നെഹ്റുവും ജനാധിപത്യവും:ചരിത്രത്തിൽ നിന്നുള്ള പാഠങ്ങൾ
രജീഷ് സി.എസ്
‘സ്പീക്കർ പ്രതിനിധീകരിക്കുന്നത് പാർലമെന്ററി സഭയെയാണ്. സ്‌പീക്കറിലൂടെ സഭയുടെ സമഗ്രതയും സ്വാതന്ത്ര്യവും സംരക്ഷിക്കപ്പെടുന്നു. ആ ഒരു മാർഗത്തിലൂടെ മാത്രമേ പാർലമെന്റിന് ഈ രാജ്യത്തെ പ്രതിനിധീകരിക്കാൻ സാധിക്കുകയുള്ളു. അങ്ങനെയെങ്കിൽ സ്പീക്കർ രാജ്യത്തിന്റെ സമഗ്രതയും സ്വാതന്ത്ര്യവും സംരക്ഷിക്കുന്ന പ്രധാന നിയമസ്ഥാപനം കൂടിയാണ്. മികച്ച വ്യക്തിത്വവും നിഷ്പക്ഷ മനോഭാവവുമുള്ളയാൾക്ക് മാത്രമേ ആ സ്ഥാനം അലങ്കരിക്കുവാൻ കഴിയുകയുള്ളൂ’-ജവഹർലാൽ നെഹ്‌റു.
ആധുനിക ജനാധിപത്യ സംവിധാനങ്ങളും സ്ഥാപനങ്ങളും മത ഭൂരിപക്ഷ, ന്യൂനപക്ഷ രാഷ്ട്രീയത്തെ അടിസ്ഥാനമാക്കി വാദപ്രതിവാദങ്ങളിലും സ്പർധകളിലും ഇടപെടുമ്പോൾ നഷ്ടപ്പെടുന്ന ജനാധിപത്യമൂല്യങ്ങൾ എത്രത്തോളം പ്രസക്തമാണെന്ന് ജവഹർലാൽ നെഹ്റുവിന്റെ വാക്കുകൾ ഓർമിപ്പിക്കുന്നു. നിഷ്പക്ഷമായി നിൽക്കേണ്ട രാഷ്ട്രസ്ഥാപനങ്ങളും നേതൃത്വവും വിഭാഗീയ രാഷ്ട്രീയത്തിന്റെ വക്താക്കളാകുമ്പോൾ ജനാധിപത്യ നടപടിക്രമങ്ങളും മാനദണ്ഡങ്ങളും നിരന്തരമായി വിസ്മരിക്കപ്പെടുന്നു.
സ്വജനപക്ഷപാതം, നവോത്ഥാന മൂല്യങ്ങളോടുള്ള പിന്തിരിപ്പൻ നിലപാട്, അവഗണിക്കപ്പെട്ടതും അരികുവൽക്കരിക്കപ്പെട്ടതുമായ ജനതയോടുള്ള നിരുത്തരവാദ സമീപനങ്ങൾ എന്നിവ ഏതു രാജ്യത്തിലെ നേതൃത്വത്തിന്റെയും നയങ്ങളായി മാറുമ്പോൾ അതിന്റെ ഏറ്റവും മാരക പ്രത്യാഘാതങ്ങൾ ആദ്യമായി വിള്ളലുകൾ സൃഷ്ടിക്കുന്നത് ജനാധിപത്യ സംവിധാനങ്ങളിലെ നാഡികളായ പാർലമെന്ററി സ്ഥാപനങ്ങളിലാണ്. അസാധാരണ സാഹചര്യങ്ങളിൽ പാർലമെന്റിലെ നിയമാനുസൃത നടപടികളെ മറികടന്നുകൊണ്ട് ഭരിക്കുന്ന സർക്കാരിന് നിയമം പാസാക്കാനും നടപ്പാക്കാനും സാധിക്കും. സാങ്കേതികമായി അത്തരത്തിലുള്ള നിയമനിർമാണ പ്രക്രിയയെ ഓർഡിനൻസ് എന്ന് വിളിക്കും.
