ഇന്ത്യാ ജെം ആന്‍ഡ് ജ്വല്ലറി ഷോ ഏപ്രില്‍ 2 മുതല്‍; ജ്വല്ലേഴ്‌സ് മീറ്റ് നടത്തി
ദുബൈ: 2022ലും 2023ലും ഇന്ത്യാ ജെം ആന്‍ഡ് ജ്വല്ലറി ഷോ (ജിജെഎസ്) 4 പതിപ്പുകള്‍ വിജയകരമായി സംഘടിപ്പിച്ച ശേഷം ഇന്ത്യയിലെ ആഭരണ മേഖലയെ പ്രതിനിധീകരിക്കുന്ന പരമോന്നത വ്യവസായ സ്ഥാപനമായ ഓള്‍ ഇന്ത്യാ ജെം ആന്‍ഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗണ്‍സില്‍ (ജിജെസി) അടുത്ത പ്രദര്‍ശനത്തിന് സജ്ജമായി. 2024 ഏപ്രില്‍ 2 മുതല്‍ 5 വരെ മുംബൈ ജിയോ വേള്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററിലാണ് പ്രദര്‍ശനം. മെഗാ ബി 2 ബി എക്‌സ്‌പോയുടെ അക്ഷയ തൃതീയ പതിപ്പ് (5-ാം എഡിഷന്‍) ആയാണ് ഇത് സംഘടിപ്പിക്കുന്നതെന്ന് ബന്ധപ്പെട്ടവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
250,000 ചതുരശ്ര അടി വിസ്തൃതിയില്‍ വ്യാപിച്ചു കിടക്കുന്ന പ്രദര്‍ശന നഗരിയില്‍ 400ലധികം പ്രദര്‍ശകരുണ്ട്. ഷോ പ്രമോഷന്‍ ഭാഗമായി ജിജെസി ഇന്ത്യയിലുടനീളം 100ലധികം റോഡ് ഷോകള്‍ നടത്തിക്കഴിഞ്ഞു. യുഎഇ, ഖത്തര്‍, ദുബൈ, ബംഗ്‌ളാദേശ് തുടങ്ങിയ പ്രധാന അന്താരാഷ്ട്ര വിപണികളില്‍ ജ്വല്ലേഴ്‌സ് മീറ്റും സംഘടിപ്പിച്ചു. കഴിഞ്ഞ ദിവസം ദുബൈയില്‍ ജ്വല്ലേഴ്‌സ് മീറ്റ് നടന്നു. 200ലധികം ജ്വല്ലറി സ്‌റ്റോറുകള്‍ പങ്കെടുത്തുവെന്ന് ജിജെസി ചെയര്‍മാനും ജിജെഎസ് കണ്‍വീനറുമായ സായം മെഹ്‌റ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ജ്വല്ലേഴ്‌സ് മീറ്റില്‍ ജ്വല്ലറി റീടെയിലര്‍മാര്‍, മൊത്തക്കച്ചവടക്കാര്‍, മാനുഫാക്ചറേഴ്‌സ്, വ്യാപാരികള്‍ എന്നിവരാണ് സംബന്ധിച്ചത്. അക്ഷയ തൃതീയ, ഗുഡി പദ്‌വ എന്നീ ഉത്സവ സീസണിന് മുന്‍പായാണ് തങ്ങള്‍ ഈ ഷോ ആസൂത്രണം ചെയ്തതെന്ന് അധികൃതര്‍ പറഞ്ഞു. ഈ എക്‌സിബിഷന്‍ പ്രദര്‍ശകര്‍ക്കും സന്ദര്‍ശകര്‍ക്കും ഏറെ പ്രയോജനപ്പെടും.
പ്രദര്‍ശനത്തില്‍ 15,000ത്തിലധികം അന്താരാഷ്ട്ര-ആഭ്യന്തര ബയര്‍മാരെ പ്രതീക്ഷിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
മുന്‍നിര ആഭരണ നിര്‍മാതാക്കള്‍, മൊത്തക്കച്ചവടക്കാര്‍, ജെംസ് ആന്‍ഡ് ജ്വല്ലറി വ്യവസായത്തിലെ ഡീലര്‍മാര്‍ എന്നിവരുടെ പ്രധാന കൂട്ടായ്മയാണ് ജിജെഎസ്. വ്യവസായ രംഗത്തെ പ്രമുഖരുടെ ട്രെന്‍ഡ് ചര്‍ച്ചകള്‍ക്കൊപ്പം വിദ്യാഭ്യാസ സെമിനാറുകള്‍ക്കും ഷോ സാക്ഷ്യം വഹിക്കുമെന്ന് ജിജെസി വൈസ് ചെയര്‍മാന്‍ രാജേഷ് റോക്‌ഡെ പറഞ്ഞു. 400ലധികം എക്‌സിബിറ്റര്‍മാരുമായി 15000ത്തിലധികം സന്ദര്‍ശകര്‍ രജിസ്റ്റര്‍ ചെയ്യുമെന്നാണ് കരുതുന്നത്.
''ഇന്ത്യന്‍ ജെം ആന്‍ഡ് ജ്വല്ലറി വ്യവസായത്തിന് ഡിമാന്‍ഡ് സൃഷ്ടിക്കുന്നതില്‍ മിഡില്‍ ഈസ്റ്റ് എല്ലായ്‌പ്പോഴും പ്രധാന പങ്ക് വഹിക്കുന്നു. ഞങ്ങളുടെ ദുബൈ യാത്രയില്‍ വലിയ പിന്തുണയാണ് ലഭിച്ചത്. ജിജെഎസിന്റെ ഈ പതിപ്പില്‍ ധാരാളം അന്താരാഷ്ട്ര സന്ദര്‍ശകരെ ലഭിക്കുമെന്നാണ് പ്രതീക്ഷ'' -ജിജെസി ഡയറക്ടര്‍ അബ്ദുന്നാസര്‍ പറഞ്ഞു. ജിജെസി മുന്‍ ചെയര്‍മാന്‍ നിതിന്‍ ഖണ്ഡേല്‍വാള്‍, സിഒഎ മെംബര്‍ അമിത് സോണി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ജിജെസിയെ ബന്ധപ്പെടാം. +91 8433956622 (നിനാദ് മുണ്ടെ).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."