വീൽചെയർ ലഭിച്ചില്ല; 80 വയസുകാരൻ വിമാനത്തിൽ നിന്ന് ടെർമിനലിലേക്ക് നടക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു
വീൽചെയർ ലഭിച്ചില്ല; 80 വയസുകാരൻ വിമാനത്തിൽ നിന്ന് ടെർമിനലിലേക്ക് നടക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു
മുംബൈ: മുംബൈ വിമാനത്താവളത്തിൽ വീൽചെയർ കിട്ടാത്തതിനെ തുടർന്ന് കുഴഞ്ഞുവീണ് എണ്‍പതുകാരന്‍ മരിച്ചു. ന്യൂയോര്‍ക്കില്‍നിന്ന് എയര്‍ ഇന്ത്യ വിമാനത്തില്‍ മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ വയോധികനാണ് അധികൃതരുടെ അനാസ്ഥയെ തുടർന്ന് കുഴഞ്ഞുവീണത്. ഏകദേശം ഒന്നര കിലോമീറ്റർ നടന്നതിനെ തുടർന്ന് വീണ ഇയാൾക്ക് ഉടൻ വൈദ്യസഹായം നൽകിയിരുന്നു. തുടർന്ന് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഫെബ്രുവരി 12 നായിരുന്നു സംഭവം. എൺപതുകാരനും ഭാര്യയും ഒരുമിച്ചാണ് യാത്ര ചെയ്തിരുന്നത്. ഉച്ചയ്ക്കു 2.10-നാണ് വിമാനം മുംബൈയില്‍ ലാന്‍ഡ് ചെയ്തത്. നടക്കാൻ ബുദ്ധിമുട്ടുള്ള ഇവർ വീല്‍ചെയര്‍ മുന്‍കൂട്ടി ബുക്ക് ചെയ്തിരുന്നുവെന്നാണ് വിവരം. എന്നാല്‍ ഒരാള്‍ക്കു മാത്രമാണ് വിമാനത്തിനരികില്‍നിന്നു വീല്‍ചെയര്‍ ലഭിച്ചത്. തുടർന്ന് ഭാര്യയെ വീല്‍ചെയറില്‍ ഇരുത്തിയ ശേഷം എണ്‍പതുകാരന്‍ ടെര്‍മിനലിലേക്കു നടക്കാന്‍ തീരുമാനിച്ചു. ഇമിഗ്രേഷന്‍ കൗണ്ടറിലേക്ക് ഏതാണ്ട് 1.5 കിലോമീറ്ററോളം അദ്ദേഹത്തിനു നടക്കേണ്ടിവന്നു.
നടന്ന് ഇമിഗ്രേഷൻ കൗണ്ടർ എത്തിയതിന് പിന്നാലെ പെട്ടെന്നു കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന് പെട്ടെന്ന് അടിയന്തിര വൈദ്യസഹായം നല്‍കിയ ശേഷം നാനാവതി ആശുപത്രിയിലേക്ക് കൊണ്ട് പോവുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
വീല്‍ചെയര്‍ സംവിധാനം മുന്‍കൂട്ടി ബുക്ക് ചെയ്ത ശേഷമാണ് വൃദ്ധദമ്പതിമാര്‍ ഞായറാഴ്ച ന്യൂയോര്‍ക്കില്‍നിന്ന് എയര്‍ഇന്ത്യ വിമാനത്തില്‍ മുംബൈയിലേക്ക് യാത്ര തിരിച്ചത്. വിമാനത്തില്‍ അത്തരത്തില്‍ വീല്‍ചെയര്‍ ബുക്ക് ചെയ്തിരുന്ന 32 യാത്രികരുണ്ടായിരുന്നു. എന്നാല്‍ 15 വീല്‍ചെയറുകള്‍ മാത്രമാണ് ലഭ്യമാക്കിയിരുന്നതെന്നാണു റിപ്പോര്‍ട്ട്.
അതേസമയം, വീല്‍ചെയര്‍ ദൗര്‍ലഭ്യം മൂലം കുറച്ചുസമയം കാത്തിരിക്കാന്‍ എണ്‍പതുകാരനായ യാത്രികനോടു പറഞ്ഞുവെന്നും എന്നാല്‍ അതിനു കാത്തുനില്‍ക്കാതെ അദ്ദേഹം ഭാര്യയ്‌ക്കൊപ്പം നടക്കുകയായിരുന്നുവെന്നും എയര്‍ ഇന്ത്യ വക്താവ് വിശദീകരിച്ചു. സംഭവം ദൗര്‍ഭാഗ്യകരമായിപ്പോയെന്നും മരിച്ചയാളുടെ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ട് എല്ലാവിധ സഹായവും വാഗ്ദാനം ചെയ്തുവെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."