ഇന്ത്യയിലെ പ്രഥമ പാർലമെന്ററി തെരഞ്ഞെടുപ്പിനുശേഷം ജവഹർലാൽ നെഹ്‌റുവിന്റെ നേതൃത്വത്തിൽ അധികാരത്തിലെത്തിയ സർക്കാരിന് ആ കാലഘട്ടത്തിലെ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ സാഹചര്യങ്ങൾ പരിഗണിച്ച് ചില ഓർഡിനൻസുകൾ ഇറക്കേണ്ടിവന്നു. എന്നാൽ അന്നത്തെ ലോക്സഭ സ്പീക്കർ ജി.വി മാവ് ലങ്കാർ പ്രധാനമന്ത്രി നെഹ്റുവുമായി തുറന്ന സംവാദത്തിൽ ഏർപ്പെട്ടു. ഓർഡിനൻസ് ഇറക്കുമ്പോൾ സാമാന്യമായി അംഗീകരിക്കേണ്ടതും സ്വീകരിക്കേണ്ടതുമായ ജനാധിപത്യ രീതികളെ സ്പീക്കർ സഭയെ ഓർമിപ്പിച്ചുകൊണ്ടായിരുന്നു സംവാദത്തിന്റെ തുടക്കം. ഓർഡിനനൻസ് എന്നാൽ എന്താണെന്നും ജനാധിപത്യ സംവിധാനത്തിൽ അതിന്റെ ഉപയോഗം എങ്ങനെയൊക്കെയാണെന്നും അനിവാര്യത ഏതൊക്കെ സാഹചര്യങ്ങളിലാണെന്നും മാവ് ലങ്കാർ വിസ്തരിച്ചു.
ഭൂരിപക്ഷത്തിന്റെ സ്വേച്ഛാധിപത്യത്തിലേക്ക് പാർലമെന്ററി സംവിധാനം നിലംപതിക്കാതിരിക്കാൻ ഓരോ പാർലമെന്റ് അംഗങ്ങളും കാണിക്കേണ്ട നിയമപരവും ഭരണഘടനാപരവുമായ ഉത്തരവാദിത്വങ്ങളെയാണ് സ്പീക്കറുടെ വാക്കുകൾ ഓർമിപ്പിക്കുന്നത്. സ്‌പീക്കറുടെ വിമർശനത്തെ നെഹ്‌റു നേരിട്ട രീതി ജനാധിപത്യത്തിന്റെ സൗന്ദര്യം വർധിപ്പിക്കുന്നതായിരിന്നു. നിയമനിർമാണസഭയും എക്സിക്യൂട്ടീവ് കൗൺസിലും തമ്മിൽ നിർബന്ധമായും പാലിക്കേണ്ട ജനാധിപത്യമര്യാദകളെ സ്പീക്കർ ജി.ഡി. മാവ് ലങ്കാർ ഓർമിച്ചപ്പോൾ നെഹ്‌റു ആ തത്വങ്ങളെ അംഗീകരിച്ചു. മാവ് ലങ്കാരുടെ നിയമവാഴ്ചയിലുള്ള വിശ്വാസംകണ്ട നെഹ്‌റു അദ്ദേഹത്തെ ലോക്സഭയുടെ പിതാവെന്നുകൂടി വിളിക്കുകയുണ്ടായി.
ഇവിടെയാണ് മാവ് ലങ്കാറിനൊപ്പം നാം നെഹ്റുവിന്റെ രാഷ്ട്രീയ പ്രബുദ്ധതയെ മനസിലാക്കേണ്ടത്. സങ്കുചിത രാഷ്ട്രീയ ലക്ഷ്യങ്ങൾക്കുപരിയായി രാഷ്ട്രം നിലനിൽക്കേണ്ടതുണ്ടെന്ന നെഹ്റുവിയൻ തത്വചിന്തയുടെ ഹൃദയസ്പർശിയായ സ്ഫുരണങ്ങൾകൂടി ഇവിടെ കാണാവുന്നതാണ്. കേരള സർവകലാശാല മുൻ പ്രോ വൈസ് ചാൻസലർ ഡോ. ജെ. പ്രഭാഷ് നെഹ്റുവിന്റെ ഫെഡറൽ ജനാധിപത്യ മര്യാദകൾ വൈവിധ്യം നിറഞ്ഞ സാമൂഹികവ്യവസ്ഥിതിയിൽ എത്രത്തോളം പ്രാധാന്യമർഹിക്കുന്നുവെന്നു പറഞ്ഞത് ഇങ്ങനെയാണ്: ‘ചരിത്രത്തിലെ ഇന്ത്യയെ പുനരാവിഷ്കരിക്കാനല്ല,
