ആത്മവിശ്വാസമെന്ന ഇന്ധനം
നിനക്കൊന്നും അതിനു കഴിയില്ലെന്ന് പുച്ഛഭാവത്തോടെ തുറന്നടിച്ചവരുടെ മുഖത്തുനോക്കി ഇതാ എനിക്കു കഴിഞ്ഞിരിക്കുന്നുവെന്ന് മന്ദസ്മിതം തൂകി മൊഴിഞ്ഞവരുടെ ശാഠ്യത്തിനു ഒരു പേരു നല്‍കാമോ എന്ന ചോദ്യം വന്നാല്‍ സധൈര്യം എഴുതാന്‍ പറ്റുന്ന ഒരുത്തരം പറയാം:
"ആത്മവിശ്വാസം...'
ധരിക്കാന്‍ പറ്റുന്ന ഏറ്റവും നല്ല വസ്ത്രമാണത്. കൈവശംവയ്ക്കാവുന്ന ഏറ്റവും നല്ല സമ്പത്തും. കൂട്ടിനു കൂട്ടാകുന്ന ഏറ്റവും നല്ല കൂട്ടുകാരന്‍. സഞ്ചാരത്തിനെടുക്കാവുന്ന ഏറ്റവും നല്ല വാഹനം. വിശപ്പടക്കാന്‍ ഏറ്റവും നല്ല വിഭവം. പാര്‍പ്പിനു സ്വീകരിക്കാവുന്ന ഏറ്റവും നല്ല പാര്‍പ്പിടം.
ആത്മവിശ്വാസം ഉള്ളവന്‍ പറയുന്നത് "എനിക്കു കഴിയും. കാരണം, എനിക്ക് അവരുണ്ട്' എന്നല്ല, അവരില്ലെങ്കിലും എനിക്കു കഴിയും എന്നാണ്. ആത്മവിശ്വാസമുണ്ടെങ്കില്‍ നിങ്ങള്‍ പറയുക; "ഞാന്‍ ശ്രമിക്കാം' എന്നല്ല, 'ഞാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു' എന്നാണ്. മറ്റുള്ളവരുടെ തോളത്തിരിക്കാന്‍ അവസരമുണ്ടാകുമ്പോഴും ഞാന്‍ എന്റെ കാലില്‍ നില്‍ക്കാമെന്നാണ് നിങ്ങള്‍ അപ്പോള്‍ പറയുക.
മായാജാലക്കാര്‍ക്ക് അത്ഭുതങ്ങള്‍ കാണിക്കാന്‍ കഴിയുമെന്ന് നിങ്ങള്‍ ആവേശത്തോടെ പ്രചരിപ്പിക്കുന്നു. അത്ഭുതങ്ങള്‍ കാണാന്‍ എന്തിന് അവരിലേക്കു പോകണം? ആത്മവിശ്വാസമെന്ന സമ്പത്തുണ്ടെങ്കില്‍ നിങ്ങള്‍ക്കും അത്ഭുതങ്ങള്‍ കാണിക്കാന്‍ കഴിയില്ലേ?
സംശയങ്ങളില്‍വച്ച് ഏറ്റവും ദുശിച്ചത്, മറ്റൊരാളെക്കുറിച്ചുള്ള സംശയമല്ല, സ്വന്തം കഴിവിന്റെ കാര്യത്തിലുള്ള സംശയമാണ്. അവനവനെത്തന്നെ വിശ്വാസമില്ലാത്തവനെ മറ്റുള്ളവര്‍ക്ക് എങ്ങനെ വിശ്വസിക്കാന്‍ കഴിയും?
സ്വന്തം ഇണയെ സംശയിക്കുന്നവന് ദാമ്പത്യജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയില്ലെങ്കില്‍ സ്വന്തത്തെ സംശയിക്കുന്നവനു ജീവിതംതന്നെ മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയില്ല. സംശയം ഒരുതരം വൈറസാണ്. സ്വപ്‌നങ്ങളെയാണത് കാര്‍ന്നുതിന്നുക. വളര്‍ച്ചയെയാണതു തടയിടുക. മുന്നോട്ടു പോകേണ്ടതിനെ പിന്നോട്ടാണത് നയിക്കുക.
ആദ്യമായി തോണിയാത്ര നടത്താനൊരുങ്ങിയ വ്യക്തിയുടെ കഥ പറയാം: കുത്തിയൊഴുകുന്ന നദി മുറിച്ചുകടന്ന് അക്കരെയെത്താനാണ് അദ്ദേഹത്തിന്റെ തീരുമാനം. തോണിയില്‍ കയറി അയാള്‍ ആഞ്ഞു തുഴഞ്ഞു. പക്ഷേ, എത്ര ശ്രമിച്ചിട്ടും മുന്നോട്ടുപോകാന്‍ കഴിഞ്ഞില്ല. പ്രശ്‌നമെന്താണെന്നറിയാതെ വിഷമിച്ചിരിക്കുമ്പോഴാണ് കരയിലുണ്ടായിരുന്ന കാരണവര്‍ ഇടപെട്ടത്.
"എടോ, ഈ മരത്തില്‍ കെട്ടിയിരിക്കുന്ന കയര്‍ ഊരിമാറ്റാതെ തോണി എങ്ങനെ മുന്നോട്ടുപോകും?'- അയാള്‍ ഉറക്കെ ചോദിച്ചു.
