HOME
DETAILS

സ്ത്രീ: സാമൂഹിക സുരക്ഷിതത്വവും പ്രാതിനിധ്യവും

  
backup
March 08 2024 | 00:03 AM

women-social-security-and-representation

ഇ.കെ.ദിനേശൻ


ലോകത്തെമ്പാടുമുള്ള സ്ത്രീകൾ ഒരേ രീതിയിലുള്ള പ്രശ്നങ്ങളെയാണ് അഭിമുഖീകരിക്കുന്നത്. ഈയൊരു പ്രയോഗം അതിശയോക്തിയായി തോന്നിയേക്കാം. കാരണം, ലോകത്തെ സ്ത്രീകൾ വ്യത്യസ്ത സാമൂഹിക സാഹചര്യങ്ങളിലാണ് വളരുന്നതും ജീവിക്കുന്നതും. അതിനനുസരിച്ച് സ്ത്രീകളുടെ അവകാശാധികാരങ്ങളും ഭൗതിക സാഹചര്യങ്ങളും മാറ്റപ്പെടേണ്ടതാണ്.

അങ്ങനെ സംഭവിക്കുമ്പോഴും അടിസ്ഥാനപരമായി സ്ത്രീകൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്ക് നിരവധി സമാനതകൾ കാണാം. ഇതാണ് കാലാകാലങ്ങളായി ലോകത്തെ മുഴുവൻ സ്ത്രീകളുടെയും സ്വത്വപ്രതിസന്ധിയായി വളരുന്നത്. ഇതിൻ്റെ വലുപ്പത്തെ നിർണയിക്കുന്നതിൽ അതത് രാജ്യത്തെ രാഷ്ട്രീയ സാഹചര്യങ്ങൾക്ക് നിർണായക പങ്കുണ്ട്. ഇതാകട്ടെ സ്ത്രീകളെ മാത്രം ബാധിക്കുന്നതിൽ ഒതുങ്ങുന്നുമില്ല. കുട്ടികളും ഇതിൻ്റെ ഭാഗമാണ്.


യുദ്ധത്തിലും കലാപത്തിലും വർഗീയ ലഹളകളിലും ആദ്യത്തെ ഇര സ്ത്രീകളാണ്. കുടുംബത്തിലെ ആഭ്യന്തര പ്രശ്നങ്ങളിലും ഈ സമീപനം എക്കാലത്തും നിലനിന്നിട്ടുണ്ട്. എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു. അതിന് ഒറ്റ ഉത്തരമേയുള്ളൂ. പുരുഷമേൽക്കോയ്മയാണത്. നിലവിലെ സാമൂഹികഘടനയിൽ അതീശ്വത്ത മനോഭാവവും അധികാരത്തിന്റെ ഘടനാപരമായ ഇടപെടലും പുരുഷനാൽ നിയന്ത്രിതമാണ്. സ്ത്രീകളോടുള്ള സമീപനത്തിൽ ഈ അധികാരബോധം നേരിട്ട് ഇടപെടുന്നുണ്ട്.


രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ഉണ്ടായിട്ടുള്ള രാഷ്ട്രീയ സാഹചര്യം ശ്രദ്ധേയമാണ്. അടിമത്ത ഭരണക്രമത്തിൽനിന്ന് പതുക്കെ സമൂഹം ജനാധിപത്യവൽക്കരിക്കപ്പെട്ടു. അത്തരം മാറ്റത്തിൻ്റെ ഗുണഭോക്താക്കളിൽ ചെറുതാണെങ്കിലും സ്ത്രീകളും ഉൾപ്പെട്ടിട്ടുണ്ട്. അപ്പോഴും മൂന്നാംലോക രാഷ്ട്രങ്ങളിലെ സ്ത്രീജീവിതം വലിയ രീതിയിൽ മാറ്റപ്പെട്ടില്ല. മാത്രമല്ല, അഭയാർഥികളും ദേശഭ്രഷ്ടരുമായ ജനങ്ങളും പെരുകുന്നത് മൂന്നാം ലോകരാജ്യങ്ങളിൽ നിന്നാണ്.

അവർക്ക് ആത്മദേശംതന്നെ അപരദേശമായി മാറുന്നു. ഈയൊരു സാഹചര്യത്തിലാണ് ഭരണകൂടങ്ങൾക്ക് സ്ത്രീകളോടുള്ള സമീപനത്തിൻ്റെ രാഷ്ട്രീയത്തെ വായിച്ചെടുക്കാൻ കഴിയുന്നത്. പ്രത്യേകിച്ചും ഇന്ത്യയിൽ. രാജ്യത്ത് സ്ത്രീകളുടെ അവകാശങ്ങളെ ഉയർത്തിക്കൊണ്ടുവരാൻ ജനാധിപത്യ സംവിധാനങ്ങൾക്ക് കഴിയേണ്ടതുണ്ട്. അത് സാധ്യമാകുന്നില്ല.

