ശക്തമായി തിരിച്ചടിക്കും; ഡ്രോണ്‍ ആക്രമണത്തില്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ താക്കീതുമായി ബൈഡന്‍
ശക്തമായി തിരിച്ചടിക്കും; ഡ്രോണ്‍ ആക്രമണത്തില്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ താക്കീതുമായി ബൈഡന്‍
ദുബൈ: ജോര്‍ദാന്‍-സിറിയ അതിര്‍ത്തിയിലുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ മൂന്ന് യു.എസ് സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ താക്കീതുമായി യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍. ആക്രമണത്തിന് ശക്തമായ തിരിച്ചടിയുണ്ടാവുമെന്ന് ബൈഡന്‍ മുന്നറിയിപ്പ് നല്‍കി. ഇറാന്‍ പിന്തുണയുള്ള സംഘമാണ് ആക്രമണത്തിന് പിന്നിലെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.
സിറിയയിലെ അല്‍ തന്‍ഫ് താവളത്തിനു നേരെയായിരുന്നു ആക്രമണം. ആക്രമണത്തില്‍ 30 ലേറെ പേര്‍ക്ക് പരിക്കേറ്റതായും യു.എസ് സൈനികവൃത്തങ്ങള്‍ അറിയിച്ചിരുന്നു. ഒക്‌ടോബര്‍ ഏഴിനു ശേഷം മേഖലയില്‍ യു.എസ് സൈനികര്‍ കൊല്ലപ്പെടുന്നത് ഇതാദ്യമാണ്.
അതേസമയം, അതിര്‍ത്തിക്ക് പുറത്തുള്ള യു.എസ് സൈനിക താവളത്തിന് നേരെയാണ് ഡ്രോണ്‍ ആക്രമണം നടന്നതെന്ന് ജോര്‍ദാന്‍ അറിയിച്ചു. പരസ്പര ധാരണ പ്രകാരമാണ് അതിര്‍ത്തി മേഖലയിലെ യു.എസ് സൈനിക സാന്നിധ്യമെന്നും ജോര്‍ദാന്‍ അധികൃതര്‍ വെളിപ്പെടുത്തി. ആക്രമണത്തെ ജോര്‍ദാന്‍ അപലപിച്ചു. ഇറാഖിലും സിറിയയിലും ഏതു സമയവും അമേരിക്കന്‍ പ്രത്യാക്രമണ സാധ്യത കൂടുതലാണ്.
ഇറാഖിലെ ഇസ്‌ലാമിക് റെസിസ്റ്റന്‍സ് വിഭാഗം ഉത്തരവാദിത്തം ഏറ്റതായി വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ഗസ്സയില്‍ ഇസ്‌റാഈലിന്റെ കൊടും ക്രൂരതകളെ പിന്തുണക്കുന്നത് അവസാനിപ്പിക്കും വരെ മേഖലയിലെ യു.എസ് കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം തുടരുമെന്ന് സായുധവിഭാഗം അറിയിച്ചതായും പത്രം വെളിപ്പെടുത്തി.
അതിനിടെ, ഗസ്സയിലെ ഖാന്‍ യൂനുസിലും മറ്റും ഇസ്‌റാഈല്‍ ആക്രമണം കൂടുതല്‍ രൂക്ഷമായി. ആശുപത്രികളിലെ സ്ഥിതി ഏറെ ദയനീയമായതായി ലോകാരോഗ്യ സംഘടന അറിയിച്ചു. ഇന്നലെ മാത്രം 165 പേരാണ് കൊല്ലപ്പെട്ടത്. 290 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഗസ്സയില്‍ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 26,422 ആയി. പരിക്കേറ്റവരുടെ എണ്ണം 65,087 ത്തില്‍ എത്തി.
ഖത്തര്‍, ഈജിപ്ത്, അമേരിക്ക എന്നീ രാജ്യങ്ങളുടെ മധ്യസ്ഥതയില്‍ പാരീസില്‍ തുടരുന്ന ബന്ദിമോചന ചര്‍ച്ചയില്‍ കാര്യമായ പുരോഗതിയില്ല. രണ്ടു മാസത്തെ വെടിനിര്‍ത്തലിനൊപ്പം ബന്ദിമോചനവും തടവുകാരുടെ കൈമാറ്റവും സംബന്ധിച്ച് ഏറെക്കുറെ വിശാല ധാരണ രൂപപ്പെടുത്താനായെങ്കിലും ഇസ്‌റാഈലും ഹമാസും കൈക്കൊള്ളുന്ന നിലപാടുകള്‍ നിര്‍ണായകമാകും. ലക്ഷ്യം നേടാതെ യുദ്ധം അവസാനിപ്പിക്കില്ലെന്ന് ഇസ്‌റാഈലും ആക്രമണം പൂര്‍ണമായി അവസാനിപ്പിക്കാതെ വെടിനിര്‍ത്താന്‍ ഒരുക്കമല്ലെന്ന് ഹമാസും മധ്യസ്ഥ രാജ്യങ്ങളെ അറിയിച്ചതായാണ് വിവരം.
അതിനിടെ, ഗസ്സയില്‍ നിന്ന് ഫലസ്തീനികളെ പുറന്തള്ളി, ജൂത കുടിയേറ്റത്തിന് അനുമതി നല്‍കണമെന്ന ആവശ്യവുമായി വിളിച്ചു ചേര്‍ത്ത സമ്മേളനത്തില്‍ ഇസ്‌റാഈല്‍ സര്‍ക്കാറിലെ 12 മന്ത്രിമാര്‍ പങ്കെടുത്തതായി ജര്‍മന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."