HOME
DETAILS

മൈത്രിയുടെ പൊരുൾ:ബാബരിക്കുശേഷം

  
backup
March 05 2024 | 00:03 AM

meaning-of-maitri-after-babri

ഡോ.ടി.എസ്.ശ്യാം കുമാർ

"പ്രിയമപരന്റെയതെൻ പ്രിയം സ്വകീയ/ പ്രിയമപരപ്രിയമിപ്രകാരമാകും/ നയമതിനാലെ നരന്നു നന്മ നൽകും/ ക്രിയയപരപ്രിയ ഹേതുവായ് വരേണം'-_ നാരായണഗുരു


നാരായണ ഗുരു സ്വാമികളുടെ ആലോചനാമൃത വൈഭവത്തിന്റെ നേതൃത്വത്തിൽ ആലുവയിൽ നടന്ന ചരിത്ര പ്രസിദ്ധ സർവമത സമ്മേളനത്തിന്റെ ശതാബ്ദിയിലൂടെ ഇന്ത്യയും കേരളവും കടന്നുപോവുകയാണ്. എന്തിനാണ് ഗുരുസ്വാമികൾ ഇത്തരമൊരു സമ്മേളനം സംഘടിപ്പിച്ചതെന്ന് ആഴത്തിൽ ചിന്തിക്കേണ്ടിയിരിക്കുന്നു.


അപരപ്രിയം


1925ൽ സി.വി കുഞ്ഞിരാമനുമായുള്ള സംഭാഷണത്തിൽ ഗുരു ചോദിക്കുന്നത്, ‘ ഇന്ന് ഇന്ത്യയുടെ ആവശ്യം എന്താണ്?’ എന്നാണ്. ഗുരു ഈ ചോദ്യത്തിന് ഉത്തരം നൽകുന്നുണ്ട്: ‘ജാതികൾ തമ്മിലും മതങ്ങൾ തമ്മിലുമുള്ള മത്സരത്തിൽ നിന്നുള്ള മോചനം’. എന്തുകൊണ്ടാണ് ഇത്തരം മത്സരം സംജാതമാകുന്നത്? ഡോ. ബി.ആർ അംബേദ്കർ വിശദീകരിച്ച ശ്രേണീകൃത അസമത്വമാണ് ഈ മത്സരം സൃഷ്ടിക്കുന്നത്. ഈ അസമത്വവ്യവസ്ഥ ചില സമുദായങ്ങളെ അസമത്വത്തിന്റെ അഗണ്യകോടിയിൽ തള്ളുകയും ത്രൈവർണിക ജാതിവിഭാഗങ്ങളെ സ്വത്തിന്റെയും അധികാരത്തിന്റെയും അവകാശികളായി നിലനിർത്തുകയും ചെയ്യുന്നു.

ഇതു നിമിത്തം സമൂഹത്തിൽ കൊടിയ വിവേചനം തുടരുകയും ബ്രാഹ്മണേതരും വർണ ബാഹ്യരുമായ സ്വതന്ത്ര സമുദായങ്ങൾ ഭൂമി, സ്വത്ത്, അധികാരം, തുല്യത, സ്വാതന്ത്ര്യം, സാഹോദര്യം എന്നിവയിൽനിന്ന് നിഷ്‌കാസിതരാവുകയും ചെയ്യുന്നു(ഇത് ഇന്നും തുടരുന്നു).


ഇന്ത്യയിലെ മുഴുവൻ ബഹുജനങ്ങൾക്കും നീതി ലഭ്യമാകണമെങ്കിൽ അസമത്വവ്യവസ്ഥയുടെ അടിയാധാരമായ ബ്രാഹ്മണ്യം നിർമൂലനം ചെയ്യപ്പെടണം. അനിഹിലേഷൻ ഓഫ് കാസ്റ്റ് എന്നതുകൊണ്ട് ഡോ. ബി.ആർ അംബേദ്കർ അർഥമാക്കിയത് ബ്രാഹ്മണ്യത്തിന്റെ ഉന്മൂലനം തന്നെയാണ്. ബ്രാഹ്മണ്യ നിർമൂലനത്തിലൂടെ മാത്രമേ ഇന്ത്യക്ക് സ്വതന്ത്രമാകാൻ കഴിയൂ. എല്ലാവരിലേക്കും അധികാരങ്ങളും അവകാശങ്ങളും പ്രവഹിക്കണമെങ്കിൽ ബ്രാഹ്മണ്യം തകരണം. കാരണം, എല്ലാവരും തുല്യമനുഷ്യരാണെന്ന അടിസ്ഥാന മാനവധർമം ബ്രാഹ്മണ്യം അംഗീകരിക്കുന്നില്ല. ചില ജാതികൾ ജന്മംകൊണ്ടുതന്നെ ശ്രേഷ്ഠരാണെന്നും മറ്റ് ചിലർ ജന്മത്താൽതന്നെ അസ്പൃശ്യരും ഭൗതികാസ്പദങ്ങൾ അനുഭവിക്കാൻ വിധിക്കപ്പെടാത്തവരുമായി ബ്രാഹ്മണ്യം കൽപിക്കുന്നു.

