പ്രതീക്ഷകൾ ഇനിയും അകലെ
ഡോ.ജോസ് സെബാസ്റ്റ്യൻ
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പടിവാതിൽക്കലാണ് ഈ വർഷത്തെ ബജറ്റ് അവതരണം. സ്വാഭാവികമായും ധനകാര്യമന്ത്രിയുടെ മുമ്പിൽ തെരഞ്ഞെടുപ്പിന്റെ ജയപരാജയങ്ങളുമായി ബന്ധപ്പെട്ട പരിഗണനകളുണ്ട്. അതേസമയം, സാധാരണ ജനങ്ങളുടെ അടിയന്തര പ്രശ്‌നങ്ങളുമുണ്ട്. ഇവ രണ്ടും സമന്വയിപ്പിച്ച് മുന്നോട്ടുപോകാനുള്ള യത്‌നമാണ് ഈ വർഷത്തെ ബജറ്റിലൂടെ ധനകാര്യമന്ത്രി കെ.എൻ ബാലഗോപാൽ നടത്തിയിട്ടുള്ളത്.
ഇതുവരെ ദർശിച്ചിട്ടില്ലാത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കേരളം കടന്നുപോവുന്നത്. അടഞ്ഞുകിടക്കുന്ന ചെറുകിട കടകളും ഹോട്ടലുകളും ഇടയ്ക്കിടെയുള്ള കർഷക ആത്മഹത്യകളും സമ്പദ്‌വ്യവസ്ഥയുടെ സ്ഥിതിയാണ് പ്രതിഫലിപ്പിക്കുന്നത്. സമ്പദ്‌വ്യവസ്ഥയെ കരകയറ്റാൻ മാന്ത്രിക വടിയൊന്നും ധനമന്ത്രിയുടെ കൈയിലില്ല. കൂടുതൽ വിഭവങ്ങൾ സമാഹരിച്ച് വിപണിയിൽ ചെലവാക്കുന്ന ജനവിഭാഗങ്ങളിൽ എത്തിക്കുകയോ ചെലവുകൾ ചുരുക്കി വിഭവങ്ങൾ കണ്ടെത്തി ഇതേ ലക്ഷ്യം നേടുകയോ മാത്രമേ കരണീയമായിട്ടുള്ളൂ.
ഇതിൽ എത്രമാത്രം നമ്മുടെ ധനമന്ത്രി വിജയിച്ചിട്ടുണ്ട് എന്ന് പരിശോധിക്കാം.
വിഭവസമാഹരണത്തിന് ഒരുപാട് മാർഗങ്ങളൊന്നും ധനമന്ത്രിയുടെ കൈയിലില്ല. ചിലതൊക്കെ കഴിഞ്ഞ ബജറ്റിൽ പ്രയോഗിച്ചതുമാണ്. നികുതിയുടെ കാര്യത്തിൽ ചെറിയ മാറ്റം പുതുതായി കൊണ്ടുവന്നിട്ടുണ്ട്. ഭൂമിയുടെ രജിസ്‌ട്രേഷൻ, കോടതി ഫീസുകൾ തുടങ്ങിയവയാണ് മറ്റു ചില നിർദേശങ്ങൾ.
നദികളിൽ നിന്നുള്ള മണൽവാരി വിറ്റ് 200 കോടി കണ്ടെത്താൻ ബജറ്റ് ലക്ഷ്യമിടുന്നു. മറ്റൊരു 200 കോടി, സർക്കാർ ഒാഫിസുകളിലെ ഉപയോഗശൂന്യമായ ഓഫിസ് വസ്തുക്കൾ, വാഹനങ്ങൾ, മരസാമാനങ്ങൾ എന്നിവയുടെ വിൽപനയിലൂടെ കണ്ടെത്താനാണ് ലക്ഷ്യമിടുന്നത്. രണ്ടും നല്ല നിർദേശങ്ങളാണ്. അവയൊന്നും വലിയ എതിർപ്പുകൾ സൃഷ്ടിക്കാനിടയില്ല. ഇതിനർഥം വിഭവസമാഹരണത്തിനുള്ള അവസരങ്ങൾ ഒന്നുമില്ലെന്നല്ല. ഉദാഹരണമായി ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലെ ഫീസുകളെടുക്കാം. ഈ രണ്ടുമേഖലയിലുംകൂടി 2022-23 ലെ പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം കേരളത്തിന്റെ റവന്യൂ ചെലവ് 48902 കോടി രൂപയാണ്.
ഫീസുകളും മറ്റ് വിവിധ ചുമത്തലുകളുമായി സമാഹരിക്കുന്നതാകട്ടെ വെറും 795. 38 കോടി. എന്നുപറഞ്ഞാൽ 1.63%. 1972-73 ൽ ഇത് 5.55% ആയിരുന്നു. അന്നത്തെ നിരക്കിൽ ഇന്ന് ഫീസുകൾ ചുമത്തിയിരുന്നുവെങ്കിൽ 2714.06 കോടി സമാഹരിക്കാമായിരുന്നു. നമ്മുടെ അയൽ സംസ്ഥാനമായ തമിഴ്‌നാട് 4.41% ആണ് ഫീസുകൾ ചുമത്തുന്നത്. ഹരിയാനയിൽ 6.61%.
