ഏഴ് പ്രത്യേക സമ്മേളനങ്ങള്‍; റെക്കോര്‍ഡിട്ട് 14ാം നിയമസഭ
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: വിവിധ വിഷയങ്ങള്‍ക്കായി പ്രത്യേക സമ്മേളനം വിളിക്കുന്നതില്‍ പതിനാലാം കേരള നിയമസഭ റെക്കോര്‍ഡിട്ടു. കര്‍ഷക പ്രശ്‌നം ചര്‍ച്ച ചെയ്ത ഇന്നലത്തെ സമ്മേളനം ഈ സഭയുടെ ഏഴാമത്തെ പ്രത്യേക സമ്മേളനമായി. പ്രത്യേക സമ്മേളനങ്ങളില്‍ അഞ്ചും കേന്ദ്രസര്‍ക്കാര്‍ തീരുമാനങ്ങള്‍ക്കെതിരായ പ്രമേയങ്ങള്‍ പാസാക്കാനായിരുന്നു.
500, ആയിരം രൂപാ നോട്ടുകള്‍ കേന്ദ്രം അസാധുവാക്കിയപ്പോഴായിരുന്നു ആദ്യത്തെ പ്രത്യേക സമ്മേളനം. 2016 നവംബര്‍ 22ന്. നോട്ട് നിരോധനംമൂലം സഹകരണ ബാങ്കുകളും ജനങ്ങളും നേരിടുന്ന പ്രതിസന്ധിക്കു പരിഹാരം ആവശ്യപ്പെട്ട് ആ സമ്മേളനം പ്രമേയം പാസാക്കി. സംസ്ഥാനങ്ങളുടെ അധികാരം കവര്‍ന്ന്, കന്നുകാലി കശാപ്പ് വിലക്കിയ കേന്ദ്ര വിജ്ഞാപനം മൂലം സംസ്ഥാനത്തുണ്ടാകാവുന്ന ഗുരുതര സാഹചര്യം ചര്‍ച്ച ചെയ്യാന്‍ 2017 ജൂണ്‍ എട്ടിന് പ്രത്യേക സമ്മേളനം ചേര്‍ന്നു. വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ ജയിച്ച കെ.എന്‍.എ ഖാദറിന്റെ സത്യപ്രതിജ്ഞയ്ക്ക് ഇതേവര്‍ഷം നവംബര്‍ ഒന്‍പതിനു പ്രത്യേക സമ്മേളനം ചേര്‍ന്നു. 2018ലെ കാലവര്‍ഷക്കെടുതിയും പുനര്‍നിര്‍മാണവും ചര്‍ച്ച ചെയ്യാന്‍ ആ വര്‍ഷം ഓഗസ്റ്റ് 30നും പ്രത്യേക സമ്മേളനം നടന്നു.
കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രമേയം പാസാക്കിയ പ്രത്യേക സമ്മേളനം ചേര്‍ന്നത് 2019 ഡിസംബര്‍ 31നാണ്. പട്ടികജാതി പട്ടികവര്‍ഗ സംവരണം 10 വര്‍ഷത്തേക്കു നീട്ടാനും നിയമസഭയിലെ ആംഗ്ലോ ഇന്ത്യന്‍ സംവരണം തുടരാനുമുള്ള പ്രമേയങ്ങള്‍ പാസാക്കാനാണ് അന്നു ഗവര്‍ണറുടെ അനുമതി തേടിയത്. അക്കൂട്ടത്തില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രമേയവും പാസാക്കുകയായിരുന്നു. അതിനെതിരേ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പരസ്യമായി രംഗത്തെത്തിയതു വിവാദമായി. കൊവിഡ് നിയന്ത്രണങ്ങള്‍ക്കിടെ, കഴിഞ്ഞ ഓഗസ്റ്റ് 24ന് ധനബില്‍ പാസാക്കാനും ആറു മാസ കാലാവധിക്ക് മുന്‍പു ചേരണമെന്ന നിബന്ധന പാലിക്കാനുമായി ചേര്‍ന്ന പ്രത്യേക സമ്മേളനത്തില്‍ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് നല്‍കാനുള്ള കേന്ദ്ര തീരുമാനത്തിനെതിരേ പ്രമേയം പാസാക്കി. വിമാനത്താവള നടത്തിപ്പ് സര്‍ക്കാരിന് നല്‍കണമെന്നും പ്രമേയം ആവശ്യപ്പെട്ടു.സ്വര്‍ണക്കടത്ത് വിവാദത്തിന്റെ തുടര്‍ച്ചയായി പിണറായി വിജയന്‍ സര്‍ക്കാരിനെതിരേ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയം ചര്‍ച്ച ചെയ്തതും ഈ സമ്മേളനത്തിലാണ്. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെ നീക്കണമെന്നാവശ്യപ്പെട്ട് ചട്ടം 65 പ്രകാരം പ്രതിപക്ഷം നോട്ടിസ് നല്‍കിയെങ്കിലും ചട്ടപ്രകാരമല്ലെന്നു കാട്ടി അനുവദിച്ചില്ല. അവിശ്വാസപ്രമേയം പത്തര മണിക്കൂര്‍ ചര്‍ച്ചയ്‌ക്കൊടുവില്‍ വോട്ടിനിട്ട് തള്ളുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."