യു.കെയെക്കാള്‍ ശക്തിയോടെ ദക്ഷിണാഫ്രിക്കന്‍ വകഭേദം; നിലവിലെ വാക്സിന് ഫലപ്രദമാവില്ലെന്ന് ശാസ്ത്രജ്ഞര്‍
ലണ്ടന്‍: യു.കെയില്‍ വകഭേദം വന്ന കൊവിഡിനേക്കാള്‍ ഭീകരമായ ദക്ഷിണാഫ്രിക്കന്‍ വകഭേദം വൈദ്യലോകത്ത് ആശങ്കയുണ്ടാക്കുന്നു. നിലവില്‍ കണ്ടെത്തിയ വാക്സിന് ഫലപ്രദമായേക്കില്ലെന്നാണ് യു.കെയിലെ ശാസ്ത്രജ്ഞന്മാര് വിലയിരുത്തുന്നത്.
'ദക്ഷിണാഫ്രിക്കന്‍ വകഭേദത്തില്‍ ഞാന്‍ ആശങ്കയിലാണ്': യു.കെ ആരോഗ്യ സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് ബി.ബി.സി റേഡിയോയില്‍ പറഞ്ഞു. 'യു.കെയിലേതിനേക്കാള് പ്രഹരശക്തിയുള്ളതാണ് ദക്ഷിണാഫ്രിക്കന്‍ വകഭേദം'- അദ്ദേഹം പറഞ്ഞു.
എന്നാല്‍, നിലവില്‍ കണ്ടെത്തിയ വാക്സിന് മതിയാവാതെ വരുമോയെന്ന കാര്യത്തില്‍ തെളിവുകളൊന്നുമില്ല. യു.കെ വകഭേദത്തെ തുരത്താന്‍ നിലവിലെ വാക്സിന് മതിയാവുമെന്നാണ് ഈ രംഗത്തുള്ളവരുടെ അനുമാനം. എന്നാല്‍ ഇതും പരീക്ഷണ വിധേയമാക്കിയിട്ടില്ല.
യു.കെ സര്‍ക്കാരിന്റെ കൊവിഡ് ടാസ്ക്ഫോഴ്സ് നേതൃനിരയിലുള്ള ഓക്സ്ഫഡ് യൂനിവേഴ്സിറ്റി പ്രൊഫസര്‍ ജോണ്‍ ബെല്ലും ഇക്കാര്യത്തില്‍ ആശങ്ക പ്രകടിപ്പിച്ചു. ദക്ഷിണാഫ്രിക്കന്‍ വകഭേദത്തിന് നിലവിലെ വാക്സിന് ഫലപ്രദമാണോയെന്നത് 'വലിയൊരു ചോദ്യ'മാണെന്ന് അദ്ദേഹം പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."