ഇത്തരം വിധിവിശ്വാസങ്ങൾ ഇന്ത്യയുടെ ഹൃദയഭാവമായി ഇന്നും തുടരുകയാണ്. ബ്രാഹ്മണ്യ അസമത്വവ്യവസ്ഥയുടെ തുടർച്ച നിമിത്തം ഇന്ത്യയുടെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർവകലാശാലകൾ, ഭരണാധികാര സ്ഥാപനങ്ങൾ, മാധ്യമസ്ഥാപനങ്ങൾ എന്നുവേണ്ട എല്ലായിടങ്ങളിലും ശക്തമായ സവർണാധിപത്യം നിലനിൽക്കുന്നു. സ്വത്തും അധികാരവും സവർണ കുത്തകയായി തുടരുന്നതിനാൽ സമൂഹത്തിൽ അസമത്വം നാശംവിതക്കുകയും അത് പരസ്പരവൈരം വളർത്തുകയും ചെയ്യുന്നു. ചുരുക്കത്തിൽ ജാതികൾ തമ്മിലുള്ള മത്സരം സൃഷ്ടിക്കുന്നത് ഇന്ത്യൻ ബ്രാഹ്മണ്യമാണ്.


മതങ്ങൾ തമ്മിലുള്ള മത്സരത്തിന്റെയും നിദാനം ബ്രാഹ്മണ്യമല്ലാതെ മാറ്റാന്നല്ല. ബ്രാഹ്മണ്യം മനുഷ്യർക്കിടയിലെ സാഹോദര്യത്തെയും സഹജീവനത്തെയും നിരന്തരം തടഞ്ഞുകൊണ്ടിരിക്കുന്നു. സംസ്‌കൃതത്തിൽ രചിക്കപ്പെട്ട ഇതിഹാസ പുരാണ പാഠങ്ങളും ധർമശാസ്ത്രങ്ങളും തന്ത്രഗ്രന്ഥങ്ങളും അസമത്വത്തെ സാധൂകരിക്കുന്ന ചാതുർവർണ്യ സിദ്ധാന്തത്തെയാണ് ആത്മഭാവമായി സ്വീകരിച്ചിട്ടുള്ളത്. ഈ ഗ്രന്ഥങ്ങളിൽ ‘പാഷണ്ഡർ’ എന്നൊരു വിഭാഗത്തെക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. ബുദ്ധമതം, ജൈനമതം, ഇസ് ലാം മത വിശ്വാസികൾ എന്നിവരെയാണ് പാഷണ്ഡമതത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഈ പാഷണ്ഡമത വിഭാഗങ്ങൾ വെറുക്കപ്പെടേണ്ട അപരരാണെന്ന വ്യക്തമായ വിധികൽപനകൾ പുരാണ ധർമശാസ്ത്ര തന്ത്രപാഠങ്ങൾ ഉദീരണം ചെയ്യുന്നുണ്ട്. ചുരുക്കത്തിൽ ബ്രാഹ്മണമതം ഇതര ആരാധനാ, വിശ്വാസ പാരമ്പര്യങ്ങളെ അപരരായാണ് സ്ഥാനപ്പെടുത്തിയത്. ബ്രാഹ്മണമതത്തിന്റെ ഈ അപരവിദ്വേഷമാണ് ഇന്ത്യയിൽ ഇസ് ലാമോഫോബിയയുടെയും ദലിത് പിന്നോക്ക ജന വെറുപ്പിന്റെയും ആധാര വേര്. ബൗദ്ധരെ ഭോജനത്തിന് അതിഥിയായി ക്ഷണിക്കരുതെന്നും അസ്പൃശ്യരാക്കപ്പെട്ട സ്വതന്ത്ര സമുദായങ്ങളെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കരുതെന്നും വിധിയെഴുതുകയും ചെയ്ത ബ്രാഹ്മണ്യപാഠങ്ങളാണ് നിരന്തരം ഇന്ത്യയിൽ മതവൈരം വളർത്തിയത്.

