മെഡല്‍ സ്വപ്നം കണ്ട് ഇന്ത്യ സിന്ധു സെമിയില്‍
റിയോ ഡി ജനീറോ: വനിതാ ബാഡ്മിന്റണില്‍ ചരിത്രം തീര്‍ത്ത് പി.വി സിന്ധു സെമി ഫൈനലില്‍ കടന്നു. ലണ്ടന്‍ ഒളിംപിക്‌സിലെ വെള്ളി മെഡല്‍ ജേതാവും ലോക രണ്ടാം നമ്പര്‍ താരവുമായ ചൈനയുടെ വാങ് യിഹാനെ അട്ടിമറിച്ചാണ് സിന്ധു സെമി പ്രവേശം അവിസ്മരണീയമാക്കിയത്. സ്‌കോര്‍ 22-20, 21-19. സൈന നേഹ്‌വാളിന് ശേഷം ഒളിംപിക്‌സിന്റെ സെമിയിലെത്തുന്ന ഇന്ത്യന്‍ താരമാണ് സിന്ധു. ആവേശപ്പോരാട്ടത്തില്‍ ആദ്യ സെറ്റില്‍ പിന്നില്‍ നിന്ന ശേഷമാണ് സിന്ധു മത്സരം സ്വന്തമാക്കിയത്. ഇന്നു വൈകിട്ട് 5.50നാണ് സെമി പോരാട്ടം. ജപ്പാന്റെ നോസോമി ഒകുഹാരയാണ് സിന്ധുവിന് എതിരാളി.
നേരത്തെ ആറു തവണ ഏറ്റുമുട്ടിയപ്പോള്‍ രണ്ടു തവണ മാത്രമാണ് യിഹാനെതിരേ സിന്ധുവിന് ജയിക്കാന്‍ സാധിച്ചത്. മത്സരത്തിനിറങ്ങും മുന്‍പ് ആധിപത്യം എല്ലാവരും യിഹാനായിരുന്നു സാധ്യത നല്‍കിയത്. പ്രവചനങ്ങളെ ശരിവയ്ക്കുന്ന രീതിയിലായിരുന്നു മത്സരത്തിന്റെ തുടക്കം. മികച്ച സ്മാഷുകളും റിട്ടേണുകളുമായി കളം നിറഞ്ഞു കളിച്ച യിഹാനെതിരേ താളം കണ്ടെത്താന്‍ സിന്ധു പാടുപെട്ടു. 3-0ത്തിന്റെ ലീഡെടുത്ത യിഹാന്‍ അനായാസം സെറ്റ് സ്വന്തമാക്കുമെന്ന് കരുതിയെങ്കിലും സിന്ധു തിരിച്ചു വന്നു. 5-5ന് സ്‌കോര്‍ തുല്യമാക്കി. ഇതോടെ സമ്മര്‍ദത്തിലായ യിഹാനെതിരേ തുടര്‍ച്ചയായ പോയിന്റുകള്‍ നേടി 11-8ന്റെ ലീഡ് സ്വന്തമാക്കാന്‍ സിന്ധുവിന് സാധിച്ചു. നിരവധി പിഴവുകളാണ് യിഹാന്‍ മത്സരത്തില്‍ വരുത്തിയത്. ഇതോടെ സിന്ധു അനായാസം സെറ്റ് നേടുകയായിരുന്നു.
രണ്ടാം സെറ്റിന്റെ തുടക്കത്തില്‍ തന്നെ സിന്ധു ആധിപത്യം നേടി. 8-3ന് ലീഡെടുത്ത സിന്ധു മത്സരം അനായാസം നേടുമെന്ന് കരുതി. എന്നാല്‍ സിന്ധുവിന്റെ അനാവശ്യ പിഴവുകള്‍ ചൈനീസ് താരത്തിന് തിരിച്ചുവരവിന് അവസരമൊരുക്കി. സ്‌കോര്‍ 11-8ലെത്തിക്കാന്‍ യിഹാന് സാധിച്ചു. അവസാന ഘട്ടത്തില്‍ നിരന്തരം പിഴവ് വരുത്തിയ സിന്ധുവിനെതിരേ സ്‌കോര്‍ 19-19ന് തുല്യതയില്ലെത്തിക്കാന്‍ യിഹാനു കഴിഞ്ഞെങ്കിലും അടുത്ത രണ്ടു പോയിന്റുകള്‍ നേടി സിന്ധു മത്സരം സ്വന്തമാക്കുകയായിരുന്നു.
പ്രതീക്ഷിച്ച ഇനങ്ങളിലെല്ലാം മെഡലില്ലാതെ നില്‍ക്കുന്ന ഇന്ത്യക്ക് സിന്ധുവിന്റെ സെമി പ്രവേശം പ്രത്യാശ സമ്മാനിക്കുന്നു. സെമിയില്‍ ജയിച്ചാല്‍ സിന്ധുവിനു ഒരു മെഡല്‍ ഉറപ്പിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."