ഛര്‍ദ്ദി
കെ. ഷെരിഫ്
രണ്ട് ദിവസമായി ഞാന്‍
ഈ ചരിത്രസന്ധിയില്‍
കുനിഞ്ഞിരുന്ന്
ഛര്‍ദ്ദിക്കുകയാണ്.
എന്താണ്
ഇത്രമാത്രം ഛര്‍ദ്ദിക്കാന്‍
എന്നാണോ?
നിങ്ങള്‍ അത്ഭുതപ്പെടും;
വര്‍ഷങ്ങളായി തികട്ടുന്നത്
ഇന്ന് ഒന്നാകെ പുറത്തേക്ക്!
എന്തൊക്കെ?
ചോര തുരുമ്പിച്ച നീളന്‍വാളുകള്‍
ഇരുമ്പുദണ്ഡുകള്‍
പുകമണമുള്ള കുപ്പികള്‍
മുത്തല മൂര്‍ച്ചയുള്ള ചെറുകഠാരകള്‍
കരിഞ്ഞ ജഡങ്ങള്‍
നൂറു നൂറായിരം
തകര്‍ന്ന തലയോട്ടികള്‍
കത്തിയ കഴുക്കോലുകള്‍
അരുതേയെന്ന് വിടര്‍ത്തിയ
കൈയസ്ഥികള്‍.....
ഇത്ര കാലം
ദഹിക്കാതെ ഉള്ളിലുരുണ്ടതെല്ലാം
ഒന്നാകെ ഇന്നീ ചരിത്രസന്ധിയില്‍!
സമാധാനം
കിട്ടാനായി എന്താണ് ചെയ്യേണ്ടത്
എന്ന് ഒരിക്കല്‍ ചോദിച്ചപ്പോള്‍
നിര്‍മമജ്ഞാനിയായ സുഹൃത്ത്
പറഞ്ഞതു പോലെ:
ഒന്നും സാരമാക്കരുത്
ചരിത്രം തീരെ കഴിക്കരുത്
ഉറങ്ങും മുമ്പ്
വര്‍ത്തമാനത്തെ പുറത്തിട്ട്
നിർദയം വാതിലടക്കണം
നാളെയെ ചിന്തിക്കരുത്
ഒന്നും വായിക്കരുത്
കൊലവിളികള്‍ നിലവിളികള്‍
കേള്‍ക്കരുത്
ഒന്നിലും ഇടപെടരുത്
അഭിപ്രായം ഉണ്ടാകരുത്
ഉണ്ടെങ്കിലും പറയരുത്
ഒന്നും സാരമാക്കരുത്
മറവികള്‍ ഉണ്ടായിരിക്കണം...!
ഇപ്പോള്‍
നാടാകെ മൂടുന്നു നാറ്റലാവ.
എനിക്കു പക്ഷേ,
നേരിയ സമാധാനം തോന്നുന്നു.
ഞാനിപ്പോള്‍
അസ്വസ്ഥരായ ചങ്ങാതിമാരെ
ഉപദേശിക്കുന്നു:
ഒന്നും സാരമാക്കരുത്
ചരിത്രം തീരെ കഴിക്കരുത്....
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."