ലക്ഷ്യബോധമുണ്ട്. ലക്ഷ്യത്തിലെത്താനുള്ള പ്രവര്‍ത്തനങ്ങളുമുണ്ട്. എന്നിട്ടും ഒരടിപോലും പുരോഗമിക്കാന്‍ കഴിയാതിരിക്കുന്നതിന്റെ കാരണം വിശ്വാസത്തെ ഭയത്തില്‍ കെട്ടിയിട്ടതുകൊണ്ടാണ്. ലക്ഷ്യം സുവ്യക്തമായതുകൊണ്ടു കാര്യമില്ല. വാഹനവും സഞ്ചാരപാതയും തയാറായതുകൊണ്ടും കാര്യമില്ല. ഇന്ധനംകൂടി വേണം. വിജയിക്കുമോ ഇല്ലെയോ എന്ന ആശങ്ക. തടസങ്ങള്‍ നേരിടേണ്ടിവരുമോ എന്ന ഭീതി. ആളുകള്‍ എന്തു വിചാരിക്കുമെന്ന് പിന്തിരിപ്പന്‍ ചിന്ത. തോറ്റാല്‍ ലോകത്തെ എങ്ങനെ അഭിമുഖീകരിക്കുമെന്ന നിശ്ചയമില്ലായ്മ. മുന്നോട്ടുള്ള ഗമനത്തെ പിന്നോട്ടാക്കുന്നതാണിതെല്ലാം.
തട്ടുമോ മുട്ടുമോ എന്ന ചിന്തയില്‍ വാഹനമോടിക്കുന്നവന്‍ അപകടങ്ങള്‍ സൃഷ്ടിക്കും. വീഴുമോ താഴുമോ എന്ന ചിന്തയോടെ മരംകയറുന്നവന്‍ വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും നൊമ്പരമായി മാറും. കിട്ടുമോ ഇല്ലെയോ എന്ന ചിന്തയോടെ അഭിമുഖ പരീക്ഷയ്ക്കിരിക്കുന്നവന്‍ തെരഞ്ഞെടുക്കപ്പെട്ടവരുടെ പട്ടികയില്‍ പേരു കാണാതെ വിഷമിക്കും.
ഇന്ധനമില്ലാതെ വാഹനങ്ങള്‍ക്കു മുന്നോട്ടു പോകാനാവില്ലെങ്കില്‍, വെള്ളവും വളവുമില്ലാതെ സസ്യങ്ങള്‍ക്കു വളരാനാവില്ലെങ്കില്‍, ആത്മവിശ്വാസമില്ലാതെ വിജയസോപാനമേറാന്‍ കഴിയില്ല. കഠിനാധ്വാനം ചക്രങ്ങളാകുന്നിടത്ത് ആത്മവിശ്വാസം ഇന്ധനത്തിന്റെ പങ്കുവഹിക്കുന്നു.
ഇന്ധനമുണ്ടെങ്കില്‍ സഞ്ചാരപാത കല്ലുകളും മുള്ളുകളും നിറഞ്ഞതായിരിക്കുന്നത് പ്രശ്‌നമേയല്ല. കുണ്ടും കുഴിയും നിറഞ്ഞ പാതകള്‍ കടന്നും വാഹനം ലക്ഷ്യത്തിലെത്താറുണ്ട്. മരച്ചില്ലയിലിരിക്കുന്ന പക്ഷിയെ ശ്രദ്ധിച്ചിട്ടില്ലേ. ചില്ല പൊട്ടിവീഴുന്നത് അതിനെ സംബന്ധിച്ചിടത്തോളം ഭീതിജനകമായ കാര്യമേയല്ല. ചില്ലയെയല്ല, തന്റെ ചിറകിനെയാണത് വിശ്വസിക്കുന്നത്. ആത്മത്തെ വിശ്വസിക്കാന്‍ കഴിയുമെങ്കില്‍ ബാഹ്യമായ തടസങ്ങളൊന്നും ആശങ്കയ്ക്കു വിഷയമാക്കേണ്ട കാര്യങ്ങളാവില്ല.
വീണാലും എഴുന്നേല്‍ക്കാനുള്ള ശേഷി തനിക്കുണ്ടെന്ന ചിന്തയുണ്ടെങ്കില്‍, തകര്‍ന്നാലും വളരാനുള്ള ഊര്‍ജം തന്നിലുണ്ടെന്ന വിശ്വാസമുണ്ടെങ്കില്‍, തടസങ്ങള്‍ വന്നാലും അതിജീവിക്കാനുള്ള കൗശലം തന്റെ വശമുണ്ടെന്ന ഉറപ്പുണ്ടെങ്കില്‍ പരാജയം നിങ്ങളുടെ നിഘണ്ടുവില്‍ കാണില്ല. നിങ്ങള്‍ക്കു തീരെ ആത്മവിശ്വാസമില്ലെങ്കില്‍ നിങ്ങള്‍ ഒന്നും ചെയ്യാന്‍ പോകുന്നില്ലെന്ന് കായികപ്രതിഭ സ്റ്റീഫന്‍ ഡിഗ്‌സ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."