സ്ത്രീ സംവരണം എന്ന അവകാശവുമായി പാർലമെൻ്റിൽ ബില്ലുകൾ അവതരിപ്പിക്കാൻ കഴിഞ്ഞെങ്കിലും അതിൻ്റെ പ്രയോജകരാകാൻ ഇനിയും സ്ത്രീകൾക്ക് കഴിഞ്ഞിട്ടില്ല. ഇത്തരം വസ്തുതകൾ നിലനിൽക്കെ സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങളുടെ രാഷ്ട്രീയത്തെ വിശകലനം ചെയ്യേണ്ടത് ഹിംസാത്മക സാമൂഹികാവസ്ഥയുടെ ഭാഗമായിട്ടാണ്.


സ്ത്രീകളും ഹിംസയും


എന്തുകൊണ്ടാണ് ലോകത്തെവിടെയും നടക്കുന്ന യുദ്ധങ്ങളിലും കലാപങ്ങളിലും സ്ത്രീകൾ നേരിട്ടുള്ള ഇരകളാകുന്നത്. ഭരണകൂട നിയന്ത്രിതമായ കലാപങ്ങളിൽ സ്ത്രീകൾ ഇരയാക്കപ്പെടുന്നതിന്റെ മനശ്ശാസ്ത്രം വ്യക്തമാണ്. ഭരണകൂടത്തിനെതിരേയുള്ള പ്രതിരോധത്തിന് നേതൃത്വം കൊടുക്കുന്നവരുടെ കുടുംബത്തിലെ സ്ത്രീകൾ പെട്ടെന്ന് ഇരയാകുന്നു. ഭാര്യയെയും മക്കളെയും ബലാത്സംഗത്തിന് വിധേയമാക്കി പുരുഷനെ നിഷ്ക്രിയമാക്കുന്ന മനശ്ശാസ്ത്രം.


2002ലെ ഗുജറാത്ത് കലാപത്തിലും മണിപ്പൂരിലും മറ്റ് അനേകം ചെറുതും വലുതുമായ കലാപങ്ങളിൽ ഇത് കൃത്യമായി ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. ബലാത്സംഗത്തിന് ഇരയാകുന്ന സ്ത്രീകൾ മാത്രമല്ല, കുട്ടികളെയും ഇത് മാനസികമായും ശാരീരികമായും തളർത്തുന്നുണ്ട്. ഒക്ടോബർ ഏഴിന് തുടങ്ങിയ ഫലസ്തീൻ യുദ്ധത്തിൽ ഗസ്സയിൽ ഓരോ മണിക്കൂറിലും രണ്ടു അമ്മമാർ കൊല്ലപ്പെടുന്നു എന്ന് യു.എന്നിൻ്റെ വനിതാ ഏജൻസി എക്സിക്യൂട്ടീവ് ഡയരക്ടർ സീമ ബാഹൂസ് വ്യക്തമാക്കിയിട്ടുണ്ട്.

മുപ്പതിനായിരത്തിൽ കൂടുതൽ മനുഷ്യർ കൊല്ലപ്പെട്ട ഗസ്സയിൽ 30 ശതമാനത്തിലേറെ സ്ത്രീകളാണ്. കുട്ടികളാണെങ്കിൽ 10000 കൂടുതൽ കഴിഞ്ഞു. സ്ത്രീകൾക്ക് നേരെയുള്ള അക്രമത്തിന്റെ സ്വഭാവം ഭരണകൂടത്താൽ നിയന്ത്രിതമാണ്. യുദ്ധദേശത്ത് സൈനികരുടെ ആത്മബലത്തെ ശക്തിപ്പെടുത്താൻ സ്ത്രീകൾ ഇരയാക്കപ്പെടുന്നു.


സ്ത്രീകളും
സാമൂഹിക സുരക്ഷിതത്വവും


എക്കാലത്തും ഭരണകൂടവും ജനായത്ത സഭകളും സാംസ്കാരിക പ്രസ്ഥാനങ്ങളും ചർച്ചചെയ്യുന്നതാണ് സ്ത്രീകളുടെ സാമൂഹിക സുരക്ഷിതത്വം. പൂർണമായും രാഷ്ട്രീയത്താൽ നിയന്ത്രിക്കപ്പെടുന്ന സമൂഹത്തിൽ ജീവിക്കുന്ന മനുഷ്യരുടെ സുരക്ഷിതത്വത്തിന്റെ ഉത്തരവാദിത്വം ഭരണകൂടങ്ങൾക്കാണ്. എന്നാൽ ഭരണകൂടങ്ങൾ തന്നെ ഹിംസയിൽ അധിഷ്ഠിതമാകുമ്പോൾ സുരക്ഷിതത്വം എന്നത് കൊള്ളയായ വാഗ്ദാനമാണ്. ഇതിൻ്റെ ഇന്ത്യൻ പരിസരം ലോക പരിസരങ്ങളിൽനിന്ന് വ്യത്യസ്തമാണ്.

