തെറ്റുതിരുത്തുന്നത് തെറ്റരുത്
മുഹമ്മദ്
പേന മോഷണംപോയ വിവരം വേദനയോടെയാണ് അവന്‍ ടീച്ചറോടു പങ്കുവച്ചത്. ആ വാക്കുകളില്‍ പടര്‍ന്ന സങ്കടം മനസിലാക്കിയിട്ടാണോ എന്നറിയില്ല, ടീച്ചര്‍ തന്റെ തിരക്കുകളെല്ലാം അപ്പോള്‍തന്നെ മാറ്റിവച്ചു ക്ലാസില്‍ വന്നു. എല്ലാവരെയും നിശബ്ദമാക്കിയ ശേഷം അവരോട് കണ്ണടച്ചിരിക്കാന്‍ പറഞ്ഞു. ഓരോരുത്തരുടെയും കീശ പരിശോധിച്ചപ്പോള്‍ പിന്‍ബെഞ്ചിലിരുന്ന കുസൃതിപ്പയ്യന്റെ കീശയിലതാ പേന!
ടീച്ചര്‍ ഒരക്ഷരം മിണ്ടിയില്ല. പേനയെടുത്ത് പരാതിക്കാരന്റെ കീശയില്‍ കൊണ്ടുപോയിവയ്ക്കുകമാത്രം ചെയ്തു. പിന്നെ എല്ലാവരോടും കണ്ണുതുറക്കാന്‍ പറഞ്ഞു.
പ്രശ്‌നത്തിനു പരിഹാരമായി. പ്രശ്‌നക്കാരനെ ആരും അറിഞ്ഞതുമില്ല!
രാത്രി എട്ടു മണിയായപ്പോള്‍ ടീച്ചറുടെ ഫോണിലേക്കൊരു കോള്‍.
"ടീച്ചറേ, എന്നോട് ക്ഷമിക്കണം. ഞാന്‍ അബദ്ധം ചെയ്തുപോയി?'
"എന്തബദ്ധം?'-- −ടീച്ചര്‍ക്ക് പെട്ടെന്നു മനസിലായില്ല.
"മോഷണം! ഞാന്‍ വെറുതെ ഒരു കുസൃതിക്കു ചെയ്തതായിരുന്നു അത്.'
"മോഷ്ടിച്ചത് ആരാണെന്ന് എനിക്കറിയില്ലല്ലോ.'
"അറിയില്ലെന്നോ! എന്റെ കീശിയില്‍നിന്നല്ലേ ടീച്ചര്‍ പേന പൊക്കിയത്?'
"അതേ, പക്ഷേ ഞാന്‍ ആരുടെയും മുഖം നോക്കിയിട്ടില്ല. എല്ലാവരോടും കണ്ണടച്ചിരിക്കാന്‍ പറഞ്ഞപ്പോള്‍ ഞാനും കണ്ണടച്ചിരുന്നു!'
തെറ്റിനെ വെറുക്കുമ്പോഴും തെറ്റുകാരനെ സ്‌നേഹിക്കാന്‍ കഴിയുമെങ്കില്‍ വെളിച്ചത്തിനു തെളിച്ചം കൂടും. സ്‌നേഹം നിഷേധിക്കാതിരുന്നാല്‍ തിരുത്താന്‍ തയാറാകുമെങ്കില്‍ ശിക്ഷയൊഴിവാക്കുന്നതാണു ഭേദം. ശിക്ഷാമുറ സഹിക്കാനാവാത്തതുകൊണ്ട് മാറുന്നതും സ്‌നേഹത്തെ കണ്ടില്ലെന്നു നടിക്കാനാവാത്തതുകൊണ്ടു മാറുന്നതും തമ്മില്‍ വലിയ അന്തരമുണ്ട്.
അല്ലെങ്കിലും വേദനിപ്പിച്ചവരെ തോല്‍പ്പിക്കാന്‍ സ്‌നേഹത്തോളം മൂര്‍ച്ചയുള്ള ആയുധമുണ്ടോ? അനീതി കാണിച്ചിട്ടും സ്‌നേഹദാനം അവസാനിപ്പിക്കാത്ത സുമനസുകളെ ആര്‍ക്കാണ് കണ്ടില്ലെന്നു നടിക്കാനാവുക?