ആധുനിക ലോകത്തിനു ചേരുംവിധം രാജ്യത്തെ പാകപ്പെടുത്താനാണ് അദ്ദേഹം തുനിഞ്ഞത്. അതു പിന്നോട്ടുപോകുന്നതല്ല, മുന്നോട്ടുപോകാൻ വെമ്പൽ കൊള്ളുന്ന ഇന്ത്യയാണ്. മതം, ഭാഷ, സംസ്കാരം എന്നിവയിലെല്ലാം വ്യത്യസ്തത പുലർത്തിയ ഒരു ജനതയെ ശാസ്ത്രബോധമുള്ളവരും വിദ്യാസമ്പന്നരുമാക്കി മാറ്റുവാൻ അദ്ദേഹത്തിന്റെ അറിവും കഴിവും പരമാവധി പ്രയോജനപ്പെടുത്തി, വൻകിട പദ്ധതികളിലൂടെയും രാജ്യാന്തര നിലവാരമുള്ള ഗവേഷണസ്ഥാപനങ്ങൾ സ്ഥാപിച്ചും ഇന്ത്യയെ ഇന്നു കാണുന്ന അവസ്ഥയിലേക്ക് എത്തിക്കാൻ അടിത്തറ പാകിയത് നെഹ്റുവാണ്. ഇങ്ങനെയുള്ള ഇന്ത്യ അതിന്റെ എല്ലാ വൈവിധ്യങ്ങളോടും കൂടി നിലകൊള്ളുന്നു. നാനാത്വത്തിലെ ഏകത്വവും ഏകത്വത്തിലെ നാനാത്വവും സമാസമം ചേർത്തു രൂപപ്പെടുത്തിയ ജനാധിപത്യ സ്വരൂപം’.
കൊളോണിയൽ ഭരണത്തിൽനിന്ന് സ്വതന്ത്രമായ ഇന്ത്യ നേരിട്ട ഏറ്റവും വലിയ പ്രതിസന്ധി, ഒന്നുമില്ലായ്മയിൽനിന്ന് ഒരു രാഷ്ട്രത്തെ കെട്ടിപ്പടുക്കുക എന്നതായിരുന്നല്ലോ. സ്വാതന്ത്ര്യലബ്ധിയുടെ ആദ്യ ദശകങ്ങളിൽ നാം നേരിട്ട ഏറ്റവും വലിയ പ്രതിസന്ധികളിൽ പ്രധാനപ്പെട്ടത് പുതിയ നിയമനിർമാണങ്ങൾ കൂടിയായിരുന്നു. പതിറ്റാണ്ടുകളായി വിദേശാധിപത്യത്തിലായ രാജ്യം ഒരു സുപ്രഭാതത്തിൽ അതിന്റെ നുകത്തിൽനിന്നു മോചിപ്പിക്കപ്പെടുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങൾ സമാനതകളില്ലാത്തതാണ്. അഭയാർഥി പ്രശ്നങ്ങളും വംശീയ കലാപങ്ങളും ഉൾപ്പെടെ രാജ്യത്തിന്റെ വിഭജനം സൃഷ്ടിച്ച ദുരന്തങ്ങൾ വേറെയും. ഫലമോ, രാഷ്ട്രനിർമാണം ഒരേസമയം ഇന്ത്യക്കാരെയും ഇന്ത്യയെയും സൃഷ്ടിക്കുന്നതായി മാറി.
ഇത്തരം പ്രതിസന്ധികളെ നേരിടാൻ നിർമിച്ച ഓർഡിനൻസുകൾ ഒരിക്കൽപ്പോലും ജനാധിപത്യവ്യവസ്ഥിതിയെ ചോദ്യചെയ്യപ്പെടാത്തതാവണം എന്ന പൊതുബോധം നെഹ്റുവിനുണ്ടായിരുന്നു. അതിനുവേണ്ടി അദ്ദേഹം ജനാധിപത്യത്തെ ശക്തിപ്പെടുത്തിയും സാമൂഹിക പരിവർത്തനത്തിനും സാമ്പത്തിക വളർച്ചയ്ക്കും ഉതകുന്ന നയങ്ങൾ നടപ്പാക്കി ജനങ്ങളിൽ ആത്മാഭിമാനം വളർത്തിയും മേൽപ്പറഞ്ഞ സ്വത്വപ്രതിസന്ധിയെ മുറിച്ചുകടക്കാനാണ് ശ്രമിച്ചത്. ഇതോടെ, ഐക്യവും സാമൂഹിക മൈത്രിയും ഉറപ്പിക്കുന്നതിനും വ്യാവസായിക പുരോഗതി കൈവരിക്കുന്നതിനും ലോകത്തിനു മുന്നിൽ തലയുയർത്തി നിൽക്കുന്നതിനുമായുള്ള ഊന്നൽ മാത്രമല്ല, സാമ്പത്തിക-രാഷ്ട്രീയ സ്വാതന്ത്ര്യം, സാമ്പത്തിക ജനാധിപത്യം, രാഷ്ട്രീയ ജനാധിപത്യം ഇവയെല്ലാം പരസ്പര പൂരകങ്ങളാണെന്ന വിശ്വാസവും രൂഢമൂലമായി.
