പാണക്കാട് ഖാസി ഫൗണ്ടേഷൻ അനിവാര്യതയും കർമപദ്ധതിയും പാണക്കാട് ഖാസി ഫൗണ്ടേഷൻ
പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ
സൃഷ്ടിപരവും സക്രിയവുമായ ആലോചനകളുടെ പരിണതഫലമാണ് പാണക്കാട് ഖാസി ഫൗണ്ടേഷൻ. പാണക്കാട് കുടുംബാംഗങ്ങൾ ഖാസിമാരായ മഹല്ലുകളുടെ കൂട്ടായ്മ രൂപവത്കരിക്കുക എന്നത് ഒരു ചിരകാല സ്വപ്നമായിരുന്നു. സയ്യിദ് ഹൈദർ അലി ശിഹാബ് തങ്ങളുടെ വിയോഗത്ത തുടർന്നാണ് പല മഹല്ലുകളുടെയും ഖാസി പദവി ഏറ്റെടുക്കേണ്ടിവന്നത്. ഖാസിയുടെ ചുമതലകൾ നീതിയുക്തവും കാര്യക്ഷമവുമായി നിർവഹിക്കാൻ പര്യാപ്തമായ കേന്ദ്രത്തെക്കുറിച്ച് അന്നേ ആലോചിച്ചതാണ്. സയ്യിദ് ജിഫ് രി മുത്തുക്കോയ തങ്ങൾ ഖാസിയായ മഹല്ലുകൾ കോർത്തിണക്കി വ്യവസ്ഥാപിത സംവിധാനം കാഞ്ഞങ്ങാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുണ്ട്. ശൈഖുൽ ജാമിഅ ആലിക്കുട്ടി മുസ് ലിയാർ ഖാസിയായ മഹല്ലുകളെ ഏകീകരിപ്പിക്കുന്ന കാസർകോട് ഖാസി ഹൗസിന്റെ പ്രവർത്തനങ്ങളും അനുകരണീയമാണ്. അത്തരം മാതൃകകളാണ് പാണക്കാട് ഖാസി ഫൗണ്ടേഷന്റെ ഊർജവും പ്രചോദനവും.
പിതാവ് പി.എം.എസ്.എ പൂക്കോയ തങ്ങളാണ് പാണക്കാട് കുടുംബത്തിൽനിന്ന് ആദ്യമായി വിവിധ മഹല്ലുകളിൽ ഖാസിസ്ഥാനത്ത് അവരോധിതമാകുന്നത്. മലബാറിന്റെ വിവിധ പ്രദേശങ്ങളും നീലഗിരിയും ഉൾപ്പെടെ എൺപത് മഹല്ലുകളുടെ ഖാസിസ്ഥാനം പിതാവ് വഹിച്ചിരുന്നു. അവരുടെ വിയോഗശേഷം സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങളും സയ്യിദ് ഉമർ അലി ശിഹാബ് തങ്ങളും സയ്യിദ് ഹൈദർ അലി ശിഹാബ് തങ്ങളും അനേകം മഹല്ലുകളെ ഖാസിമാർ എന്ന നിലയിൽ പ്രതിനിധീകരിച്ചു. ആ പാരമ്പര്യത്തുടർച്ചയുടെ ഭാഗമായാണ് നിലവിൽ പാണക്കാട് കുടുംബത്തിലെ പലരും വിവിധ മഹല്ലുകളിൽ ഖാസിസ്ഥാനം വഹിക്കുന്നത്.
മസ്ജിദുന്നബവി കേന്ദ്രമായി നബി(സ്വ) രൂപകൽപന ചെയ്ത സാമൂഹികക്രമമാണ് കേരളത്തിലെ മഹല്ല് സംവിധാനങ്ങളുടെ പൂർവമാതൃക. ഹിജ്റയെത്തുടർന്ന് നബി(സ്വ) മുൻകൈയെടുത്ത് രണ്ട് മസ്ജിദുകൾ സ്ഥാപിച്ചു. രണ്ടാമത് നിർമിച്ച മസ്ജിദുന്നബവിയായിരുന്നു മദീനയെന്ന ദേശരാഷ്ട്രത്തിന്റെ ആസ്ഥാന മന്ദിരം. ഇസ് ലാമിക സമൂഹത്താൽ രൂപീകൃതമാകുന്ന കൂട്ടായ്മകളുടെ പൊതുസ്വാഭാവം മദീനയിലൂടെ നബി(സ്വ) പകർന്നുതന്നിട്ടുണ്ട്. ഇന്ത്യൻ സാഹചര്യത്തിൽ ഭാഗികമായെങ്കിലും മദീനാ മാതൃക കേരളത്തിൽ അവതരിപ്പിക്കാനും നിലനിർത്താനും നമുക്ക് സാധിച്ചിട്ടുണ്ട്. ജുമുഅത്ത് പള്ളി കേന്ദ്രീകരിച്ച് നിലനിൽക്കുന്ന മഹല്ല് സംവിധാനത്തിലൂടെയാണ് നാമത് നിലനിർത്തിപ്പോരുന്നത്.
