സഊദിയിൽ അനധികൃത പണമിടപാട് കേസിൽ പത്തോളം മലയാളികൾ രഹസ്യ പോലീസിന്റെ പിടിയിൽ
റിയാദ്: സഊദിയിൽ അനധികൃത പണമിടപാട് നടത്തിയെന്ന സംശയത്തിൽ പത്തോളം മലയാളികൾ രഹസ്യാന്വേഷണ പോലീസിന്റെ പിടിയിലായതായി റിപ്പോർട്ട്. സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ഇ വാലറ്റ് വഴി പണമയച്ചവരാണ് പിടിയിലായതെന്നാണ് വിവരം. കിഴക്കൻ സഊദിയിലെ ദമാമിലാണ് മലയാളികൾ പോലീസിന്റെ അന്വേഷണത്തിൽ കഴിയുന്നത്. പണത്തിന്റെ സോഴ്‌സ് കാണിക്കാൻ കഴിയാതെ വരികയോ വരവിൽ കവിഞ്ഞ പണമോ ആണെങ്കിൽ ഇവർ കൂടുതൽ അന്വേഷങ്ങൾക്ക് വിധേയമായേക്കും. സാമ്പത്തിക ഇടപാടുകൾക്ക് കർശന നിരീക്ഷണമുള്ള സഊദിയിൽ കൂടുതൽ ആളുകൾ നിരീക്ഷണത്തിൽ ആണെന്നാണ് കരുതുന്നത്.
അനധികൃത പണമിടപാട് നടത്തിയെന്ന് സംശയിക്കുന്ന പത്തോളം മലയാളികളെ രഹസ്യാന്വേഷണ വിഭാഗം പിടികൂടിയതായി സാമുഹ്യ പ്രവർത്തകരാണ് വെളിപ്പെടുത്തിയത്. സംശമുള്ളവരെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയും ചോദ്യം ചെയ്യലിന് ശേഷം സ്‌പോൺസറുടെ ജാമ്യത്തിൽ വിടുകയുമാണ് ചെയ്‌തിരിക്കുന്നത്. ഇലക്‌ട്രോണിക്‌സ്, ഈ വാലറ്റ് എന്നിവ വഴി പണം കൈമാറ്റം ചെയ്തവരാണ് പിടിയിലായവരിൽ ഭൂരിഭാഗവുമെന്നാണ് റിപ്പോർട്ടുകൾ. ഇത്തരത്തിലുള്ള ഇടപാടുകൾ കണ്ടെത്താൻ രഹസ്യാന്വേഷണ വിഭാഗം വ്യാപകമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പണമിടപാടുകൾക്ക് കർശന നിയന്ത്രണമാണ് സഊദിയിലുള്ളത്. കൈമാറ്റം ചെയ്യപ്പെടുന്ന പണത്തിനു വ്യക്തമായ രേഖകളോ സോഴ്‌സുകളോ കാണിക്കാൻ സാധിച്ചില്ലെങ്കിൽ ഇത് കള്ളപ്പണമായാണ് കണക്കാക്കുക. കള്ളപ്പണത്തിനും പണം വെളുപ്പിക്കുന്നതിനും കടുത്ത ശിക്ഷയാണ് സഊദി അറേബ്യ നൽകുന്നത്. സ്വദേശികളുടെയും വിദേശികളുടെയും വരവിൽ കവിഞ്ഞതും അല്ലാത്തതുമായ എല്ലാ പണമിടപാടുകളും ശക്തമായി നിരീക്ഷിക്കുമെന്ന് വിവിധ മന്ത്രാലയങ്ങളും ബാങ്കിങ് അതോറിറ്റിയും നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."