കാടിറങ്ങുന്ന വന്യതയ്ക്ക് പരിഹാരമില്ലേ
എസ്. ജയമോഹൻ
കേരളത്തില്‍ 200ഓളം പഞ്ചായത്തുകളിലായി മൂന്ന് ദശലക്ഷത്തിലധികം ജനങ്ങളാണ് അനുദിനം വന്യമൃഗങ്ങളും മനുഷ്യരും തമ്മിലുള്ള സംഘര്‍ഷത്തില്‍ തീതിന്ന് ജീവിക്കുന്നത്. ഇവരില്‍ ബഹുഭൂരിപക്ഷവും തോട്ടം മേഖലയിലെ തൊഴിലാളികളാണ്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ മാത്രം സംസ്ഥാനത്ത് ആന, കടുവ, കാട്ടുപന്നി തുടങ്ങിയ വന്യജീവികളുടെ ആക്രമണത്തില്‍ 637 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് കഴിഞ്ഞ ഫെബ്രുവരി മാസം വനം മന്ത്രി എ.കെ ശശീന്ദ്രന്‍ നിയമസഭയെ അറിയിച്ചത്. ഇക്കാലയളവില്‍ ഗുരുതരമായി പരുക്കേറ്റവരാകട്ടെ 7,982 ആണ്. ഇവരില്‍ പലരും സ്വന്തമായി എഴുന്നേറ്റു നടക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലുമാണ്. കഴിഞ്ഞ 14 വര്‍ഷത്തെ കണക്കെടുത്താല്‍ വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 1500ലധികം വരും. 51 കോടി രൂപയാണ് വന്യജീവി ആക്രമണങ്ങള്‍ സംബന്ധിച്ച ചെലവുകള്‍ക്കായി സര്‍ക്കാര്‍ 2022--..23 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം വിനിയോഗിച്ചത്. മറ്റൊരു ഞെട്ടിക്കുന്ന കണക്ക് ആനകള്‍ ചവിട്ടി കൊല്ലുന്ന മനുഷ്യരുടെ എണ്ണവുമായി ബന്ധപ്പെട്ടതാണ്. 1990 മുതല്‍ 2,000 വരെയുള്ള 10 വര്‍ഷത്തില്‍ കേവലം 10ൽ താഴെയാണ് ആന ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവര്‍. പിന്നീടത് പതിന്മടങ്ങ് വര്‍ധിക്കുന്നതായി കാണാം.
വന്യജീവികളുടെ ആക്രമണത്തിന്റെ ഭാഗമായുള്ള കൃഷിനാശവും വീടിന് കേടുപാടുകളുണ്ടാകലും വ്യാപകമാണ്. കണ്ണൂര്‍ ജില്ലയിലെ ആറളം ഫാമിനോട് ചേര്‍ന്നുള്ള പ്രദേശത്ത് മാത്രം കഴിഞ്ഞ എട്ടു വര്‍ഷത്തിനിടെ 14 തൊഴിലാളികളാണ് കാട്ടാനകളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കൊല്ലം ജില്ലയുടെ കിഴക്കന്‍ മേഖലകളില്‍ കാട്ടുപന്നിയുടെ ആക്രമണത്തിന് വിധേയമായി മരിച്ചവരുടെ എണ്ണവും ആശങ്കയുളവാക്കുന്നതാണ്. ആധുനിക സമൂഹം എന്ന നിലയില്‍ വനത്തെയും വന്യജീവികളെയും സംരക്ഷിക്കുക എന്നത് നമ്മുടെ ഉത്തരവാദിത്വം തന്നെയാണ്. പക്ഷേ, അതിന്റെ പേരില്‍ സാധാരണ മനുഷ്യരുടെ സമാധാന ജീവിതത്തിന് ഭംഗമുണ്ടാവുന്നത് അനുവദിക്കാന്‍ കഴിയുന്നതല്ല. എന്തുകൊണ്ടാണ് കാടുവിട്ട് വന്യജീവികള്‍ നാട്ടിലേക്ക് ഇറങ്ങുന്നതെന്നതിന്റെ കാരണങ്ങള്‍ ശാസ്ത്രീയമായി മനസിലാക്കി അതു ശാശ്വതമായി പരിഹരിക്കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യണം.