അത് തുല്യനീതിയെ നിഷേധിക്കുന്ന സാമൂഹികാവസ്ഥയുടെ ഫലമാണ്. മഹാനഗരങ്ങളിലും ചേരികളിലും ജീവിക്കുന്ന കീഴ്ജാതി മനുഷ്യർക്ക് നേരെയുള്ള അക്രമണോത്സുക ഇടപെടലിന് വംശീയമായ ന്യായീകരണങ്ങളുണ്ട്. സവർണാധികാരഘടനക്കുള്ളിൽ കീഴ്ജാതി മനുഷ്യരുടെ സാമൂഹികാസ്തിത്വത്തെ നിർണയിക്കുന്നത് ജാതിയാണ്. കീഴ്ജാതി സ്ത്രീകൾക്കെതിരേ ഒരേസമയം നടക്കുന്നത് ഇരട്ട അതിക്രമങ്ങളാണ്.

ഒന്ന് ജാതിസ്വത്വത്തോടും മറ്റൊന്ന് ശരീരത്തോടുമാണ്. അതുകൊണ്ടാണ് ഇന്ത്യയിൽ ബലാത്സംഗം പോലെയുള്ള ഭീകരമായ ഹിംസയ്ക്ക് വ്യത്യസ്തമായ പ്രതികരണങ്ങൾ ഉണ്ടാക്കുന്നത്. ഉന്നതജാതിയിൽപ്പെട്ട സ്ത്രീകൾക്കെതിരേയുള്ള അതിക്രമങ്ങൾ മാധ്യമങ്ങളും പൊതുസമൂഹവും ഗൗരവത്തിൽ ചർച്ച ചെയ്യുന്നു. എന്നാൽ കീഴ്ജാതിയിൽപ്പെട്ട സ്ത്രീകൾ നിരന്തരമായി ബലാത്സംഗത്തിന് ഇരയാക്കി കൊന്നു കെട്ടിത്തൂക്കുന്നത് വാർത്തയാകുന്നില്ല. ഇതിന് ബലം നൽകുന്ന രീതിയിലാണ് പലപ്പോഴും പ്രാഥമികമായ നിയമ സംവിധാനങ്ങൾ പോലും നിലപാടുകൾ സ്വീകരിക്കുന്നത്.


2019-നും 21നും ഇടയിൽ ഇന്ത്യയിൽ 13.13 ലക്ഷം സ്ത്രീകളെ കാണാതായി. ഈ വിവരം പാർലമെൻ്റിൽ ആഭ്യന്തര മന്ത്രാലയമാണ് അവതരിപ്പിച്ചത്. ഈ കണക്ക് പുറത്ത് വന്നത് 2023 ജൂലൈയിലാണ്. അതിനുശേഷം എണ്ണം വീണ്ടും വർധിക്കാനാണ് സാധ്യത. കൂടുതൽ പേരെ കാണാതായത് മധ്യപ്രദേശിലാണ്. രണ്ടാമത് പശ്ചിമ ബംഗാളിലും. ഇങ്ങനെ കാണാതായ സ്ത്രീകൾ തന്നെ 18 വയസിന് മുകളിലുള്ള 10, 61 ,648 സ്ത്രീകളാണ്. 18 വയസിന് താഴെയുള്ളതാകട്ടെ 2, 51, 430 പെൺകുട്ടികളാണ്. ഈയൊരു കണക്ക് സൂചിപ്പിക്കുന്നത് സാമൂഹിക സുരക്ഷിതത്വം കുറഞ്ഞ ദേശങ്ങളിലാണ് സ്ത്രീകളെ കാണാതാവുന്നത് എന്നതാണ്.

ഇതിലാകട്ടെ ഏറ്റവും കൂടുതൽ കീഴ്ജാതി പെൺകുട്ടികളാവാനാണ് സാധ്യത. എന്തുകൊണ്ട് ഈ സ്ത്രീകളെ കണ്ടെത്തി അവരുടെ സുരക്ഷിതത്വം വർധിപ്പിക്കാൻ കഴിയുന്നില്ല.