ഇത് മനസിലാക്കിയിട്ടാണ് ഗുരു സി.വിയോട്, ‘സമബുദ്ധിയോടും സമഭക്തിയോടുംകൂടി എല്ലാ മതങ്ങളെയും എല്ലാവരും പഠിച്ചറിയുവാനും ലഭിച്ച അറിവിനെ പരസ്പരം സ്‌നേഹപൂർവം വിനിമയം ചെയ്യാനും ശ്രമിക്കാൻ’ ആഹ്വാനം ചെയ്തത്.
ഇന്ത്യൻ ബ്രാഹ്മണ്യത്തിന് സമഭാവന എന്ന ആശയം സമ്പൂർണമായി വിദൂരത്താണ്. ഇക്കാര്യം തിരിച്ചറിഞ്ഞാണ് ഡോ. ബി.ആർ അംബേദ്കർ, ബ്രാഹ്മണമത സാഹിത്യത്തെ മനസിലാക്കാൻ സമത്വത്തെ ഒരു മാനദണ്ഡമാക്കുന്നു എന്ന് പ്രഖ്യാപിച്ചത്. എന്തെന്നാൽ സമത്വത്തെ ഒരു മാനദണ്ഡമാക്കിയാൽ ബ്രാഹ്മണ സാഹിത്യത്തിൽ ഒന്നുംതന്നെ അവശേഷിക്കുകയില്ല എന്നതാണ് സത്യവസ്തുത.

എല്ലാ മനുഷ്യരെയും സ്‌നേഹിക്കുന്ന സാഹോദര്യ സഹജീവനം സാധ്യമാകാൻ വിഘാതമാവുന്നത് ഇന്ത്യൻ സമൂഹത്തിൽ ആഴ്ന്നിറങ്ങിയിരിക്കുന്ന പ്രതിലോമബോധമായ ശ്രേണീകൃത ബ്രാഹ്മണ്യമാണ്. ഈ ശ്രേണീകൃത ബ്രാഹ്മണ്യമാണ് അപരപ്രിയത്തെ അസാധ്യമാക്കുന്നത്. ബ്രാഹ്മണ്യത്തിന്റെ ഉച്ചനീചത്വബോധ്യമാണ് മനുഷ്യരെ പരസ്പരം വെറുക്കാൻ പരിശീലിപ്പിക്കുന്നത്. നാരായണ ഗുരുസ്വാമികളുടെ ‘അപര പ്രിയ’മാണ് ഇന്ത്യൻ ജനായത്തെ ശക്തിപ്പെടുത്തുക. ‘നമ്മുടെ സമുദായം എല്ലാ മനുഷ്യരെയും ഒന്നായി ചേർക്കുന്നതാകുന്നു’ എന്ന ഗുരുവചനം അപര പ്രിയത്തിന്റെ ആത്മസത്തയുടെ പ്രകാശനമാണ്.

അപര പ്രിയം ഇന്ത്യയുടെ ആത്മഭാവമായി മാറിത്തീരുന്നതോടെ ഇന്ത്യയിലെ എല്ലാ സമുദായങ്ങളും ശക്തിപ്പെടുകയും പ്രാതിനിധ്യ ജനായത്തം പുഷ്‌കലമാവുകയും ചെയ്യും. അതായത് അപര പ്രിയമാണ് സാഹോദര്യ ജനായത്തത്തിന്റെ താക്കോൽവാക്യവും വിജ്ഞാനക്കരുവും.


ഇരുപതു കോടി മതങ്ങൾ


ഏകാത്മകവും ഏകശിലാത്മകവുമായ മത ബോധ്യങ്ങളെ നാരായണ ഗുരു പിന്തുണച്ചില്ല; എന്നു മാത്രമല്ല അത്തരം ബോധ്യങ്ങളെ കരുണാർദ്രമായി നിരസിക്കുകയും ചെയ്തു ഗുരു. സി.വി കുഞ്ഞിരാമനോടുള്ള സംഭാഷണത്തിൽ ഗുരു പ്രസ്താവിച്ചത് ഇങ്ങനെയാണ്: ‘നൈയായിക ദൃഷ്ട്യാ ഓരോ വ്യക്തിക്കും ഓരോ മതമുണ്ടെന് സമ്മതിക്കേണ്ടിവരും. അങ്ങനെയായാൽ ഹിന്ദുവായ രാമനും ഹിന്ദുവായ കൃഷ്ണനും ഒരു മതമല്ല വിശ്വസിക്കുന്നത്’. മതത്തെ ഒരൊറ്റക്കൽ പ്രതിഷ്ഠയാക്കുന്ന ആധിപത്യ ബോധ്യങ്ങളെയാണ് ഗുരു ഇതിലൂടെ തിരസ്‌കരിച്ചത്. ഗുരുവിന്റെ ഈ ആശയം ആലുവ സർവമത സമ്മേളനത്തിൽ സത്യവ്രതസ്വാമികൾ വിശദീകരിക്കുന്നുണ്ട്. അദ്ദേഹം പറഞ്ഞു