ആളെ കൊല്ലുന്ന കേന്ദ്ര നിയമം
വന്യജീവികളുടെ സംരക്ഷണവും നിയന്ത്രണവുമായി ബന്ധപ്പെട്ട പ്രധാന നിയമം 1972ല്‍ ഭേദഗതി വരുത്തിയ ദേശീയ വന്യജീവി സംരക്ഷണ നിയമമാണ്. എന്നാല്‍, ഇത്രയധികം മനുഷ്യര്‍ വന്യജീവികളുടെ ആക്രമണത്തിന് വിധേയമായി വിവിധ സംസ്ഥാനങ്ങളിലായി കൊല്ലപ്പെടുമ്പോഴും വന്യജീവികള്‍ വരുത്തുന്ന കൃഷിനാശം എത്രയെന്നോ എത്രപേര്‍ മരിച്ചുവെന്നോ നാളിതുവരെ ദേശീയതലത്തില്‍ കൃത്യമായ ഒരു വിവരശേഖരണവും കേന്ദ്ര സര്‍ക്കാര്‍ നടത്തിയിട്ടില്ല. മരിച്ചവരുടെ ആശ്രിതർക്ക്, പരുക്കേല്‍ക്കപ്പെടുന്നവര്‍ക്ക് ഏതെങ്കിലും നഷ്ടപരിഹാരം നല്‍കാനും കേന്ദ്രസര്‍ക്കാര്‍ തയാറാകുന്നില്ല. ഇന്നും 72ലെ കേന്ദ്ര നിയമഭേദഗതിയില്‍ പറഞ്ഞിരിക്കുന്ന പോലെ പഴം തീനി വവ്വാലുകള്‍, കാക്കകള്‍, എലികള്‍ തുടങ്ങിയ നാമം മാത്രമായ ജീവികളെ രോഗം പടര്‍ത്തുക, വിള നശിപ്പിക്കുക തുടങ്ങിയ സാഹചര്യങ്ങളില്‍ കൈകാര്യം ചെയ്യുന്നതിനുള്ള ചുരുങ്ങിയ അധികാരം മാത്രമാണ് നിയമപരമായി സംസ്ഥാന സര്‍ക്കാരിനുള്ളത്.
വന്യജീവി സംരക്ഷണ നിയമത്തിലെ സെഷന്‍ 62 ഉയര്‍ന്ന നിയമപരിരക്ഷയുള്ള മൃഗങ്ങളായ കടുവ, ആന, കാട്ടുപോത്ത് തുടങ്ങിയവയെ അതാത് പ്രദേശത്തിന്റെ സാഹചര്യമനുസരിച്ച് ക്ഷുദ്രജീവികളായി പ്രഖ്യാപിക്കാനും സെക്ഷന്‍ 11 പ്രകാരം നിയമ വ്യവസ്ഥ പാലിച്ച് കൊല്ലാനാടക്കം ചീഫ് ലൈഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനും മുമ്പ് അധികാരം ഉണ്ടായിരുന്നതാണ്. ക്ഷുദ്രജീവി മേഖലകളിലെ ജനങ്ങള്‍ക്ക് വലിയ ആശ്വാസമായിരുന്ന ഈ അധികാരം എടുത്തുകളഞ്ഞ് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളുടെ ന്യായമായ ആവശ്യങ്ങളോടു പോലും മുഖം തിരിക്കുന്ന നിലപാടാണ് കഴിഞ്ഞ കുറേക്കാലമായി സ്വീകരിക്കുന്നത്.