ബഹുസ്വര സമൂഹത്തിൽ ഇസ്‌ലാമിക പ്രബോധന സാധ്യതകൾ പ്രയോജനകരമാവാൻ ചില മുൻഗണനാക്രമങ്ങൾ നബി(സ്വ) സ്വീകരിച്ചിരുന്നു. സൗഹൃദവും സമാധാനപൂർണവുമായ സാമൂഹിക അന്തരീക്ഷമാണ് അതിൽ പ്രധാനം. നൂറ്റിഇരുപത് വർഷത്തോളം നീണ്ടുനിന്ന ഔസ്-_ഖസ്റജ് ഗോത്രങ്ങൾക്കിടയിലെ കുടിപ്പക നബി(സ്വ) രമ്യമായി പരിഹരിച്ചു. മക്ക-_മദീന എന്ന ഇരുദേശങ്ങളിലെ വ്യത്യസ്തമായ സാംസ്കാരിക വൈവിധ്യങ്ങളിൽ ജീവിച്ച മുഹാജിർ _അൻസ്വാറുകൾക്കിടയിൽ ഇഴപിരിയാത്ത സ്നേഹബന്ധം സ്ഥാപിച്ചു. ഇസ് ലാമിക സംസ്കൃതിയോട് മൗലികമായ വിയോജിപ്പുകൾ നിലനിർത്തിയ ജൂത ഗോത്രങ്ങളുമായി സുദൃഢ സാമൂഹികബന്ധം നിലനിർത്തി. കാലാന്തരത്തിൽ ഈ വ്യവസ്ഥ ദുർബലമാകാതിരിക്കാൻ ഒരു പ്രമാണപത്രവും നബി(സ്വ) തയാറാക്കി. അതാണ് ചരിത്രപ്രസിദ്ധമായ മദീന ചാർട്ടർ. നമ്മുടെ മഹല്ല് സംവിധാനങ്ങളിൽ നിലനിൽക്കുന്ന സാമൂഹിക ഐക്യത്തിനും സാമുദായിക ഒരുമയ്ക്കും മദീനയുമായി ചില സമാനതകളുണ്ട്. അഹ് ലുസ്സുന്നത്തിവൽ ജമാഅത്തിന്റെ നിലപാടുകളിൽ ഉറച്ചുനിന്നുള്ള മുസ് ലിം ഐക്യമാണ് കാലങ്ങളായി മഹല്ലുകളിൽ നിലനിൽക്കുന്നത്. അത് തുടർന്നുപോകുകയും വേണം.
നൂറ്റാണ്ടുകളുടെ പഴമയും പാരമ്പര്യവുമുണ്ട് കേരളത്തിലെ മഹല്ല് സംവിധാനത്തിന്. ആദ്യ പ്രബോധകരായ മാലിക് ദീനാറും സംഘവും തീരദേശങ്ങളിലാണ് അധിവസിച്ചത്. അവിടങ്ങളിലെല്ലാം പള്ളികൾ സ്ഥാപിച്ചു. ആ പള്ളികൾ ആസ്ഥാനമാക്കിയാണ് ഇസ് ലാമിക പ്രചാരണ പ്രവർത്തനങ്ങൾ നിർവഹിക്കപ്പെട്ടത്. കാലക്രമത്തിൽ വിശ്വാസിസമൂഹത്തിന്റെ വളർച്ചയും വികാസവുമെല്ലാം അതത് പ്രദേശങ്ങളിലെ മസ്ജിദുകളെ ആശ്രയിച്ചും അവലംബിച്ചുമായിരുന്നു. വിശ്വാസികളുടെ പള്ളിയും പള്ളിക്കൂടവും പഞ്ചായത്തും പാർലമെന്റും നീതിന്യായ മന്ദിരവുമെല്ലാം മസ്ജിദായിരുന്ന ഒരുകാലം ഇവിടെ കടന്നുപോയിട്ടുണ്ട്. ആ മസ്ജിദിലെ ഖാസിയും കാരണവന്മാരുമാണ് മുസ് ലിം ജീവിതത്തിന്റെ ചലനത്തെ നിർണയിച്ചിരുന്നത്. മാപ്പിളമാരുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഖാസിമാരുടെ തീർപ്പിന് കാത്തിരുന്നു കോഴിക്കോട്ടെ സാമൂതിരി എന്നതാണ് ചരിത്രം.
