'പാളംവലികളില്‍' കുരുങ്ങി നഞ്ചന്‍ഗോഡ്-വയനാട്-നിലമ്പൂര്‍ പാത
കല്‍പ്പറ്റ: കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയും ലഭിച്ച് പിങ്ക് ബുക്കിലും ഇടംപിടിച്ചിട്ടും സംസ്ഥാന സര്‍ക്കാരിന്റെ സ്വാര്‍ഥ താല്‍പര്യത്തെ തുടര്‍ന്ന് പുറംതള്ളപ്പെട്ട നഞ്ചന്‍ഗോഡ്-വയനാട്-നിലമ്പൂര്‍ റയില്‍പാതയെ ഇനിയെങ്കിലും സര്‍ക്കാര്‍ പരിഗണിക്കണമെന്ന ആവശ്യം ശക്തമാകുന്നു.
വയനാട്ടിലൂടെ കടന്നുപോകുന്നതു കൊണ്ട് വയനാടിനു മാത്രമെ ഗുണം ചെയ്യുവെന്ന ചിലരുടെ ചിന്തയാണ് സ്വപ്ന പദ്ധതി അട്ടിമറിക്കാന്‍ കാരണം.
പദ്ധതി നടപ്പാകുമെന്ന ഘട്ടമെത്തിയപ്പോഴേ പല കോണില്‍നിന്നും ഇതിനെതിരായ പാലംവലികള്‍ ആരംഭിച്ചിരുന്നു. അതിനിടയിലാണ് ഉത്തര കേരളത്തിലെ രണ്ടു ജില്ലകള്‍ക്കു മാത്രം ഉപകാരപ്പെടുന്ന തലശ്ശേരി-വയനാട്-മൈസൂരു റയില്‍പാത പദ്ധതിയുമായി ചിലര്‍ രംഗത്തെത്തുന്നത്. സര്‍ക്കാരില്‍ സ്വാധീനം ചെലുത്തിയ ഇവര്‍ ഈ പാതയ്ക്കായി ആവശ്യമുന്നയിച്ചതോടെ സംസ്ഥാന സര്‍ക്കാരും നഞ്ചന്‍ഗോഡ്-വയനാട്-നിലമ്പൂര്‍ റെയിലിനെ കൈയൊഴിഞ്ഞു.
ഡോ. ഇ ശ്രീധരന്റെ നേതൃത്വത്തില്‍ ഡി.എം.ആര്‍.സി വിദഗ്ധ സംഘം വയനാട്ടിലും നിലമ്പൂരിലും കര്‍ണാടകയിലുമെത്തി പാതയുടെ അന്തിമ സ്ഥലനിര്‍ണയ സര്‍വേ നടപടികളും ആരംഭിച്ചിരുന്നു.
ഡി.എം.ആര്‍.സിക്ക് അനുവദിച്ച എട്ടുകോടി രൂപയില്‍ നിന്ന് രണ്ടുകോടി രൂപ അക്കൗണ്ടില്‍ നിക്ഷേപിച്ച് 2017 ഫെബ്രുവരി 11ന് രാവിലെ 11ന് സര്‍ക്കാര്‍ ഉത്തരവുമിറങ്ങി. മണിക്കൂറുകള്‍ക്കകം ഇത് മരവിപ്പിച്ചു. ഇതിനേക്കാള്‍ ലാഭം തലശ്ശേരി-വയനാട്-മൈസൂരു പാതയാണെന്നായിരുന്നു അവകാശവാദം. 2016ല്‍ അംഗീകാരം ലഭിച്ച പാത അഞ്ചുവര്‍ഷം കൊണ്ട് പൂര്‍ത്തീകരിക്കാമെന്നായിരുന്നു പദ്ധതി ഏറ്റെടുക്കുമ്പോള്‍ ഡി.എം.ആര്‍.സി ഉറപ്പു നല്‍കിയിരുന്നത്. എന്നാല്‍ പിന്നില്‍ നിന്നുള്ള ചരടുവലികള്‍ പാത തന്നെ ഇല്ലാതാക്കി.
ഇതിനുപകരം സര്‍ക്കാര്‍ ഏറ്റെടുത്ത പാതയാകട്ടെ സാങ്കേതികമായും സാമ്പത്തികമായും പ്രായോഗികമല്ലെന്ന് ഇപ്പോള്‍ തെളിഞ്ഞു. പിന്നാലെ തിരുവനന്തപുരം-കാസര്‍കോട് അതിവേഗ റെയില്‍പാതയ്ക്ക് നീതി ആയോഗ് അനുമതി നിഷേധിക്കുകയും ചെയ്തു. വിപ്ലവകരമായ മുന്നേറ്റമായിരിക്കുമെന്ന് വിദഗ്ധരെല്ലാം ചൂണ്ടിക്കാണിച്ച നഞ്ചന്‍ഗോഡ്-വയനാട്-നിലമ്പൂര്‍ റെയില്‍ പാതയെ കുറിച്ച് സര്‍ക്കാര്‍ ഇപ്പോഴും മൗനം പാലിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."