വികസനവും സാമൂഹികനീതിയും ജനങ്ങളെയും സർക്കാരിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന കണ്ണിയും രാജ്യത്തിന്റെ രാഷ്ട്രീയ-ധാർമിക അടിത്തറയുമായി മാറുന്നത് ഈ വിധമാണ്. ഗാന്ധിയെയും അംബേദ്കറെയും മാറ്റിനിർത്തിയാൽ വ്യക്തമായൊരു രാഷ്ട്രീയ, സാമ്പത്തിക ദർശനം ചിട്ടപ്പെടുത്തിയ മറ്റൊരു രാഷ്ട്രീയ നേതാവ് നെഹ്റുവാണ്. സമകാലീന ഇന്ത്യയിൽ പാസാക്കിയതും നടപ്പാക്കിയതുമായ പല ഓർഡിനൻസുകളും ദേശീയഅന്തർദേശീയ മാധ്യമങ്ങളുടെ ശക്തമായ വിമർശനങ്ങൾക്ക് കാരണമായിട്ടുണ്ട്.
പല ഓർഡിനൻസുകളുടെയും സ്വഭാവം ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ ചോദ്യം ചെയ്യുന്നതുകൂടിയായിരിന്നു. ഡൽഹി സർക്കാരിന്റെ അധികാരപരിധിയിലേക്ക് കടന്നുകയറിയ ജെ.എൻ.സി.ടി ഡൽഹി ഓർഡിനൻസ് ഇന്നും ചർച്ചാവിഷയമായി നിൽക്കുന്നു. ഇവിടെയാണ് നെഹ്റുവിയൻ രാഷ്ട്രീയബോധ്യത്തെ ബഹുമാനിക്കപ്പെടുന്നത്. ഇന്ത്യ കണ്ട ഏറ്റവും ജനകീയനായ ഭരണകർത്താവും മറ്റാരുമല്ല. ജനങ്ങളുമായി വൈകാരിക ബന്ധം സൂക്ഷിക്കാനും അവരുമായി ആശയവിനിമയം നടത്താനും അദ്ദേഹത്തിനുള്ള കഴിവ് വേറെതന്നെ.
ആർ.പി നൊറോണ എന്ന സിവിൽ സർവിസുകാരൻ മധ്യപ്രദേശിൽ ജോലിക്കിടെയുണ്ടായ അനുഭവം ആത്മകഥയിൽ (R.P Noronha, A Tale Told by an Idiot) വിവരിക്കുന്നത് ശ്രദ്ധേയമാണ്. വർഗീയ സംഘർഷം നടന്ന സ്ഥലം നേരിട്ട് സന്ദർശിക്കാൻ വാശിപിടിച്ച പ്രധാനമന്ത്രി നെഹ്റുവിനോട് ഒടുവിൽ നൊറോണയ്ക്ക് പറയേണ്ടിവന്നു:
‘സംഘർഷഭരിതമായ ആ സ്ഥലത്തേക്ക് നിങ്ങളെ കൊണ്ടുപോകാനാവില്ല. മുന്നോട്ടുപോവുകയാണെങ്കിൽ എനിക്ക് നിങ്ങളെ അറസ്റ്റ് ചെയ്യേണ്ടിവരും’. ഇതോടെ നെഹ്റു പിന്തിരിഞ്ഞുവത്രെ. വെറുമൊരു ഉദ്യോഗസ്ഥൻ രാജ്യത്തെ പ്രധാനമന്ത്രിയെ അറസ്റ്റ് ചെയ്യുമെന്നു പറയുക, അദ്ദേഹം ആ ഭീഷണിക്കു വഴങ്ങുക. ഇതു നമുക്കു ചിന്തിക്കാനാകുമോ? രണ്ടു കാര്യങ്ങൾ ഇതിൽ അന്തർലീനമാണ്; നെഹ്റുവിന് ജനങ്ങളോടുള്ള സ്നേഹവും നിയമത്തോടുള്ള ബഹുമാനവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."