മലബാർ കലാപാനന്തരമാണ് കേരള മുസ് ലിംകളിൽ നവീന ചിന്തകൾക്കും സ്വരഭേദങ്ങൾക്കും തുടക്കമായത്. ഉമ്മത്തിനെ പാരമ്പര്യവഴിയിൽ ഉറപ്പിച്ചുനിർത്താൻ സമസ്ത കേരള ജംഇയതുൽ ഉലമ നിലവിൽവന്ന പശ്ചാത്തലം ഇതാണ്. സമസ്തയുടെ വളർച്ചയെ ത്വരിതപ്പെടുത്തിയത് ചിട്ടയാർന്ന മഹല്ല് സംവിധാനങ്ങളുടെ സാന്നിധ്യമാണ്. കാലത്തിന്റെ ചുവരെഴുത്തുകൾക്കനുസൃതം അജൻഡകൾ നവീകരിച്ചാണ് സമസ്ത വളർന്നതും വികസിച്ചതും.
ഇന്ന് കാണുംവിധം ശാസ്ത്രീയവും വ്യവസ്ഥാപിതവുമായ മഹല്ല് സംവിധാനങ്ങൾ സമസ്തയുടെ സക്രിയ ഇടപെടലിന്റെകൂടി ഫലമാണ്. മത-_സാമൂഹിക-_സാംസ്കാരിക രംഗങ്ങളിൽ നമ്മൾ സൃഷ്ടിച്ച കേരള മോഡൽ, മഹല്ലുകൾ കേന്ദ്രീകരിച്ച് സമസ്ത നടത്തിയ നവോത്ഥാന പ്രവർത്തനങ്ങൾ കൊണ്ടുണ്ടായതാണ്. നിലവിലെ സാഹചര്യത്തിൽ മുസ് ലിം ഉമ്മത്ത് നേരിടുന്നത് അനേകം പ്രശ്നങ്ങളാണ്. അതിനെയെല്ലാം അതിജീവിച്ച് മുന്നോട്ട് പോകണം. നിലവിലെ സംവിധാനങ്ങൾക്ക് കരുത്തുപകരുന്ന പുതിയ ആലോചനകളും അജൻഡകളും ഉണ്ടാവണം. അതിന്റെ ഭാഗമായാണ് പാണക്കാട് ഖാസി ഫൗണ്ടേഷൻ എന്ന ചിന്ത. വ്യവസ്ഥാപിതവും യുക്തിഭദ്രവുമായ ലക്ഷ്യങ്ങളാണ് ഖാസി ഫൗണ്ടേഷൻ മുന്നോട്ടുവയ്ക്കുന്നത്.
1) പാണക്കാട് കുടുംബാംഗങ്ങൾ ഖാസിമാരായ മഹല്ലുകളുടെ ഏകോപനം. ഖാസിയുടെ ചുമതലകൾ കാര്യക്ഷമമായി നിർവഹിക്കാൻ ഇത്തരം ഏകോപനം നിലവിലെ സാഹചര്യത്തിൽ അനിവാര്യമാണ്. മഹല്ലുകളിലെ ദീനീ ചലനങ്ങളിൽ ഖാസിയുടെ പങ്കാളിത്തം ഉറപ്പുവരുത്താൻ വ്യവസ്ഥാപിതമായ ഒരു സംവിധാനത്തിലൂടെ മാത്രമേ സാധ്യമാകൂ. ഖാസിയുടെ ഇടപെടൽ അനിവാര്യമായ പ്രശ്നങ്ങൾ നാൾക്കുനാൾ വർധിച്ചുവരുന്ന സ്ഥിതി ഓരോ മഹല്ലിലുമുണ്ട്. പല പ്രശ്നങ്ങളും നിയമവ്യവഹാരങ്ങളിലേക്ക് വലിച്ചിഴക്കപ്പെടുന്നു. പണനഷ്ടവും സമയനഷ്ടവുമല്ലാതെ, സ്ഥായിയായ പരിഹാരം അതുവഴി പലപ്പോഴും ഉണ്ടാവാറില്ല. ഖാസിയുടെയും മഹല്ല് ഭരണസമിതിയുടെയും നേതൃത്വത്തിൽ നീതിയുക്ത ഒത്തുതീർപ്പുണ്ടാക്കാൻ ഖാസി ഫൗണ്ടേഷനിലൂടെ സാധ്യമാകും. അതിലൂടെ സാമൂഹിക ഭദ്രതയുള്ള മഹല്ലുകളാണ് സൃഷ്ടിക്കപ്പെടുക.
