സേവന രാഷ്ട്രീയത്തെ തിരിച്ചുപിടിക്കണം
തൊഴിലില്ലായ്മ, പണപ്പെരുപ്പം, പട്ടിണി, അഴിമതി, വികസന മുരടിപ്പ്, ഉല്‍പാദനക്കുറവ് അങ്ങനെ സമൂഹ നിശ്ചലാവസ്ഥയുടെ എല്ലാ പ്രകടനതകളും ഇന്ന് രാജ്യത്തുണ്ട്. അയല്‍ രാഷ്ട്രങ്ങളുമായി ഇന്ത്യക്ക് മാന്യമായ അടുപ്പമില്ല. ചൈന അടിക്കടി അതിര്‍ത്തിയില്‍ അതിക്രമിച്ചു കയറുന്നു. നേപ്പാളും ഭൂട്ടാനും ഇന്ത്യന്‍ വിദേശകാര്യ നയങ്ങളുമായി പൊരുത്തപ്പെട്ടുപോകുന്നില്ല. പറയത്തക്ക അയല്‍പക്ക പ്രശ്‌നങ്ങളില്ലാത്ത ഏകരാജ്യം ബംഗ്ലാദേശ് മാത്രമാണ്. എന്നാല്‍ അവിടെ നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് മതം തിരിച്ച് പൗരത്വം നല്‍കുന്നതിലാണ് ഇന്ത്യയിലെ ഭരണകൂടത്തിന് അമിത താല്‍പര്യം. ഇന്ത്യയുടെ ചരിത്രത്തില്‍ ഇത്രമേല്‍ ഒറ്റപ്പെട്ടുപോയ ഒരു കാലഘട്ടം കേട്ടുകേള്‍വി പോലുമില്ല. മതന്യൂനപക്ഷങ്ങള്‍ മാത്രമല്ല ഭാരതത്തിന്റെ സാമ്പത്തിക നട്ടെല്ല് എന്ന് വിശേഷിപ്പിക്കാവുന്ന കര്‍ഷകരും അരാജകത്വത്തിലാണ്. ലോകം മുഴുവനും ശ്രദ്ധിച്ച, മാസത്തിലധികമായി തുടരുന്ന കര്‍ഷകസമരത്തെ കേന്ദ്രം എത്ര അപമാനകരമായ രീതിയിലാണ് സമീപിച്ചത്. ജനാധിപത്യത്തെ ബി.ജെ.പി ഭരണകൂടം കേള്‍ക്കാനോ പരിഗണിക്കാനോ തയാറല്ല.
ജനാധിപത്യ, മതേതരത്വ സോഷ്യലിസ്റ്റ് ഭാരതത്തിനായി ജീവന്‍ സമര്‍പ്പിച്ച ഗാന്ധിജിയെ വെടിവച്ചു കൊല്ലാന്‍ ഗോഡ്‌സെ പരിശീലനം ചെയ്തത് ദുര്‍ഗ ക്ഷേത്രത്തില്‍വച്ചായിരുന്നു. ഗോഡ്‌സെക്ക് പ്രേരണനല്‍കിയ ആര്‍.എസ്.എസിന്റെ നേതാവ് സവര്‍ക്കര്‍ ഇപ്പോള്‍ ആദരിക്കപ്പെടുന്നു. രാഷ്ട്രപതിഭവനിലും പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി എന്നിവരുടെ ഓഫിസുകളിലും ഗാന്ധിജിയുടെ പടത്തിന് തൊട്ടടുത്ത് സവര്‍ക്കറുടെ പടവും തൂക്കിയിട്ടുണ്ട്. ലോക സമൂഹങ്ങളില്‍നിന്നും ഭാരതത്തെ വെട്ടിമാറ്റി ഭീകരതയുടെ മതില്‍ ഉയര്‍ത്തിയ സവര്‍ക്കര്‍ എങ്ങനെ ആദരണീയനായി. അന്തമാനിലെ സെല്ലുലാര്‍ ജയിലില്‍ നിന്നു ബ്രിട്ടിഷുകാര്‍ക്ക് മാപ്പ് എഴുതിക്കൊടുക്കുമ്പോള്‍ താനും തന്റെ അനുയായികളും ബ്രിട്ടന് പാദസേവ ചെയ്യുമെന്ന് വാക്ക് കൊടുത്തിരുന്നു. ഇദ്ദേഹം ഉള്‍പ്പെടെയുള്ള ആര്‍.എസ്.എസ് നേതാക്കളുടെ വീടുകളില്‍ വളര്‍ത്തുന്ന കാവല്‍പട്ടികള്‍ പോലും ബ്രിട്ടനെതിരേ ഒരിക്കലെങ്കിലും കുരച്ചതായി ചരിത്രമില്ല. ഇന്ത്യക്ക് വേണ്ടി ഇന്ത്യക്കാര്‍ നയിച്ച സ്വാതന്ത്ര്യം, സ്വാതന്ത്ര്യ വിരോധികളുടെ കൈകളില്‍ അകപ്പെടാന്‍ ഇടയായ രാഷ്ട്രീയ സമീപനങ്ങള്‍ ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കള്‍ തിരുത്താത്ത കാലത്തോളം പ്രകടമായ മാറ്റങ്ങള്‍ പ്രതീക്ഷിക്കാനാവില്ല.
