പി.എസ്.സി പരീക്ഷയ്ക്കിടെ ആള്‍മാറാട്ടം; കേസില്‍ വഴിത്തിരിവ്, പരീക്ഷക്കെത്തിയത് സഹോദരനെന്ന് സംശയം
പി.എസ്.സി പരീക്ഷയ്ക്കിടെ ആള്‍മാറാട്ടം
തിരുവനന്തപുരം: പിഎസ് സി പരീക്ഷയ്ക്കിടെ ആള്‍മാറാട്ടം നടത്തിയ സംഭവത്തില്‍ പ്രതിയെ തിരച്ചറിഞ്ഞു. മുഖ്യപ്രതിയായ അമല്‍ജിത്തിന് വേണ്ടി ആള്‍മാറാട്ടം നടത്തിയത് സഹോദരന് അഖില്‍ ജിത്താണെന്നാണ് പൊലിസിന്റെ സംശയം. നേമം സ്വദേശികളായ രണ്ടുപേരും ഒളിവിലാണ്. അമല്‍ജിത്ത് തന്നെയാണ് പരീക്ഷയെഴുതാനെത്തിയതെന്നും വയറു വേദനയായതിനാലാണ് പരീക്ഷാഹാളില്‍ നിന്ന് പുറത്തു പോയതെന്നുമാണ് വീട്ടുകാര്‍ പൊലിസിനോട് പറയുന്നത്.
ബുധനാഴ്ചയാണ് പൂജപ്പുര ചിന്നമ്മ മെമ്മോറിയല്‍ ഗേള്‍സ് ഹൈസ്കൂളില്‍ പി.എസ്.സി പരീക്ഷയ്ക്കിടെ ആള്‍മാറാട്ടശ്രമം നടന്നത്. രാവിലെ 7.45 മുതല്‍ ആരംഭിച്ച യൂണിവേഴ്സിറ്റി ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ്സ് പരീക്ഷയ്ക്കിടെയാണ് ഉദ്യോഗാര്‍ത്ഥി പരീക്ഷാ ഹാളില്‍ നിന്ന് ഓടിപ്പോയത്. ആള്‍മാറാട്ടം നടത്തിയ ആള് രക്ഷപ്പെട്ട ബൈക്കിനെ പിന്തുടര്ന്നും അന്വേഷണം നടത്തുന്നുണ്ട്. എന്നാല്‍ ബൈക്കില്‍ രക്ഷപ്പെടുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ വ്യക്തമല്ല.
പൂജപ്പുരയില്‍ നിന്ന് തിരുമല ഭാഗത്തേയ്ക്കാണ് രക്ഷപ്പെട്ടത്. അമല്‍ജിത്താണ് ബൈക്കില്‍ കാത്തുനിന്നതെന്നാണ് പൊലീസ് കരുതുന്നത്. ഈ ഭാഗത്തെ കൂടുതല്‍ സി.സി.ടി.വി. ദൃശ്യങ്ങള്‍ ശേഖരിക്കുന്നുണ്ട്. പാങ്ങോട് സൈനികകേന്ദ്രത്തിലെ സി.സി.ടി.വി. ദൃശ്യങ്ങളും പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. ഇവര്‍ തമിഴ്നാട്ടിലേക്ക് കടന്നെന്ന നിഗമനത്തില്‍ അന്വേഷണം കൂടുതല്‍ വ്യാപിപ്പിച്ചിട്ടുണ്ട്. പൂജപ്പുര സി ഐയുടെ നേതൃത്വത്തില്‍ ഷാഡോ ടീം ഉള്‍പ്പടെ അന്വേഷണത്തിനുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."