മൃഗപ്പേരിലും മതം പരതുന്നവർ
ഒരു പേരില്‍ എന്തിരിക്കുന്നു എന്നുചോദിച്ചത് വിഖ്യാത എഴുത്തുകാരന്‍ വില്യം ഷേക്‌സ്പിയര്‍ ആണ്. ‘റോമിയോ ആന്റ് ജൂലിയറ്റ്’ എന്ന നാടകത്തിലൊരിടത്താണ് ഷേക്‌സ്പിയര്‍ ഈ ചോദ്യമുന്നയിക്കുന്നത്. എന്നാല്‍ ഒരു പേരില്‍ പലതുമുണ്ടെന്ന് തിരുത്തുകയാണ് കല്‍ക്കത്ത ഹൈക്കോടതിയുടെ ജല്‍പായ്ഗുഡി ബെഞ്ച്. മനുഷ്യരുടെ പേരിലല്ല മിണ്ടാപ്രാണികളായ മൃഗങ്ങളുടെ പേരിലായിരുന്നു നീതിപീഠത്തില്‍ നിന്ന് കഴിഞ്ഞദിവസം ഇത്തരമൊരു വിചിത്ര വിധിയെന്നുമാത്രം. അക്ബര്‍ എന്നും സീത എന്നും പേരുള്ള സിംഹ ജോഡികളെ പശ്ചിമ ബംഗാളിലെ സിലിഗുഡി സഫാരി പാര്‍ക്കിലെ കൂട്ടില്‍ ഒന്നിച്ചു താമസിപ്പിച്ചതിലെ വിയോജിപ്പാണ് കോടതി വിധിയില്‍ മുഴച്ചുനില്‍ക്കുന്നത്. കേള്‍ക്കുമ്പോള്‍ ചിരിച്ചുതള്ളേണ്ട തമാശ എന്ന് തോന്നാമെങ്കിലും മൃഗങ്ങളുടെ പേരു പോലും അസഹിഷ്ണുതയുടെ വൈറസുകൾ വമിപ്പിക്കുന്ന ഇന്ത്യന്‍ സാഹചര്യം ഭയജനകമാണ്.
മൃഗശാലയിലെ സിംഹങ്ങളുടെ പേരുകളിലെ ശരിയും ശരികേടും തിരയാന്‍ ഒരു ഹൈക്കോടതി ബെഞ്ചിന്റെ വിലപ്പെട്ട സമയം നീക്കിവച്ചു എന്നത് അതിലേറെ വിരോധാഭാസവും. രണ്ടുനാള്‍ നീണ്ട വിചാരണയ്‌ക്കൊടുവിലാണ് ആരാധ്യരുടെയോ വിശിഷ്ട വ്യക്തികളുടെയോ പേര് മൃഗങ്ങള്‍ക്കിടുന്നത് മതവികാരം വ്രണപ്പെടുത്തുമെന്ന കോടതിയുടെ കണ്ടെത്തല്‍. വാക്കാലുള്ള പരാമര്‍ശമാണെങ്കിലും നാളെയിത് മറ്റ് ന്യായാലയങ്ങള്‍ക്കും ‘മാതൃക’യാവുമെന്നതില്‍ തര്‍ക്കമില്ല. ദുര്‍ഗാപുരാണവും രാമകൃഷ്ണ പരമഹംസരും രവീന്ദ്രനാഥ ടാഗോറും മുതല്‍ അഡീഷണല്‍ അഡ്വക്കേറ്റ് ജനറലിന്റെ വളര്‍ത്തുനായ്ക്കളുടെ പേരുകള്‍വരെ വിചാരണവേളയ്ക്കിടെ പലതവണ പരാമര്‍ശിക്കപ്പെട്ടു. ഒടുവിലാണ് ദൈവങ്ങളുടെയും വിശിഷ്ട വ്യക്തികളുടെയും പേരിട്ട് എന്തിന് വിവാദമുണ്ടാക്കുന്നുവെന്ന ചോദ്യവും പേരുമാറ്റി വിവാദമൊഴിവാക്കൂ എന്ന വിധിയുമുണ്ടായത്. ഹരജിക്ക് പൊതുതാല്‍പര്യമുണ്ടെന്നും അത്തരം ഹരജികള്‍ കേള്‍ക്കുന്ന ബെഞ്ചിലേക്ക് വേണമെങ്കില്‍ കേസ് മാറ്റാമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
സീത എന്ന പേരുള്ള പെണ്‍സിംഹം അക്ബര്‍ എന്ന സിംഹത്തോടൊപ്പം ഒരേ കൂട്ടില്‍ കഴിയുന്നത് മതവികാരം വ്രണപ്പെടുത്തുമെന്നു കാട്ടി വി.എച്ച്.പി പശ്ചിമബംഗാള്‍ ഘടകമാണ് കോടതിയെ സമീപിച്ചത്. അന്താരാഷ്ട്ര മാധ്യമങ്ങള്‍ വരെ ഈ വിചിത്രപരാതി റിപ്പോര്‍ട്ട് ചെയ്തു. പിന്നാലെ സാമൂഹികമാധ്യമങ്ങളില്‍ ട്രോളുകളും നിറഞ്ഞു. അത്ര ലാഘവത്തോടെ കാണേണ്ടതല്ല ഇൗ കാര്യം. പേരിട്ടത് തങ്ങളല്ലെന്നും ത്രിപുരയിലെ മൃഗശാലക്കാരാണെന്നുമാണ് മമത ബാനര്‍ജി സര്‍ക്കാര്‍ പറയുന്നത്. ആസന്നമായ തെരഞ്ഞെടുപ്പില്‍ മൃഗങ്ങളുടെ പേരുപോലും വോട്ടാക്കിമാറ്റാമോ എന്നതിലാണ് സംഘ്പരിവാറിന്റെ കണ്ണ്.