മധ്യവർഗത്തെയും സമ്പന്നരെയും തൊടാൻ നമ്മുടെ വിപ്ലവ പാർട്ടിക്കുപോലും പേടിയാണ്. പാവപ്പെട്ടവരെയും പുറമ്പോക്കിൽ കിടക്കുന്നവരെയും ബാധിക്കാത്തവിധം ഇത് ചെയ്യാവുന്നതേയുള്ളൂ. ധനികരും മധ്യവർഗവും യഥാക്രമം മുഴുവൻ ഫീസും 75% ഫീസും ഒടുക്കട്ടെ. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരെ ഒഴിവാക്കാം. ഇതൊന്നും അസാധ്യമായ കാര്യമല്ല എന്നർഥം.
വിപണി ഇന്ന് ഏറെക്കുറെ മരവിപ്പിലാണ്. എവിടെ നോക്കിയാലും അടഞ്ഞുകിടക്കുന്ന കടകൾ കാണാം. സാധാരണക്കാരിൽ സാമ്പത്തികശേഷി കുറഞ്ഞിരിക്കുന്നു. ഇവിടെ പരിഹാരമാർഗം ക്ഷേമപെൻഷനുകൾ വർധിപ്പിക്കുകയായിരുന്നു. യഥാർഥത്തിൽ 2021ൽ 1600 രൂപയായി വർധിപ്പിച്ച ക്ഷേമപെൻഷന്റെ ഇന്നത്തെ മൂല്യം 1360 രൂപയാണ്. അത് പരിഹരിക്കാൻ 1900 രൂപയാക്കണം.
പക്ഷേ 100 രൂപപോലും വർധിപ്പിക്കാൻ ധനമന്ത്രിക്കായില്ല. അതേസമയം, സർക്കാർ ഉദ്യോഗസ്ഥരും പെൻഷൻകാരും ശക്തമായ വോട്ടുബാങ്കാണ്. അവരെ അവഗണിച്ചാൽ വിവരം അറിയും. അതുകൊണ്ടുതന്നെ ഒരു ഗഡു ക്ഷാമബത്ത പ്രതീക്ഷിച്ചതാണ്. നമ്മുടെ സമൂഹത്തിന്റെ മുൻഗണനാക്രമങ്ങൾ ഇങ്ങനെയൊക്കെയാണ്. എന്തുചെയ്യും!
ബജറ്റിൽ പ്രഖ്യാപനങ്ങളുടെ മലവെള്ളപ്പാച്ചിലുണ്ട്. പക്ഷേ ഇക്കാലത്ത് ഇത്തരം പ്രഖ്യാപനങ്ങളിൽ ഒന്നും ജനങ്ങൾ വീഴുകയില്ല. അവർക്കറിയാം ഇവയിൽ മിക്കവയും കടലാസിൽ അവസാനിക്കുമെന്ന്. എങ്കിലും ചില ശ്രദ്ധേയ പ്രഖ്യാപനങ്ങൾ എടുത്തുപറയാം. പട്ടികജാതി-പട്ടികവർഗ പഠിതാക്കളിൽ സംരംഭകത്വവും സ്റ്റാർട്ടപ്പ് നൈപുണിയും വളർത്താനുള്ള നിർദേശം ശ്രദ്ധേയമാണ്.
മറ്റൊന്ന് സ്വകാര്യ സർവകലാശാലകളെ ആകർഷിക്കുമെന്നതാണ്. സ്വകാര്യ മേഖലയോടുള്ള മനോഭാവത്തിലെ മാറ്റം ബജറ്റിൽ ദർശിക്കാം. സ്വകാര്യ മേഖലയിൽ വ്യവസായ പാർക്കുകൾ, ചൈനീസ് മോഡൽ പ്രത്യേക സാമ്പത്തിക മേഖലകൾ എന്നിവ എടുത്തു പറയേണ്ടവയാണ്.
ബജറ്റ് വലിയ ശുഭപ്രതീക്ഷ നൽകുന്നതല്ല. പക്ഷേ അതിന്റെ കുറ്റം പാവം ധനമന്ത്രിയിൽ ചുമത്താനുമാവില്ല. ഓരോ ജനത്തിനും അവർ അർഹിക്കുന്ന ധനമന്ത്രിയെയും ധനകാര്യത്തെയും ലഭിക്കുമെന്നു കരുതാനേ വഴിയുള്ളൂ.
(ലേഖകൻ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്
ഫിനാൻസ് ആന്റ് ടാക്‌സേഷനിലെ
ഫാക്കൽറ്റിയംഗമാണ്)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."