കുറ്റവാളിയെ സംരക്ഷിക്കുന്നത് മഹാപാപം തന്നെ. എന്നാല്‍ കുറ്റവാളിയെ കുറ്റബോധമുള്ളവനാക്കി മാറ്റുന്നത് ചെറിയ നന്മയല്ല. ചെളിയില്‍ വീണ മുത്തിനുമേല്‍ ശുദ്ധജലമൊഴുക്കിയാല്‍ പഴയ തിളക്കം തിരിച്ചുവരും. ഇനി അതു തിളങ്ങേണ്ടതില്ലെന്ന തീര്‍പ്പിലെത്തിയാല്‍ പ്രതികാരം ചെയ്തതിന്റെ നൈമിഷികാശ്വാസം ലഭിക്കുമെന്നല്ലാതെ ഗുണാത്മകമായതൊന്നും പ്രതീക്ഷിക്കേണ്ടതില്ല. ചെയ്തുപോയ പാപത്തിന്റെ പേരില്‍ പാപിയെ പ്രദര്‍ശന വസ്തുവാക്കി മാനംകെടുത്തുന്നതില്‍ എന്തു നേട്ടം?
ചില നന്മകളെ നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? ആ നന്മകള്‍ക്കു മുന്നില്‍ തിന്മകള്‍ മഞ്ഞുരുകുംപോലെ ഉരുകിയൊലിക്കാറുണ്ട്. അന്ധമായിക്കിടക്കുന്ന കണ്ണുകളെ അതു വലിച്ചുതുറപ്പിക്കുകയും കൂടുതല്‍ തെളിമയുള്ളതാക്കി മാറ്റുകയും ചെയ്യാറുണ്ട്. കുറ്റവാളികള്‍ക്കു പിന്നെ നിസ്സംഗരായിരിക്കാന്‍ കഴിയില്ല. പാപകര്‍മങ്ങളെ കഴുകി ശുദ്ധീകരിച്ചേ അവര്‍ മറ്റെന്തിലേക്കും നീങ്ങുകയുള്ളൂ. ആ നന്മ ഒരു മാപ്പായിരിക്കാം. ചെറിയൊരു കരുതലായിരിക്കാം. നിഷ്‌കളങ്കമായൊരു സ്‌നേഹമായിരിക്കാം. ക്ഷമയുടേതായ ഒരു മൗനംപോലുമായിരിക്കാം.
ഗുരുവിനെ ഒരാള്‍ വല്ലാതെ വേദനിപ്പിച്ചു. ശിഷ്യന്മാരുടെ മുന്നില്‍വച്ച് അപകീര്‍ത്തിപ്പെടുത്തി. ക്ഷമ നശിപ്പിക്കുന്ന തെറിവാക്കുകള്‍ പറഞ്ഞു. ഗുരു ഒരക്ഷരംപോലും മറുത്തുപറഞ്ഞില്ല. പ്രതികരിക്കാനൊരുങ്ങിയ ശിഷ്യരെ അതിനനുവദിച്ചതുമില്ല. എല്ലാം മൗനമായി കേട്ടുനിന്നതേയുള്ളൂ.
അവസാനം അയാള്‍ തിരിച്ചുപോയി. അടുത്ത ദിവസം അയാള്‍ സ്ഥലത്തെത്തിയത് തികഞ്ഞ കുറ്റബോധത്തോടെയായിരുന്നു.
"ഗുരോ, മാപ്പ്.'
"എന്തിന്?'- ഗുരു ചോദിച്ചു.
"ഞാന്‍ അങ്ങയെ ഇന്നലെ വല്ലാതെ വേദനിപ്പിച്ചില്ലേ.'
"അത് ഇന്നലെയല്ലേ.'
"അതേ.'
"ഇന്നലെയെന്നത് കഴിഞ്ഞുപോയതാണ്. അതോടൊപ്പം ഇന്നലെത്തേതും കഴിഞ്ഞുപോയിട്ടുണ്ട്. കഴിഞ്ഞതിലേക്കൊന്നും ഇനി തിരിച്ചുപോകേണ്ടതില്ല. പുതിയ ദിവസമാണിന്ന്. പുതിയ ലോകവും. നമുക്കും പുതിയ മനുഷ്യരാകാം.'
സ്വയം മാറിച്ചിന്തിക്കാനുള്ള അവസരമൊരുക്കുന്നതാണ് വൈകാരികമായി പ്രതികരിക്കുന്നതിനെക്കാളും പ്രതികാരം ചെയ്യുന്നതിനെക്കാളും എത്രയോ ഉത്തമം. മാറ്റാന്‍ ശ്രമിച്ചാല്‍ മറിക്കൊള്ളണമെന്നില്ല. എന്നാല്‍ മാറാനുള്ള അവസരം അനുവദിച്ചാല്‍ മാറാതിരിക്കാന്‍ കഴിയില്ല. കുറ്റബോധമുണ്ടാക്കാനും സ്വയം തിരുത്താനുമുള്ള അവസരം എങ്ങനെ ഒരുക്കാമെന്നതാണു ചിന്തിക്കേണ്ടത്. അതിനാണ് വിവേകവും തന്റേടവും വേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."