കാടിറങ്ങുന്ന ഭീതി, വന്യജീവി ആക്രമണത്തില്‍ ഒരു വര്‍ഷത്തിനിടെ വയനാട്ടില്‍ മാത്രം പൊലിഞ്ഞത് എട്ട് മനുഷ്യജീവനുകള്‍
കാടിറങ്ങുന്ന ഭീതി
വന്യജീവി ആക്രമണത്തില്‍ പരുക്കേറ്റതോ മരണപ്പെട്ടതോ ആയ വാര്‍ത്തകളുടെ എണ്ണം കൂടിക്കൂടി വരികയാണ്. കാട്ടാനയുടെ ആക്രമണത്തില്‍ ഇന്നലെ അജീഷ് മരിച്ചതാണ് ഏറ്റവും ഒടുവിലത്തെ വാര്‍ത്ത. വയനാട്ടില്‍ ഇങ്ങനെയുള്ള വാര്‍ത്തകള്‍ തുടര്‍ക്കഥയാവുകയാണ്.
ഒരുവര്‍ഷത്തിനിടെ വയനാട്ടില്‍ കാട്ടാനയുടെയും കടുവയുടെയും ആക്രമണത്തില്‍ കൊല്ലപ്പെടുന്ന എട്ടാമത്തെയാളാണ് അജീഷ്. വീടിന് മുന്‍പില്‍ നിന്നോ കൃഷിയിടങ്ങളില്‍ നിന്നൊക്കെയോ ആണ് ആക്രമിക്കപ്പെടുന്നത്.
കാട്ടാനയുടെ ആക്രമണത്തില്‍ ആറുപേരും കടുവയുടെ ആക്രമണത്തില്‍ രണ്ടുപേരും ഒരു വര്‍ഷത്തിനുള്ളില്‍ കൊല്ലപ്പെട്ടിട്ടും അധികൃതര്‍ നിസ്സംഗത തുടരുകയാണ്.
കഴിഞ്ഞ 8 വര്‍ഷത്തിനിടെ സംസ്ഥാനത്ത് വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 909 പേരാണ്. ആക്രമണത്തില്‍ 7492 പേര്‍ക്ക് പരുക്കേറ്റു.68 കോടി രൂപയുടെ കൃഷിനാശം ഉണ്ടായി. കഴിഞ്ഞവര്‍ഷം മാത്രം 85 പേര്‍ വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടു. 817 പേര്‍ക്ക് പരുക്കേറ്റു. സര്‍ക്കാര്‍ നിയമസഭയില്‍ നല്‍കിയ മറുപടിയിലാണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്.
വയനാട്ടില്‍ ആനകള്‍ കൂട്ടത്തോടെ കാടിറങ്ങുന്നതും കൃഷി നശിപ്പിക്കുന്നതും, അപൂര്‍വം അവസരങ്ങളില്‍ യാത്രാവാഹനങ്ങളെ ആക്രമിക്കുന്നതുമൊക്കെ പതിവാണ്. ആനകളുടെ ഇത്തരം പരാക്രമങ്ങളെ മറ്റിടങ്ങളിലുള്ളവര്‍ കൗതുകവാര്‍ത്തകളായി കാണുന്ന രീതിയുമുണ്ട്.
ശരാശരി580 കിലോമീറ്റര്‍ നീളവും 121 കിലോമീറ്റർവരെ വീതിയുമുള്ള കേരളത്തിന്റെ 29.1 ശതമാനം സ്ഥലവും വനപ്രദേശമാണ്. വനാതിര്‍ത്തിയില്‍ വരുന്ന 120 ഗ്രാമങ്ങളിലായി 30 ലക്ഷത്തിലധികം ആളുകളാണ് ഇന്ന് വന്യജീവികളെ ഭയന്ന് കഴിഞ്ഞ്കൂടുന്നത്.
അതേസമയം ജനങ്ങളുടെ ആഗ്രഹത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തില്‍ ഭേദഗതി വേണമെന്നും. ഇന്നത്തെ നിയമം വച്ച് ജനങ്ങളുടെ ആഗ്രഹത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കാനാവില്ലെന്നുമാണ് സര്‍ക്കാര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."