മാവേലി എക്‌സ്പ്രസില്‍ പൊലിസുകാരൻ്റെ മര്‍ദനത്തിനിരയായ ആളെ തിരിച്ചറിഞ്ഞു
കണ്ണൂര്‍: മാവേലി എക്‌സ്പ്രസില്‍ എ.എസ്.ഐ.യുടെ മര്‍ദനത്തിനിരയായ ആളെ പോലീസ് തിരിച്ചറിഞ്ഞു. ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കൂത്തുപറമ്പ് നീര്‍വേലി സ്വദേശി ഷമീര്‍ (50) എന്ന പൊന്നന്‍ ഷമീറാണ് മര്‍ദനത്തിനിരയായത് എന്നാണ് പൊലിസ് തിരിച്ചറിഞ്ഞത്. എന്നാല്‍ ഇത് മനസിലാക്കാതെ ട്രെയിനില്‍ നിന്ന് ഇറക്കിവിടുകയായിരുന്നു.
കൂത്തുപറമ്പ് സ്വദേശിയായ പൊന്നന്‍ ഷമീര്‍ കുറച്ചുകാലമായി ഇരിക്കൂറിലാണ് താമസമെന്നും പീഡനക്കേസിലടക്കം പ്രതിയാണെന്നും പോലീസ് പറയുന്നു. ഷമീറിനെതിരേ മാല പൊട്ടിക്കല്‍, ഭണ്ഡാര കവര്‍ച്ച തുടങ്ങിയ കേസുകളുണ്ടെന്നും പോലീസ് പറഞ്ഞു. ചില കേസുകളില്‍ ഇയാള്‍ നേരത്തെ ശിക്ഷിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.
ടിക്കറ്റില്ലാതെ മാവേലി എക്‌സ്പ്രസിന്റെ സ്ലീപ്പര്‍ കോച്ചില്‍ കയറിയ ഷമീറിനാണ് എഎസ്‌ഐ പ്രമോദില്‍ നിന്ന് ക്രൂരമായ ആക്രമണം നേരിടേണ്ടി വന്നത്. സ്ലീപ്പര്‍ കോച്ചില്‍ പരിശോധനയ്‌ക്കെത്തിയ പൊലിസ് ഉദ്യോഗസ്ഥന്‍ യാത്രക്കാരനോട് ടിക്കറ്റ് ചോദിച്ചു. സ്ലീപ്പര്‍ ടിക്കറ്റില്ലെന്നും ജനറല്‍ ടിക്കറ്റ് മാത്രമേയുള്ളു എന്നും ഷമീര്‍ മറുപടി നല്‍കി. കയ്യിലുള്ള ടിക്കറ്റ് എടുക്കാന്‍ പൊലിസുകാരന്‍ ആവശ്യപ്പെട്ടു. ഇതനുസരിച്ച് ഇയാള്‍ ബാഗില്‍ ടിക്കറ്റ് തിരയുന്നതിനിടെ പൊലീസുകാരന്‍ ബൂട്ട് ഉപയോഗിച്ച് ചവിട്ടുകയും മര്‍ദ്ദിക്കുകയും ചെയ്‌തെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.
സംഭവത്തില്‍ കുറ്റക്കാരനായ എഎസ്‌ഐ. എം.സി പ്രമോദിനെ ഇന്റലിജന്‍സ് എ.ഡി.ജി.പി സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇയാള്‍ മനുഷ്യത്വ രഹിതമായി പെരുമാറിയെന്നായിരുന്നു അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നത്.
ടിടിഇയുടെ നിര്‍ദ്ദേശപ്രകാരമാണ് ഉദ്യോഗസ്ഥന്‍ ഉടപെട്ടത്. പക്ഷെ ട്രെയിനില്‍ നിന്ന് ഇറക്കി വിടുമ്പോള്‍ ചവിട്ടിയത് ഗുരുതര തെറ്റാണെന്നാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് എ.സി.പിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. സ്‌പെഷ്യല്‍ ബ്രാഞ്ച് എസിപി കണ്ണൂര്‍ കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് കൈമാറി. ഇതിനുപിന്നാലെയാണ് സസ്‌പെന്‍ഡ് ചെയ്തുള്ള റിപ്പോര്‍ട്ട് വന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."