കിണറ്റില്‍നിന്നു രക്ഷപ്പെടുത്തിയ കാട്ടാന ചരിഞ്ഞു
തിരുവമ്പാടി (കോഴിക്കോട് ): ആനക്കാംപൊയില്‍ മുത്തപ്പന്‍പുഴ തേന്‍പാറ മലമുകളിലെ സ്വകാര്യ വ്യക്തിയുടെ കിണറ്റില്‍നിന്ന് കഴിഞ്ഞദിവസം രക്ഷപ്പെടുത്തിയ കാട്ടാന ചരിഞ്ഞു. ഇന്നലെ രാവിലെ എട്ടിന് പരിശോധനയ്‌ക്കെത്തിയ വനപാലകരാണ് ആനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. കിണറ്റില്‍ വീണപ്പോള്‍ ഉണ്ടായ ഗുരുതരമായ പരുക്കുകളാണ് മരണകാരണമെന്ന് വനപാലകര്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം കിണറ്റില്‍ വീണ കാട്ടാനക്ക് വെറ്ററിനറി സര്‍ജന്‍ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം ശനിയാഴ്ച രാത്രി ചികിത്സ നല്‍കിയെങ്കിലും ആരോഗ്യനിലയില്‍ കാര്യമായ പുരോഗതി ഉണ്ടായിരുന്നില്ല. കിണറ്റില്‍ വീണപ്പോഴുണ്ടായ പരുക്കാണ് ആനയെ ഗുരുതരാവസ്ഥയിലെത്തിച്ചത്. താഴേക്കുള്ള വീഴ്ചയില്‍ കാലിന് സാരമായ പരുക്കേറ്റിരുന്നു. മൂന്നുദിവസമായി ആഹാരം കഴിക്കാാത്തതും ചെളി ഭക്ഷിച്ചതുമാണ് ആനയുടെ ആരോഗ്യസ്ഥിതി വഷളാക്കിയത്.
മുത്തപ്പന്‍പുഴയ്ക്ക് സമീപം തേന്‍പാറ മലമുകളിലെ ആള്‍ത്താമസം ഇല്ലാത്ത കൃഷിസ്ഥലത്തെ കിണറ്റിനുള്ളില്‍ കാട്ടാന വീണ് മൂന്ന് ദിവസത്തിനുശേഷമാണ് വെള്ളിയാഴ്ച രാത്രി വനംവകുപ്പ് കരക്ക് കയറ്റിയത്. കിണറ്റില്‍നിന്നു പുറത്തെത്തിച്ചെങ്കിലും ആനക്ക് വനത്തിനുള്ളിലേക്ക് തിരികെ പോകാനായിരുന്നില്ല. പിറ്റേന്ന് ശനിയാഴ്ച രാവിലെ ആനയെ നിരീക്ഷിക്കാന്‍ ഇറങ്ങിയ വനപാലകരാണ് ആന കുഴഞ്ഞുവീണ നിലയില്‍ കിടക്കുന്നത് കണ്ടത്. ഇതോടെ ഡോ.അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം ആനയെ ചികിത്സിക്കുകയും ഗ്ലൂക്കോസും മരുന്നും ഭക്ഷണവും നല്‍കുകയും ചെയ്തിരുന്നു.ശനിയാഴ്ച രാത്രിയോടെ എഴുന്നേറ്റ ആന കാട്ടിലേക്ക് പോകാന്‍ ശ്രമിച്ചിരുന്നു.
ഇന്നലെ രാവിലെ വീണ്ടും നിരീക്ഷിക്കാന്‍ ഇറങ്ങിയ വനപാലകരാണ് തൊട്ടടുത്ത് തന്നെ ആനയെ ചരിഞ്ഞ നിലയില്‍ കണ്ടത്.
ഇന്നലെ വൈകിട്ട് ആറോടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ആനയെ രാത്രിയോടെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് തന്നെ ദഹിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."