:"ലോകത്തിൽ ഇതേവരെ ഉണ്ടായിട്ടുള്ള മതങ്ങളിൽവച്ച് ഏറ്റവും ശ്രേഷ്ഠം ഏതെന്ന് രാമനുവേണ്ടി കൃഷ്ണൻ തീരുമാനിക്കുന്ന സമ്പ്രദായം ഉപേക്ഷിച്ച് ഭിന്നമതങ്ങൾ പഠിച്ചറിഞ്ഞ ശേഷം രാമനുവേണ്ടി രാമനും കൃഷ്ണനു വേണ്ടി കൃഷ്ണനും തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം രാമകൃഷ്ണന്മാർക്കു നൽകണം’. മതമെന്നാൽ അഭിപ്രായമാണെന്ന ഗുരുവചനം മതത്തെ വ്യക്തിയുടെ ആധ്യാത്മിക ബോധ്യമായി മാറ്റുകയും അതിനെ ആധിപത്യ സ്വഭാവത്തിൽ വളരുന്നതിൽനിന്ന് തടയുകയും ചെയ്തു. ‘മതമേതായാലും മനുഷ്യർ നന്നായാൽ മതി’ എന്ന ഗുരു സൂക്തിയുടെ ഊന്നൽ മനുഷ്യർ നന്നാവണം എന്നതിലാണ്. മതം ഏതായാലും മനുഷ്യർ നന്നാവുകയാണ് വേണ്ടത് എന്ന് ഗുരു അരുളി. എന്നാൽ രാഷ്ട്രീയ ബ്രാഹ്മണ്യം മതത്തെ ആധിപത്യസ്വഭാവത്തോടെ ബഹുജനങ്ങളിൽ അടിച്ചേൽപ്പിക്കുന്നു. ആത്യന്തികമായി ഇത് രാമനുവേണ്ടി കൃഷ്ണൻ തീരുമാനിക്കുന്ന സമ്പ്രദായമാണ്.


രാമനെ ഇന്ത്യയുടെ രാഷ്ട്രീയ കുലദൈവമാക്കി മാറ്റുന്ന രീതി ഓരോരുത്തരുടെയും വ്യക്തിപരമായ ആധ്യാത്മിക സ്വാതന്ത്ര്യത്തെയാണ് തടയുന്നത്. രാമനിൽ വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനുമുള്ള സ്വാതന്ത്ര്യത്തെയാണ് ഇത് ഇല്ലാതാക്കുന്നത്. അടിച്ചേൽപ്പിക്കപ്പെടുന്ന മതം വ്യക്തി സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമായി പരിണമിക്കുകയും ചെയ്യുന്നു. ഇങ്ങനെ സംഭവിക്കാതിരിക്കാനാണ് ഓരോ വ്യക്തിക്കും ഓരോ മതമുണ്ടെന്ന് ഗുരു പ്രസ്താവിച്ചത്. താൻ വിശ്വസിക്കാത്ത മതത്തെയും ആദരിക്കാനും സ്‌നേഹിക്കാനും ഗുരു പഠിപ്പിക്കുന്നു. ഗുരുവിന്റെ ഈ തത്വം അയോധ്യ ശ്രവിച്ചിരുന്നുവെങ്കിൽ ഇന്ത്യൻ മണ്ണിൽ ബാബരി മസ്ജിദ് തലയുയർത്തി തന്നെ നിൽക്കുമായിരുന്നു.


ബ്രാഹ്മണ്യത്തിന്റെ ആധിപത്യമനോഭാവവും അപര വെറുപ്പുമാണ് ബാബരിയെ തകർത്തെറിഞ്ഞത്. ഇനിയും ആയിരക്കണക്കിന് മുസ് ലിം ദേവാലയങ്ങൾ തകരാതിരിക്കണമെങ്കിൽ നാം ഗുരുവിനെ പഠിക്കണം, മനസിലാക്കണം. ഗുരു നമ്മോട് വീണ്ടും ചോദിക്കുന്നു: ‘ഇന്ന് ഇന്ത്യയുടെ ആവശ്യം എന്താണ്?’. 1925 ൽ ഗുരു നമുക്ക് മറുപടി നൽകി:‘ജാതികൾ തമ്മിലും മതങ്ങൾ തമ്മിലുമുള്ള മത്സരത്തിൽ നിന്നു മോചനം’. സത്യവ്രത സ്വാമികളുടെ വാക്കുകൾ കടമെടുത്താൽ, രാമന്റെ മതമാണ് സർവത്ര ശ്രേഷ്ഠമെന്ന് കൃഷ്ണൻ തീരുമാനിക്കുന്ന സമ്പ്രദായമാണ് എല്ലാ കലഹത്തിന്റെയും ആധാരം.