സ്ത്രീകൾക്ക് സ്വന്തമായി ഒരു നാടില്ലെന്ന് എഴുത്തുകാരിയായ ഡോ. ആർ രാജശ്രീ പറയുകയുണ്ടായി. സ്വാതന്ത്ര്യസമരകാലത്ത് മഹാത്മാഗാന്ധിജിയോട് അംബേദ്ക്കറും ഇതേപോലെ പറഞ്ഞിട്ടുണ്ട്. ഇന്ത്യയിലെ ദലിതരായ മനുഷ്യർക്ക് സ്വന്തമായ ഒരു രാജ്യമില്ല എന്ന്. അന്ന് പറഞ്ഞതും ഈ ഒരു അർഥത്തിൽ തന്നെയാണ്. അതായത് ഒരു രാഷ്ട്രത്തിന് മുഴുവൻ മനുഷ്യരെയും എല്ലാ അർഥത്തിലും ഉൾക്കൊള്ളാൻ കഴിയുന്നതായിരിക്കണം. അത് ഇല്ലാതാവുമ്പോൾ അവർ ചോദ്യം ചെയ്യപ്പെടുന്നത് മാനസികമായി മാത്രമല്ല, ശാരീരികമായിട്ട് കൂടിയാണ്.

സ്ത്രീകൾ ഏത് സമയത്തും സ്വന്തം ശരീരത്തിൽ ഒരു കടന്നാക്രമണത്തെ ഭയക്കുന്നുണ്ട്. പുരുഷാധിപത്യത്തിൻ്റെ ഈ അക്രമാണാത്മക മാനസികാവസ്ഥ വസ്തുതയാണ്.


അതുകൊണ്ടായിരിക്കണം 2021 ഓഗസ്റ്റിൽ സുപ്രിംകോടതി കോടതി വ്യവഹാര ഭാഷയിൽ നിന്ന് സ്ത്രീവിരുദ്ധ വാക്കുകളും ലിംഗ തുല്യമല്ലാത്ത പദങ്ങളും മുൻവിധി ഉണ്ടാക്കുന്ന വാക്കുകളും ഒഴിവാക്കാൻ ശ്രമിച്ചത്. ഇതിനുവേണ്ടി കൈപ്പുസ്തകം തയാറാക്കി. ചീഫ് ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഡ് മുൻകൈയെടുത്താണ് പുസ്തകം തയാറാക്കിയത്.

വളരെ കൃത്യമായിട്ട് ചില വാക്കുകൾ ഇതിൽ പറയുന്നുണ്ട്. വീട്ടമ്മ, വേശ്യ, വ്യഭിചാരണി തുടങ്ങിയ വാക്കുകൾ ഇനിമുതൽ കോടതികളിൽ ഉപയോഗിക്കരുതെന്നും അത് സ്ത്രീകളുടെ അന്തസിനെ നിരക്കാത്തതാണെന്നും കോടതി വ്യക്തമാക്കുന്നുണ്ട്. അതിൽ വേശ്യാവ്യത്തി എന്ന വാക്ക് പൂർണമായി മാറ്റി സ്ത്രീ എന്നു മാത്രമേ ഉപയോഗിക്കാവൂ.

ഇത്തരത്തിലുള്ള ഉത്തരവ് കോടതിയിൽനിന്ന് ഉണ്ടാവുമ്പോൾ ഭരണകൂടം കൂടുതൽ ജാഗ്രത പാലിക്കേണ്ടതുണ്ട്. സ്ത്രീ പുരുഷന് ഒപ്പം ജീവിക്കുമ്പോൾതന്നെ അടിച്ചമർത്തുന്ന ആധിപത്യസ്വഭാവത്തിലേക്ക് മാറുന്ന ‘പുരുഷരെ’ പ്രതിരോധിക്കാൻ കഴിയണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ 

Kerala
  •  a day ago
No Image

തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് മരത്തിലിടിച്ച് 12 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

Kerala
  •  a day ago
No Image

അല്ലു അര്‍ജുന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി

Kerala
  •  a day ago
No Image

ജോലിക്കെത്തിയതിൻ്റെ പിറ്റേന്ന് 37 പവൻ സ്വർണം കവർച്ച നടത്തി മുങ്ങിയ പ്രതികൾ പിടിയിൽ

latest
  •  a day ago
No Image

ഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി

qatar
  •  a day ago
No Image

രേണുകാ സ്വാമി കൊലക്കേസ്: കന്നട നടന്‍ ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം

National
  •  a day ago
No Image

വെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി 

Saudi-arabia
  •  a day ago
No Image

അല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി

National
  •  a day ago
No Image

ആലപ്പുഴയില്‍ മകന്റെ കുത്തേറ്റ പിതാവ് ചികിത്സയ്ക്കിടെ മരിച്ചു, മകന്‍ അറസ്റ്റില്‍

Kerala
  •  a day ago
No Image

എയർപോർട്ട് റോഡുകളിലൂടെയുള്ള സഞ്ചാരം കുറക്കണമെന്ന് അഭ്യർത്ഥിച്ച് ദുബൈ പൊലിസ്

uae
  •  a day ago