മോദിയുടെ ഇന്ത്യയില്‍ മനുഷ്യരുടെ പേരുകള്‍ വെറുപ്പിനും വേട്ടയാടലിനുമുള്ള സൂചകമായി മാറിയിട്ട് കുറച്ചുകാലമായി. അതിനുള്ള എത്രയോ ഉദാഹരണങ്ങള്‍ നമുക്കു മുന്നിലുണ്ട്. മുസഫര്‍നഗര്‍ ഖുബ്ബാപുര്‍ യു.പി സ്‌കൂളിലെ ഏഴുവയസുകാരൻ വിദ്യാര്‍ഥിയെ സഹപാഠികളെക്കൊണ്ട് മുഖത്തും പുറത്തുമൊക്കെ അടിപ്പിച്ച അധ്യാപികയുടെ പ്രാകൃത മനോനിലയാണ് അതില്‍ ഒടുവിലത്തേത്. ഗുണനം പഠിച്ചില്ലെന്നു പറഞ്ഞായിരുന്നു നേഹ എന്ന അധ്യാപിക കുട്ടിയെ ‘മുഹമ്മദന്‍' എന്ന് വിശേഷിപ്പിക്കുകയും ശക്തമായി തല്ലാന്‍ സഹപാഠികളെ നിര്‍ബന്ധിക്കുകയും ചെയ്തത്. മൂന്നാംക്ലാസുകാരന്റെ മുസ്‌ലിം പേരുമാത്രമായിരുന്നു വെറുപ്പിനും പകയ്ക്കും കാരണമെന്നതിന് ആ അധ്യാപികയുടെ മതം ചേര്‍ത്തുള്ള പരാമര്‍ശങ്ങള്‍ മാത്രം മതി.
ട്രെയിനില്‍ സുരക്ഷ ഉറപ്പാക്കേണ്ട സൈനികന്‍ യാത്രികരില്‍ പ്രത്യേക പേരുകാരെ തെരഞ്ഞുപിടിച്ച് വെടിവച്ചുകൊന്നത് മാസങ്ങള്‍ക്കു മുമ്പാണ്. പേരിന്റെ പേരില്‍ മാത്രം തെരുവിലും ട്രെയിനിലും ബസിലും എന്തിന് സ്വന്തം വീട്ടില്‍പോലും അതിക്രൂരമായി അക്രമിക്കപ്പെട്ട, കൊല്ലപ്പെട്ട ഒട്ടേറെ മനുഷ്യരെയും നമ്മുടെ ഇന്ത്യയില്‍ കാണാം. മുഹമ്മദ് അഖ്‌ലാഖ്, പെഹ്‌ലുഖാന്‍, മുഹ്‌സിന്‍ ശൈഖ്, മുഹമ്മദ് ജാവേദ്, അഫ്രാസുല്‍, അലിമുദ്ദീന്‍ അന്‍സാരി, മുഇൗനുല്‍ ഹഖ് എന്നിവര്‍ അവരില്‍ ചിലര്‍ മാത്രം. മതത്തിന്റെ പേരിലും പശുവിന്റെ പേരിലും സംഘ്പരിവര്‍ ആസൂത്രിതമായി നടത്തിയ ആള്‍ക്കൂട്ട ആക്രമണങ്ങളുടെയും കൊലപാതകങ്ങളുടെയും ഇരകളായിരുന്നു മേല്‍പറഞ്ഞവരൊക്കെ. വിദ്വേഷ അതിക്രമങ്ങള്‍ക്ക് ഭരണകൂടത്തിന്റെ പ്രോത്സാഹനവും പ്രേരണയും ലഭിക്കുന്നതിന് പലപ്പോഴും ഒരോയൊരു കാരണം ഇരകളുടെ പേരുമാത്രമായിരുന്നു.
