ടീലേ വാലി മസ്ജിദിനുള്ളിലെ ക്ഷേത്രത്തിലെ പ്രാര്‍ഥന: കേസ് നിലനിര്‍ത്തുന്നത് ചോദ്യം ചെയ്തുള്ള മുസ്‌ലിം വിഭാഗത്തിന്റെ ഹരജി തള്ളി
ടീലേ വാലി മസ്ജിദിനുള്ളിലെ ക്ഷേത്രത്തിലെ പ്രാര്‍ഥന: കേസ് നിലനിര്‍ത്തുന്നത് ചോദ്യം ചെയ്തുള്ള മുസ്‌ലിം വിഭാഗത്തിന്റെ ഹരജി തള്ളി
ലഖ്‌നൗ: ടീലെ വാലി മസ്ജിദിന്റെ കേസ് നിലനിര്‍ത്തുന്നത് ചോദ്യം ചെയ്തുള്ള മുസ്‌ലിം വിഭാഗത്തിന്റെ ഹരജി ജില്ലാ കോടതി തള്ളി. ടീലേ വാലി മസ്ജിദ് വളപ്പിലുള്ള ശേഷ് നാഗേഷ് തീലേശ്വര്‍ മഹാദേവ് മന്ദിറില്‍ പ്രാര്‍ഥന നടത്താനുള്ള അവകാശം തേടിയുള്ള സിവില്‍ കേസ് നിലനിര്‍ത്താന്‍ ജൂനിയര്‍ കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. 2023 സെപ്തംബര്‍ ആറിന് പുറപ്പെടുവിച്ച ഈ ഉത്തരവ് ചോദ്യം ചെയ്തുള്ള മുസ്‌ലിം കക്ഷികളുടെ റിവിഷന്‍ ഹരജി അഡീഷണല്‍ ജില്ലാ ജഡ്ജി കോടതിയാണ് തള്ളിയത്. അഭിഭാഷകനായ നൃപേന്ദ്ര പാണ്ഡെ ഉള്‍പ്പെടെയുള്ളവര്‍ സമര്‍പ്പിച്ച ഹരജിയിലാണ് അഡീഷണല്‍ ജില്ലാ ജഡ്ജി (മൂന്ന്) നരേന്ദ്ര കുമാര്‍ ബുധനാഴ്ച ഉത്തരവിട്ടത്.
ഹിന്ദു കക്ഷികളുടെ ഹരജി നിലനില്‍ക്കുമെന്ന് കാണിച്ച് 2023 സെപ്തംബര്‍ ആറിന് സിവില്‍ ജഡ്ജി (സൗത്ത്) പുറപ്പെടുവിച്ച ഉത്തരവിനെ ചോദ്യം ചെയ്ത് മൗലാനാ കാരി സയ്യിദ് ഷാ ഫസലുല്‍ മന്നാനാണ് സിവില്‍ റിവിഷന്‍ ഹരജി സമര്‍പ്പിച്ചത്. എന്നാല്‍ ഹരജി നിയമത്തിന്റെയും വസ്തുതകളുടെയും സമ്മിശ്രചോദ്യത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്നും അതിനാല്‍ തെളിവുകള്‍ രേഖപ്പെടുത്താതെ, 1991ലെ ആരാധനാലയ നിയമത്തിലെ വ്യവസ്ഥകള്‍ ഉയര്‍ത്തിയുള്ള മുസ്‌ലിം പക്ഷത്തിന്റെ എതിര്‍പ്പില്‍ മാത്രം കേസ് തള്ളിക്കളയാനാവില്ലെന്നും കോടതി പറഞ്ഞു. 2023 സെപ്തംബര്‍ ആറിലെ ഉത്തരവില്‍ ഒരു നിയമവിരുദ്ധതയും ഇല്ലെന്നും നിരീക്ഷിച്ചു.
