സഹകരണ മേഖലയില്‍ 'ഹോം ഡെലിവറി' വരുന്നു
തൊടുപുഴ: സഹകരണ സ്ഥാപനങ്ങളില്‍നിന്നു നിത്യോപയോഗ സാധനങ്ങളും മരുന്നുകളും ഇനി മുതല്‍ വീട്ടുപടിക്കല്‍ എത്തും. സ്വകാര്യ കുത്തകകള്‍ക്കു മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ മാറ്റങ്ങള്‍ അനിവാര്യമാണെന്ന തിരിച്ചറിവാണ് സഹകരണ മേഖലയില്‍ 'ഹോം ഡെലിവറി' സംവിധാനം ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തിനു പിന്നില്‍.
സഹകരണ സംഘം രജിസ്ട്രാറുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന കണ്‍സ്യൂമര്‍ ഫെഡറേഷന്‍, ജില്ലാതല മൊത്ത വ്യാപാര സ്റ്റോറുകള്‍, സഹകരണ സ്ഥാപനങ്ങളുടെ നീതി സ്റ്റോറുകള്‍ എന്നിവിടങ്ങളിലെ ഉല്‍പ്പന്നങ്ങളാണ് വീട്ടിപടിക്കല്‍ എത്തുക. ഇതുവഴി വിപണനത്തില്‍ കാര്യമായ വര്‍ധനവ് ഉണ്ടാക്കുന്നതിനും ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്നതിനും ഉപഭോക്താക്കളെ സഹകരണ മേഖലയിലേക്ക് ആകര്‍ഷിക്കാനും കഴിയുമെന്നാണ് വിലയിരുത്തല്‍.
ഹോം ഡെലിവറി സംവിധാനം സംബന്ധിച്ച് വിശദമായ സര്‍ക്കുലര്‍ സഹകരണ സംഘം രജിസ്ട്രാര്‍ ഡോ. നരസിംഹുഗാരി ടി.എല്‍ റെഡ്ഡി പുറപ്പെടുവിച്ചു. നീതി മെഡിക്കല്‍ സ്‌റ്റോറുകളില്‍ ഡോര്‍ ഡെലിവറി സംവിധാനം ഏര്‍പ്പെടുത്തുമ്പോള്‍ മരുന്ന് വില്‍പ്പന സംബന്ധിച്ച് നിലവിലുള്ള മറ്റ് നിബന്ധനകള്‍ പാലിക്കണം. ഓര്‍ഡര്‍ ചെയ്യുന്ന സാധനങ്ങള്‍ 24 മണിക്കൂറിനുള്ളില്‍ ഉപഭോക്താവിന് എത്തിക്കണം. സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യുന്നതിന് ഒരു വാട്‌സ്ആപ്പ് നമ്പര്‍ നല്‍കേണ്ടതാണ്. പണമിടപാടിനായി യു.പി.ഐ പോലുള്ള സംവിധാനം ഒരുക്കണം. കണ്‍സ്യൂമര്‍ സ്റ്റോറുകള്‍, നീതി സ്‌റ്റോറുകള്‍ എന്നിവ മുഖേന പഴങ്ങള്‍, പച്ചക്കറികള്‍, പാല്‍, പാലുല്‍പ്പന്നങ്ങള്‍, മീറ്റ് പ്രോഡക്ട്‌സ് എന്നിവ വില്‍പ്പന നടത്തിയാല്‍ ഉപഭോക്താക്കള്‍ക്ക് നിത്യോപയോഗ സാധനങ്ങള്‍ ഒരു കുടക്കീഴില്‍ ലഭ്യമാകുന്നതും അത് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നതുമാണെന്നും വിലയിരുത്തുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."