2) ഖാസി ഫൗണ്ടേഷന്റെ പരമപ്രധാന ലക്ഷ്യമാണ് ഖാസി ഭവൻ നിർമിക്കുകയെന്നത്. ബൈഅത്ത് ചെയ്ത മഹല്ലുകളുടെ സമ്പൂർണ സ്ഥിതിവിവരം ശാസ്ത്രീയമായി ശേഖരിച്ച് സൂക്ഷിക്കാനുള്ള അത്യാധുനിക സൗകര്യങ്ങൾ അവിടെയുണ്ടാകും. മഹല്ലുകളുമായി ഖാസിക്ക് ഔദ്യോഗികവും സുതാര്യവുമായ ആശയവിനിമയം നടത്താൻ അതുവഴി സാധിക്കും. മതപരമായ ആവശ്യങ്ങൾക്ക് ഖാസിയെ സമീപിക്കുന്നവർക്ക് സമയബന്ധിതമായി കാര്യങ്ങൾ പൂർത്തീകരിക്കാനും കഴിയും.
3) മഹല്ലുകളിലെ ഐക്യം നിലനിർത്തുക എന്നതാണ് മറ്റൊരു ലക്ഷ്യം. പ്രവാചകകാലത്തുതന്നെ ഇസ്‌ലാം കടന്ന് വന്ന മുസ് ലിം കൈരളിയുടെ വിശ്വാസ, ആചാര, അനുഷ്ഠാനരംഗത്തെ പൈതൃകവും സൽസരണിയും പൂർണാർഥത്തിൽ പിന്തുടരുകയും സമസ്ത കേരള ജംഇയതുൽ ഉലമയുടെ ആശയാദർശങ്ങളിൽ കടുകിട വ്യതിചലിക്കാതെ മുസ് ലിം ഉമ്മത്തിന്റെ ഒരുമ ഉറപ്പുവരുത്തുകയും ചെയ്യുക ഇന്ത്യൻ സാഹചര്യത്തിൽ വളരെ പ്രധാനമാണ്. സാമൂഹികമായും രാഷ്ട്രീയമായും പല വെല്ലുവിളികളും ഇന്ത്യൻ മുസ്‌ലിംകൾ അഭിമുഖീകരിക്കുന്നുണ്ട്. ഏക സിൽകോഡ്, പൗരത്വ നിയമം, പള്ളികൾക്കും ദർഗകൾക്കും നേരെയുള്ള സംഘ്പരിവാർ കൈയേറ്റങ്ങൾ _ഇതെല്ലാം ഒരുമയോടെനിന്ന് അതിജീവിക്കേണ്ട പല പ്രശ്നങ്ങളിൽ ചിലതാണ്. നിയമപോരാട്ടമാണെങ്കിലും രാഷ്ട്രീയ ചെറുത്തുനിൽപ്പാണെങ്കിലും ഐക്യമില്ലെങ്കിൽ വിജയം അസാധ്യമായിരിക്കും.
4) സമൂഹത്തിലെ ആബാലവൃദ്ധം ജനങ്ങളെ ഗ്രസിച്ച വിപത്താണ് ലഹരി. സ്കൂളുകളിലും ക്യാംപസുകളിലും അപകടകരമാംവിധം ലഹരിയുടെ വ്യാപനം വർധിച്ചുകൊണ്ടിരിക്കുന്നു. കൃത്യമായ കർമരേഖയുടെ അടിസ്ഥാനത്തിൽ മഹല്ലുകളിൽ ലഹരിവിരുദ്ധ ബോധവത്കരണം നടന്നില്ലെങ്കിൽ പ്രത്യാഘാതം ഗുരുതരമായിരിക്കും. എസ്.എം.എഫിന്റെയും സർക്കാർ മുൻകൈയെടുത്ത് നടത്തുന്ന ലഹരിവിരുദ്ധ കൂട്ടായ്മയുടെയും സഹകരണത്തോടെ ഖാസി ഫൗണ്ടേഷന് മഹല്ലുകളെ ലഹരി മുക്തമാക്കാനുള്ള യജ്ഞത്തിന്റെ ഭാഗമാകാൻ കഴിയും.
