മുഖ്യമന്ത്രിയുടെ പരാമർശം വർഗ്ഗീയ ധ്രുവീകരണത്തിന് ആക്കം കൂട്ടുന്നത്:എസ് കെ എസ് എസ് എഫ്
കോഴിക്കോട് : പൂഞ്ഞാറിൽ വൈദികന് നേരെയുണ്ടായ അക്രമ സംഭവവുമായി ബന്ധപ്പെട്ട് ഉന്നയിക്കപ്പെട്ട ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രസ്താവന സമൂഹത്തിൽ തെറ്റിദ്ധാരണയുണ്ടാക്കുന്നതാണെന്നും പ്രസ്തുത വിഷയത്തിൽ കൃത്യമായ നിലപാട് വ്യക്തമാക്കണമെന്നും എസ്കെഎസ്എസ്എഫ് സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളും ജനറൽ സെക്രട്ടറി ഒ.പി അഷ്റഫ് കുറ്റിക്കടവും സംയുക്ത പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
ചെയ്ത കുറ്റകൃത്യം മാത്രം നോക്കി കുറ്റവാളികൾക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിന് പകരം കുറ്റവാളികളുടെ മതം തിരിച്ച് കണക്കെടുക്കുന്നതും ചർച്ചയാക്കുന്നതും നാടിൻ്റെ മതേതര സ്വഭാവത്തിന് യോജിച്ചതല്ല.പ്രസ്തുത സംഭവത്തിൽ വിവിധ മത വിഭാഗങ്ങളിൽ പെട്ട വിദ്യാർത്ഥികളുൾപ്പെടെയുള്ളവർ പ്രതികളായിട്ടുണ്ടെന്നിരിക്കെ ഒരു സമുദായത്തെ മാത്രം പേരെടുത്ത് പരാമർശിക്കാനിടയായത് മുസ്ലിം വിദ്വേഷം പേറുന്ന ചിലർ കൈമാറുന്ന തെറ്റായ വിവരങ്ങൾ അടിസ്ഥാനമാക്കിയാണോ എന്ന് പരിശോധിക്കണമെന്നും അവർ കൂട്ടി ചേർത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."