രാമന് സ്വന്തം ഇഷ്ടം തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം തടഞ്ഞതിലൂടെയാണ് വൈരം വളരുന്നത്. ഈ വൈരം തടയുന്നതിനുള്ള സിദ്ധൗഷധം മൈത്രിയാണ്.
താനല്ലാത്തതിലേക്കെല്ലാം തുറക്കുന്ന സാഹോദര്യ സഹജീവനമാണ് മൈത്രി. മൈത്രിയുടെ ഈ പൊരുളാണ് യഥാർഥത്തിൽ ഇന്ന് ഇന്ത്യക്ക് വേണ്ടത്. ആലുവയുടെ പൊരുൾ മൈത്രിയാണ്. അയോധ്യ കേൾക്കാതെ പോയ ഗുരുവിന്റെ മൈത്രിയുടെ പൊരുൾ ജനായത്ത വിശ്വാസികൾ വീണ്ടെടുക്കേണ്ട അനിവാര്യമായ കാലത്തിലൂടെയാണ് ഇന്ത്യ കടന്നുപോവുന്നത്. അത് തന്നെയാണ് ഗുരുവിന്റെ നേതൃത്വത്തിൽ നടന്ന സർവമത സമ്മേളനത്തിന്റെ ശതാബ്ദിയുടെ ഉത്തുംഗമായ പ്രസക്തിയും.

Meaning of Maitri After Babri



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗുജറാത്ത്; വ്യാജ ഗോവധക്കേസിൽ മുസ്‌ലിം യുവാക്കളെ കുറ്റവിമുക്തരാക്കി പഞ്ച്മഹൽ സെഷൻസ് കോടതി, പൊലിസിനെതിരെ നടപടി

latest
  •  8 days ago
No Image

17 കാരി പ്രസവിച്ച സംഭവം; 21കാരന്‍ അറസ്റ്റില്‍; പെണ്‍കുട്ടിയുടെ അമ്മയെയും പ്രതിചേര്‍ക്കും

Kerala
  •  8 days ago
No Image

തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് കാംപസില്‍ വിദ്യാര്‍ഥിനികള്‍ക്ക് ഹിജാബ് വിലക്ക്.

Kerala
  •  8 days ago
No Image

ബാബരി പൊളിച്ചവര്‍ക്കൊപ്പമെന്ന് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ്; മഹാവികാസ് അഘാഡി സഖ്യമൊഴിഞ്ഞ് എസ്.പി

National
  •  8 days ago
No Image

'സത്യദൂതർ' പ്രകാശിതമായി

organization
  •  8 days ago
No Image

വഖ്ഫ് ബില്ലില്‍ മുസ്‌ലിംകള്‍ക്കൊപ്പം നില്‍ക്കണമെന്ന് മെത്രാന്‍ സമിതിയോട് ക്രിസ്ത്യന്‍ എം.പിമാര്‍

National
  •  8 days ago
No Image

കൊല്ലത്ത് 3 വയസുകാരിക്ക് നേരെ തെരുവുനായ ആക്രമണം; തലയ്ക്കും കൈകള്‍ക്കും പരുക്ക്

Kerala
  •  8 days ago
No Image

ശബരിമലയില്‍ ദിലീപിന്റെ വി.ഐ.പി ദര്‍ശനത്തെ വീണ്ടും വിമര്‍ശിച്ച് ഹൈക്കോടതി;  സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചു

Kerala
  •  8 days ago
No Image

നവകേരള സദസ്സിനിടെ രക്ഷാപ്രവര്‍ത്തന പരാമര്‍ശം; മുഖ്യമന്ത്രിക്കെതിരേ തെളിവില്ലെന്ന് പൊലിസ്

Kerala
  •  8 days ago
No Image

ഇന്ദുജയുടെ മൃതദേഹത്തില്‍ മര്‍ദ്ദനമേറ്റ പാടുകള്‍, മകളെ കൊന്ന് കെട്ടിത്തൂക്കിയതെന്ന് പിതാവ്

Kerala
  •  8 days ago