5) നവലിബറൽ ചിന്തകളെ പ്രതിരോധിക്കുക എന്നത് മുസ് ലിം സമൂഹം നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ്. പുതിയ തലമുറയിലേക്ക് കടന്നുകയറിയ സ്വതന്ത്രചിന്തയും യുക്തിവാദവും എൽ.ജി.ബി.ടി.ക്യൂ പ്ലസ് പൊളിറ്റിക്സുമെല്ലാം ലിബറൽ ചിന്താഗതികളുടെ ഭാഗമാണ്. സർക്കാരും അനുബന്ധ സംവിധാനങ്ങളും യുക്തിചിന്തയെയും മതനിരാസത്തെയും പുതിയ തലമുറയിൽ സന്നിവേശിപ്പിക്കാൻ ഔദ്യോഗിക മാർഗങ്ങൾ ദുരുപയോഗം ചെയ്യുന്നത് ഈയിടെ ചർച്ചാവിഷയമായതാണ്. സാമൂഹികഘടനയേയും കുടുംബഭദ്രതയെയും തകിടംമറിക്കുന്ന ലിബറൽ ചിന്താഗതിക്കെതിരേ ശക്തമായ പ്രതിരോധം തീർക്കൽ മഹല്ല് നേതൃത്വത്തിന്റെ ബാധ്യതയാണ്.
6) സമൂഹ പുരോഗതിയുടെയും നവജാഗരണത്തിന്റെയും അടിസ്ഥാനം വിദ്യാഭ്യാസമാണ്. അഭ്യസ്തവിദ്യർ സാമൂഹികക്രമം നിർണയിക്കുന്ന ഇന്ന് വിദ്യാഭ്യാസരംഗത്തായിരിക്കണം ശ്രദ്ധയും കരുതലും കൂടുതൽ പതിയേണ്ടത്. നമ്മുടെ സാന്നിധ്യം കുറവുള്ള, അനിവാര്യമായും എത്തിപ്പിടിക്കേണ്ട മേഖലകൾ എതെല്ലാമാണെന്ന് മഹല്ല് നേതൃത്വത്തിന് കൃത്യമായ ധാരണയുണ്ടാവണം. മിടുക്കരായ വിദ്യാർഥികളെ കണ്ടെത്തി അനുയോജ്യ കോഴ്സുകൾ പരിചയപ്പെടുത്തണം. സാമ്പത്തിക പരാധീനത അനുഭവിക്കുന്ന വിദ്യാർഥികൾക്ക് ധനസഹായം നൽകി തുടർപഠനത്തിനുള്ള സാഹചര്യങ്ങൾ ഒരുക്കണം. ഖാസി ഫൗണ്ടേഷനിലൂടെ വിദ്യാഭ്യാസ ധനസഹായമൊരുക്കാനുള്ള ആലോചനകൾ നടക്കുന്നുണ്ട്. മത-_ഭൗതിക രംഗത്തെ നിർധന വിദ്യാർഥികൾക്ക് ഇതൊരു ആശ്വാസ പദ്ധതിയായി വളർത്തിയെടുക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഞങ്ങൾ.
7) ഓരോ മഹല്ലിന്റെയും ചാലകശക്തി അവിടങ്ങളിൽ ദീനീ സേവനം ചെയ്യുന്ന ഖത്തീബുമാരും മുദർരിസുമാരും മുഅല്ലിമുകളും മുഅദ്ദിനുമാരുമാണ്. കാലോചിതമായി അവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തൽ മഹല്ലിന്റെ കടമയാണ്. അതിനാവശ്യമായ കാര്യങ്ങൾ മഹല്ലുമായി ചേർന്ന് നിർവഹിക്കുന്നതും ഖാസി ഫൗണ്ടേഷന്റെ സജീവ പരിഗണനാ വിഷയമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."