ടീലേശ്വര്‍ മഹാദേവ് മന്ദിറില്‍ പ്രാര്‍ത്ഥിക്കാന്‍ അനുമതി ആവശ്യപ്പെട്ട് 2023 ഫെബ്രുവരി 15നാണ് അഭിഭാഷകനായ നൃപേന്ദ്ര പാണ്ഡ്യ ഹരജി നല്‍കിയിരുന്നത്. 'ക്ഷേത്ര'ത്തില്‍ പ്രാര്‍ത്ഥിക്കാന്‍ അനുമതി തേടിയുള്ള ഹരജി ഇനി സിവില്‍ കോടതി (ജൂനിയര്‍ ഡിവിഷന്‍)യാണ് പരിഗണിക്കുക. കേസില്‍ ഹിന്ദു വിഭാഗത്തെ അഡ്വ. അഭയ് ശ്രീവാസ്തവയും സംസ്ഥാന സര്‍ക്കാറിനെ അഡ്വ. റിതേഷ് റസ്‌തോഗിയുമാണ് പ്രതിനിധീകരിച്ചത്. ടീലെ വാലി മസ്ജിദില്‍ സര്‍വേ നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള മറ്റൊരു ഹരജി മാര്‍ച്ച് രണ്ടിന് അഡീഷണല്‍ ജില്ലാ കോടതി പരിഗണിക്കും. 2013ല്‍ അഭിഭാഷകനായ ഹരി ശങ്കര്‍ ജെയ്‌നാണ് മസ്ജിദില്‍ സര്‍വേ ആവശ്യപ്പെട്ട് ലഖ്‌നൗ സിവില്‍ കോടതിയില്‍ ഹരജി നല്‍കിയിരുന്നത്. ഈ കേസ് നിലനില്‍ക്കില്ലെന്ന് കാണിച്ച് മുസ്‌ലിം വിഭാഗം അഡീഷണല്‍ ജില്ലാ കോടതിയില്‍ ഹരജി നല്‍കിയിട്ടുണ്ട്.
2013ല്‍ ഭഗവാന്‍ ശേഷനാഗേഷ് തീലേശ്വര്‍ മഹാദേവ് വിരാജ്മാന്‍ വേണ്ടിയാണെന്ന് പറഞ്ഞ് ഡോ. വി.കെ. ശ്രീവാസ്തവ സിവില്‍ ഹരജി നല്‍കിയിരുന്നു. മുഗള്‍ ചക്രവര്‍ത്തിയായ ഔറംഗസേബിന്റെ ഭരണകാലത്ത് ഹിന്ദു നിര്‍മിതിയായ ലക്ഷ്മണ്‍ ടീല തകര്‍ത്താണ് ടീലെ വാലി മസ്ജിദ് നിര്‍മിച്ചതെന്നും അതിനാല്‍ യഥാര്‍ത്ഥ ഹിന്ദു ക്ഷേത്രം പുനഃസ്ഥാപിക്കണമെന്നുമായിരുന്നു ഹരജിയില്‍ ആവശ്യപ്പെട്ടത്.
2013ല്‍ മസ്ജിദ് കമ്മിറ്റി അതിര്‍ത്തി ഭിത്തി നിര്‍മിച്ച് കൂട്ടിച്ചേര്‍ത്ത ഭാഗമടക്കമുള്ള മസ്ജിദ് കാമ്പസ് സര്‍വേ നടത്താന്‍ അനുവദിക്കണമെന്നാണ് അവര്‍ കോടതിയോട് ആവശ്യപ്പെടുന്നത്. തിലേശ്വര്‍ ക്ഷേത്രം മസ്ജിദിനുള്ളിലാണെന്നും സമുച്ചയം മുഴുവനായും ശേഷ്‌നാഗ് ദുധേശ്വര്‍ മഹാദേവന്റെ സ്ഥലമാണെന്നും ഹിന്ദു വിഭാഗത്തിന്റെ ഹരജിയില്‍ അവകാശപ്പെടുന്നു.
പതിനാറാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച 'ടീലേ വാലി മസ്ജിദ്', ഗോമതി നദിക്കരയില്‍ പ്രസിദ്ധമായ ഇമാംബാരയ്ക്കടുത്താണ് സ്ഥിതി ചെയ്യുന്നത്. ചരിത്രരേഖകള്‍ പ്രകാരം 16ാം നൂറ്റാണ്ടിലാണ് പള്ളി പണികഴിപ്പിച്ചത്. ഉത്തര്‍പ്രദേശിലെ ഏറ്റവും വലിയ സുന്നി പള്ളിയായിരുന്നു ഇത്. ഒരു ലക്ഷത്തോളം പേര്‍ക്ക് നിസ്‌കാരം നടത്താന്‍ സാധിക്കും. ലക്ഷ്മണനാണ് ലഖ്‌നൗ നഗരം സ്ഥാപിച്ചതെന്നും ലഖന്‍പുരി എന്നായിരുന്നു ഇതിന്റെ പഴയ പേരെന്നും അവകാശ വാദമുയര്‍ത്തി അടുത്ത കാലത്ത് ഹിന്ദുസംഘടനകള്‍ രംഗത്തെത്തുകയായിരുന്നു. മസ്ജിദ് 'ലക്ഷ്മണ്‍ ടീല'യാണെന്നാണ് ഹിന്ദു വിഭാഗത്തിന്റെ അവകാശ വാദം. ഭഗവാന്‍ രാമന്റെ സഹോദരന്‍ ലക്ഷ്മണാണ് ഇത് നിര്‍മിച്ചതെന്നും അവര്‍ അവകാശപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."