ഇക്കാര്യങ്ങളില്‍ സംസ്ഥാനങ്ങളോട് വിവേചനപരമായ നിലപാട് വച്ച് പുലര്‍ത്തുന്നതായും കാണാം. കേരളത്തില്‍ മനുഷ്യജീവനും സ്വത്തിനും വലിയ ഭീഷണിയായി മാറിയ കാട്ടുപന്നികളെ ക്ഷുദ്രജീവി പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം നാളിതുവരെ പരിഗണിച്ചിട്ടില്ല. എന്നാല്‍, ബിഹാറിലെ നീല്‍ഗായി മൃഗത്തെയും മക്കാക്ക് കുരങ്ങുകളെയും കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയം ക്ഷുദ്രജീവികളായി പ്രഖ്യാപിച്ചത് സമീപ കാലത്താണ്. ക്ഷുദ്രജീവികളെ പ്രഖ്യാപിക്കുന്നതില്‍ പോലുമുള്ള ഈ വിവേചനം മനുഷ്യത്വരഹിതമാണ്. ശാസ്ത്രീയമായ വിവരങ്ങളെ അടിസ്ഥാനമാക്കി പ്രാദേശിക സംസ്ഥാന സര്‍ക്കാരുകളുടെ കൂടി അഭിപ്രായം പരിഗണിച്ച് ജനകീയമായ ഒരു നിയമനിര്‍മാണം ഇക്കാര്യത്തില്‍ ഉറപ്പുവരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി തയാറാവണം. കോടതികളും ഈ വിഷയത്തില്‍ ഒരു പുനഃപരിശോധനയ്ക്ക് തയാറാവേണ്ടതുണ്ട്. കേരളത്തിന്റെ ആവശ്യങ്ങള്‍ കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ പാര്‍ലമെന്റ് അംഗങ്ങളും മുന്‍കൈയെടുക്കണം.
പരിഹാര മാര്‍ഗങ്ങള്‍ക്ക് വേഗത കൂടണം
ആവശ്യമായ നിയമനിര്‍മാണത്തോടൊപ്പം വനാതിര്‍ത്തിയില്‍ ജീവിക്കുന്ന മനുഷ്യരുടെ സുരക്ഷയെ മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അടിയന്തരമായ മുന്‍തൂക്കം നല്‍കിയെ മതിയാവൂ. വന്യജീവി–മനുഷ്യ- സംഘര്‍ഷം തടയുന്നതുമായി ബന്ധപ്പെട്ട് ഇതിനകം സര്‍ക്കാര്‍ രൂപംനല്‍കിയ പ്രവര്‍ത്തനങ്ങള്‍ കാലതാമസം കൂടാതെ പൂര്‍ത്തിയാക്കണം. കാടുവിട്ട് വന്യമൃഗങ്ങള്‍ ഭൂമികളിലേക്ക് പ്രവേശിക്കുന്നത് തടയുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം. ആനക്കിടങ്ങുകള്‍, സൗരോര്‍ജ വേലികള്‍, തൂക്കിയിടാവുന്ന സോളാര്‍ വേലി, ആനമയക്കി, ശക്തികൂടിയ മുളച്ചെടികള്‍, പനകള്‍ തുടങ്ങിയവ ഉപയോഗിച്ച് നിര്‍മിക്കുന്ന ജൈവവേലി നിര്‍മാണം എന്നിവ ആക്രമണ സാധ്യതയുള്ള പ്രദേശങ്ങളില്‍ വ്യാപകമാക്കണം. തോട്ടം മേഖലയില്‍ പണിയെടുക്കുന്നവരെ ഉള്‍പ്പെടുത്തിയുള്ള സമൂഹമാധ്യമ ഗ്രൂപ്പുകള്‍ രൂപീകരിക്കുകയും അവര്‍ നല്‍കുന്ന വിവരങ്ങള്‍ പരിശോധിച്ച് അടിയന്തര നടപടി സ്വീകരിക്കാന്‍ ദ്രുതകർമ സേനയെ ചുമതലപ്പെടുത്തുകയും വേണം. കണ്‍ട്രോള്‍ റൂമുകള്‍ വഴി എസ്.എം.എസ്, സമൂഹമാധ്യമങ്ങള്‍ തുടങ്ങിയവ മുഖേന ജനവാസ മേഖലകളിലെ വന്യജീവി സാന്നിധ്യത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കണം.
( കേരള സംസ്ഥാന കശുവണ്ടി വികസന കോര്‍പറേഷന്‍ ചെയര്‍മാനാണ് ലേഖകന്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."