മുസ്തഫ മുള്ളികോട്ടിന് എന്‍ആര്‍ഐ ചേംബര്‍ പുരസ്‌കാരം
ദുബൈ: നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ എന്‍ആര്‍ഐ ചേംബര്‍ പുരസ്‌കാരം നേടുന്ന ഗള്‍ഫിലെ ആദ്യ മലയാളി വ്യവസായിയായി അലൂമിനിയം നിര്‍മാണ രംഗത്തെ ദുബൈയിലെ ഏറ്റവും പ്രശസ്ത ഗ്രൂപ്പായ സിറാജ് ഇന്റര്‍നാഷണല്‍ അലൂമിനിയം എംഡി മുസ്തഫ മുള്ളിക്കോട്ട്. കണ്ണൂര്‍ നോര്‍ത്ത് മലബാര്‍ ചേംബര്‍ ആസ്ഥാനത്ത് നടന്ന പ്രൗഢ ഗംഭീര ചടങ്ങില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശനില്‍ നിന്നും അദ്ദേഹം പുരസ്‌കാരം ഏറ്റുവാങ്ങി. കണ്ണൂര്‍ ബര്‍ണശ്ശേരി സദേശിയായ മുസ്തഫ മുള്ളിക്കോട്ട് വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളില്‍ കണ്ണൂരിലും യുഎഇയിലും നിറസാന്നിധ്യമാണ്.
മുസ്തഫ മുള്ളിക്കോട്ടിന്റെ ഉടമസ്ഥതയിലുള്ള കണ്ണൂര്‍ പരിയാരം എംഎം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് സ്ഥിതിചെയ്യുന്ന എംഎം നോളജ് വില്ലേജ് വടക്കന്‍ മലബാറിലെ സ്വകാര്യ മേഖലയിലുള്ള ഏറ്റവും വലിയ വിദ്യാഭ്യാസ സമുച്ചയമാണ്. യുഎഇയിലെ മികച്ച സാമൂഹിക പ്രതിബദ്ധതയുള്ള സംരംഭകനുള്ള പുരസ്‌കാരം കേരള മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്നും നേരത്തെ ദുബൈയില്‍ നടന്ന ചടങ്ങില്‍ മുസ്തഫ മുള്ളിക്കോട്ട് ഏറ്റുവാങ്ങിയിരുന്നു. ഗള്‍ഫില്‍ വ്യവസായ രംഗത്ത് 40 വര്‍ഷത്തിലേറെയായി വ്യക്തിമുദ്ര പതിപ്പിച്ച മുസ്തഫ മുള്ളികോട്ടിന് മുന്‍പും നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിരുന്നു. മൂന്ന് പതിറ്റാണ്ടിലേറെയായി ദുബൈയിലെ അംബര ചുംബികളായ അത്യാഡംബര കെട്ടിടങ്ങള്‍ക്ക് രൂപവും ഭാവവും നിരണയിക്കുന്ന അലൂമിനിയം ഫസാദ് നിര്‍മാണ രംഗത്തും അതിസങ്കീര്‍ണമായ രാജ്യത്തെ വമ്പന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും ബഹുരാഷ്ട്ര കമ്പനികളുടെ കൂറ്റന്‍ കെട്ടിട രൂപകല്‍പനയിലും നിര്‍മാണത്തിലും സിറാജ് ഗ്രൂപ്പിന്റെ എഞ്ചിനീയറിംഗ് വൈദഗ്ധ്യവും നൈപുണ്യവും ഏറെ പ്രശസ്തമാണ്. മുസ്തഫ മുള്ളിക്കോട്ടിന്റെ സാരഥ്യത്തില്‍ സിറാജ് ഗ്രൂപ് മിഡില്‍ ഈസ്റ്റില്‍ അതിവേഗം വളരുന്ന കമ്പനികളിലൊന്നായി ഇതിനോടകം മാറിക്കഴിഞ്ഞു.
കണ്ണൂര്‍ കേന്ദ്രമായ ജീവകാരുണ്യ രംഗത്തെ 'തണല്‍ വീട്' യുഎഇ ചാപ്റ്റര്‍, വിദ്യാഭാസ രംഗത്തെ കണ്ണൂര്‍ കണ്ണാടിപറമ്പിലുള്ള ദാറുല്‍ ഹസനാത്ത് വിദ്യാഭാസ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവ സാന്നിധ്യമാണ് മുസ്തഫ മുള്ളിക്കോട്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."