്. നെതന്യാഹുവിന്റെ വീടിനു മുന്നില്‍ ബന്ദികളുടെ ബന്ധുക്കള്‍ കുടില്‍കെട്ടി സമരത്തിലാണ്. കഴിഞ്ഞ ദിവസം ബന്ദികളുടെ ബന്ധുക്കള്‍ ഇസ്റാഈല്‍ പാര്‍ലമെന്റായ നെസ്സറ്റിലേക്ക് ഇരച്ചുകയറി പ്രതിഷേധിക്കുകയും ചെയ്തിരുന്നു. നാട്ടില്‍ ശക്തമായ രാഷ്ടീയ സമ്മര്‍ദവും നെതന്യാഹു സര്‍ക്കാര്‍ നേരിടുന്നുണ്ട്.
രൂക്ഷ പോരാട്ടവും സിവിലിയന്‍ കുരുതിയും തുടരുന്ന ഗസ്സയില്‍ 24 മണിക്കൂറിനിടെ 210 പേര്‍ കൂടി കൊല്ലപ്പെട്ടു. ഇതോടെ, മരണസംഖ്യ 25,700 ആയി. ഹമാസ് ശക്തികേന്ദ്രമായ ഖാന്‍ യൂനുസില്‍ നാലു ലക്ഷം വരുന്ന സിവിലിയന്മാര്‍ സമ്പൂര്‍ണമായി ഒഴിഞ്ഞുപോകണമെന്നാണ് ഇസ്റാഈല്‍ നിര്‍ദേശം. പ്രദേശത്തെ ആശുപത്രികളുടെ അവസ്ഥ പരിതാപകരമാണെന്നും ആരോഗ്യപ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."