HOME
DETAILS
MAL
സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള ലാപ്‌ടോപ്പ് പദ്ധതി പാതിവഴിയില്‍ ഇനിയുമെത്ര കാത്തിരിക്കണം?
backup
January 04 2021 | 10:01 AM
കോഴിക്കോട്: ഒന്‍പതു മാസത്തെ ഇടവേളയ്ക്കു ശേഷം സ്‌കൂള്‍ തുറന്നെങ്കിലും സര്‍ക്കാരിന്റെ ലാപ്‌ടോപ്പ് മൈക്രോ ചിട്ടി പദ്ധതിക്ക് അനക്കമില്ല. തവണയടച്ചു ലാപ്‌ടോപ്പും പ്രതീക്ഷിച്ചിരിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് നിരാശ മാത്രമാണ് ബാക്കി.
കൊവിഡ് കാലത്തെ സര്‍ക്കാറിന്റെ തിളക്കമേറിയ പ്രഖ്യാപനങ്ങളില്‍ ഒന്നായിരുന്നു കുടുംബശ്രീ മുഖാന്തിരം ലാപ്‌ടോപ്പ് ലഭ്യമാക്കുമെന്നത്. പലിശ രഹിത വ്യവസ്ഥയില്‍ കുടുംബശ്രീ അംഗങ്ങളെ കെ.എസ്.എഫ്.ഇ ചിട്ടിയില്‍ ചേര്‍ത്തുകൊണ്ടാണ് ലാപ്‌ടോപ്പ് നല്‍കാന്‍ തീരുമാനിച്ചത്. അംഗങ്ങള്‍ ചിട്ടിയില്‍ ചേര്‍ന്ന് മൂന്നാം മാസം ലാപ്‌ടോപ്പ് നല്‍കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ പ്രഖ്യാപനം കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും ഒരു ലാപ്‌ടോപ്പ് പോലും വിതരണം ചെയ്തിട്ടില്ല.
ലാപ്‌ടോപ്പ് വാങ്ങുന്നതു സംബന്ധിച്ച ടെന്‍ഡര്‍ നടപടികളിലെ കാലതാമസം മൂലമാണ് പദ്ധതി നീളുന്നതെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. അതേസമയം പദ്ധതിയുടെ ടെന്‍ഡര്‍ നടപടികള്‍ അവസാന ഘട്ടത്തിലാണെന്നാണ് വിവരം. താല്‍പര്യപത്രം നല്‍കിയ കമ്പനികളെ ഉള്‍പ്പെടുത്തി ഐ.ടി മിഷന്‍ ടെന്‍ഡര്‍ ക്ഷണിച്ചു. 18000 രൂപയില്‍ താഴെ ലാപ്‌ടോപ്പ് നല്‍കാനും സാങ്കേതിക മാനദണ്ഡങ്ങള്‍ പാലിക്കുന്ന കമ്പനികളെ എംപാനല്‍ ചെയ്യാനുമാണ് നിലവിലെ തീരുമാനം.
അങ്ങനെ വന്നാല്‍ ഒന്നിലേറെ കമ്പനികളുടെ ലാപ്‌ടോപ്പുകളില്‍നിന്ന് ഇഷ്ടമുള്ളവ തിരഞ്ഞെടുക്കാം. അതേസമയം ഒരു ലാപ്‌ടോപ്പിനു കെ.എസ്.എഫ്.ഇയില്‍നിന്ന് 15000 രൂപയേ വായ്പ ലഭിക്കൂ. ബാക്കി തുകയായ 3000 രൂപ ലാപ്‌ടോപ്പ് വാങ്ങുന്നവര്‍ നല്‍കേണ്ടി വരും.കൊവിഡ് കാരണം പഠനം ഓണ്‍ലൈന്‍ വഴി മാത്രമായി നടക്കുന്നതിനാല്‍ നിരവധി പേര്‍ ആശ്രയമായ കണ്ട പദ്ധതിയാണിത്. 15,000 രൂപ വിലയുള്ള ലാപ്‌ടോപ്പ് ലഭിക്കുന്ന പദ്ധതിക്കായി ഒരു ലക്ഷത്തിലധികം പേരാണ് കെ.എസ്.എഫ്.ഇ മൈക്രോ ചിട്ടിയില്‍ രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്നത്. കുടുംബശ്രീ വഴി മാസം 500 രൂപ വീതം 30 മാസം അടയ്ക്കുന്നതാണ് പദ്ധതി. മുടങ്ങാതെ തവണകള്‍ അടയ്ക്കുന്നവര്‍ക്ക് 1500 രൂപ കെ.എസ്.എഫ്.ഇ തന്നെ സബ്‌സിഡിയായി നല്‍കും. തവണകളായി പണം അടയ്ക്കാനുള്ള സൗകര്യമുള്ളതിനാലാണ് പലരും പദ്ധതിയില്‍ അംഗങ്ങളായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."