പേരിനോടുള്ള പരദ്വേഷം ഉത്തരേന്ത്യയില്‍ മാത്രമേ കാണാന്‍ കഴിയൂ എന്ന് തലയുയര്‍ത്തി പറയാന്‍ നമ്മള്‍ മലയാളികള്‍ക്കും കഴിയില്ലെന്നതിന്റെ സാക്ഷ്യമാണ് മാസങ്ങള്‍ക്കുമുമ്പ് എഴുത്തുകാരന്‍ ഷാജികുമാര്‍ പങ്കുവച്ച ഒരനുഭവം. മുംബൈക്കും ഡല്‍ഹിക്കും സമാനമായി മുസ്‌ലിം പേരുള്ളവര്‍ക്ക് കൊച്ചിയില്‍ പോലും വാടകവീട് കിട്ടാന്‍ പാടാണെന്ന് അനുഭവത്തില്‍നിന്നാണ് ഷാജികുമാര്‍ പറഞ്ഞത്. സുഹൃത്തിനൊപ്പം കളമശ്ശേരിയില്‍ വാടകവീട് നോക്കാന്‍ പോയപ്പോള്‍ ഒപ്പമുണ്ടായിരുന്ന ബ്രോക്കര്‍ തന്റെ പേര് ചോദിച്ചെന്നും ഷാജിയെന്ന പേരുകേട്ടപ്പോള്‍ മുസ്‌ലിം ആണോ എന്ന് എടുത്തുചോദിച്ചെന്നും മുസ്‌ലിം ആണെങ്കില്‍ വീട് കൊടുക്കാന്‍ ഉടമയ്ക്ക് താത്പര്യമില്ലെന്നു പറഞ്ഞെന്നും ഷാജികുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. കൊച്ചി ഇന്‍ഫോ പാര്‍ക്കില്‍ എന്‍ജിനിയറാണ് വീട്ടുടമ എന്നുകൂടി കേട്ടതോടെ അഭ്യസ്തവിദ്യനും പ്രബുദ്ധനുമായ മലയാളിയുടെ യഥാര്‍ഥമുഖം വെളിവായെന്നും അദ്ദേഹം പറയുകയുണ്ടായി. മുമ്പും രണ്ടുവട്ടം വീട് നോക്കാന്‍ പോയപ്പോഴും സമാന അനുഭവം ഉണ്ടായതായും ഷാജികുമാര്‍ സാക്ഷ്യപ്പെടുത്തുന്നു. ജാതിബോധവും പരമതദ്വേഷവും നുരയുന്നതാണ്, സമ്പൂര്‍ണസാക്ഷരതയും വ്യക്തിശുചിത്വവും കൊട്ടിഘോഷിക്കുന്ന മലയാളികളില്‍ പലരുടെയും ഉള്ള് എന്നത് ഞെട്ടിക്കുന്നതാണ്.
ഇത്രകാലവും മനുഷ്യരുടെ പേരും മതവുമായിരുന്നു വിദ്വേഷപ്പടര്‍ച്ചയ്ക്ക് കാരണമായിരുന്നതെങ്കില്‍ ഇന്നിപ്പോള്‍ മൃഗപ്പേരുപോലും വിഷം വമിപ്പിക്കുന്നതിലേക്ക് എത്തിയിരിക്കുന്നു. ഇത്തരം ശ്രമങ്ങളെ നിസാരവത്കരിക്കുകയും ട്രോളെന്നു കരുതി പങ്കുവയ്ക്കുകയും ചെയ്യുന്നവരൊക്കെ ഒന്നോര്‍ത്താല്‍ നന്നാവും; നാളെ നമ്മുടെ പേരുമാത്രമല്ല അരുമയായി പരിപാലിക്കുന്ന മൃഗങ്ങളുടെ പേരുപോലും നമുക്കെതിരേ വാളോങ്ങാനുള്ള കാരണമായി അവര്‍ ഉയര്‍ത്തിക്കൊണ്ടുവരികതന്നെ ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."