ജൂതന്മാര്‍ക്കും ക്രിസ്തീയര്‍ക്കും മുസ്‌ലിംകള്‍ക്കും പ്രത്യേകം രാഷ്ട്രങ്ങളുണ്ട്. ഹിന്ദുക്കള്‍ക്കും ഒരു ഹിന്ദു രാഷ്ട്രം സ്ഥാപിക്കണം ഇതാണ് ആര്‍.എസ്.എസ് ഉയര്‍ത്തുന്ന മൗലിക പ്രത്യയശാസ്ത്രം. ഇന്ത്യയെ തീറ്റിപ്പോറ്റുന്ന യൂറോപ്പ് ഉള്‍പ്പെടെയുള്ള രാഷ്ട്രങ്ങള്‍ ഇത്തരമൊരു മതവര്‍ഗീയ തീരുമാനം കൈക്കൊണ്ടാല്‍ എന്തായിരിക്കും അവസ്ഥ. ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്ക് കയറ്റുമതി വിലക്കും ഇറക്കുമതി വിലക്കും ഏര്‍പ്പെടുത്തിയാല്‍ നാഗ്പൂരിലെ ആര്‍.എസ്.എസ് കാര്യാലയത്തില്‍ നിന്നും അവശ്യവസ്തുക്കള്‍ എത്തിക്കാന്‍ കഴിയുമോ. സങ്കുചിതവും അപ്രായോഗികവും അപരിഷ്‌കൃതവും മനുഷ്യത്വരഹിതവുമായ ആശയമാണ് അവര്‍ മുന്നോട്ടുവയ്ക്കുന്നത്. 80 ശതമാനം ഹിന്ദുക്കളാണ് ഇന്ത്യയില്‍ എന്ന് അവകാശപ്പെടുന്നവര്‍ ആ സമൂഹത്തിന്റെ എത്ര ശതമാനം പിന്തുണ ആര്‍.എസ്.എസിന് അവകാശപ്പെടാന്‍ കഴിയും. മഹാഭൂരിപക്ഷം വരുന്ന ഹൈന്ദവര്‍ ഫാസിസ്റ്റുകളല്ല, വര്‍ഗീയവാദികളുമല്ല. അവര്‍ മതേതരവാദികളും അതിനുവേണ്ടി ജീവന്‍ ബലിയര്‍പ്പിച്ചവരുമാണ്. കോര്‍പറേറ്റ് ഭീമന്മാര്‍ക്കുവേണ്ടി വൈകാരിക രാഷ്ട്രീയം കളിക്കുകയാണ് ബി.ജെ.പി. ബാബരി മസ്ജിദ് ലാഭകരമായ രാഷ്ട്രീയമാണെന്ന് അവര്‍ മനസിലാക്കി ഉപയോഗപ്പെടുത്തി. ഇനി പൂര്‍ണമായും നടപ്പിലാക്കാനുള്ളത് ഏക സിവില്‍കോഡും പൗരത്വ നിയമവുമാണ്. സവര്‍ക്കര്‍ നട്ടു മുളപ്പിച്ചെടുത്ത ഈ വൈകാരിക വര്‍ഗീയതകള്‍ ബി.ജെ.പി ഇപ്പോള്‍ വിളവെടുക്കുകയാണ്. ഇന്ത്യയുടെ കുതിപ്പും വളര്‍ച്ചയും തടയാന്‍ മാത്രമേ ഹിന്ദുത്വ ഭീകരതക്ക് കഴിയുകയുള്ളൂ.
1950ല്‍ വെള്ളിയില്‍ അടിച്ചിറക്കിയ റിയാല്‍ യമനില്‍ അതിവേഗം അപ്രത്യക്ഷമാകുന്നത് ഒരു ട്രഷറി ഉദ്യോഗസ്ഥന്റെ ശ്രദ്ധയില്‍പ്പെട്ടു. അവയെല്ലാം ഏദനിലേക്ക ്എത്തിച്ചേര്‍ന്നതായും അദ്ദേഹം കണ്ടെത്തി. ബ്രിട്ടിഷ് വ്യവസായ സ്ഥാപനത്തിലെ ഗുമസ്തന്‍മാരില്‍ ഒരാള്‍ റിയാല്‍ വാങ്ങുന്നു എന്നൊരു വിജ്ഞാപനം പുറപ്പെടുവിച്ചു. വെള്ളി റിയാല്‍ ഉരുക്കി വെള്ളി ബിസ്‌ക്കറ്റുകളാക്കി തൂക്കി വിറ്റാല്‍ മാര്‍ക്കറ്റിലുള്ള കറന്‍സി റിയാലിനെക്കാള്‍ അധിക വില കിട്ടുമെന്ന് കണ്ടെത്തി. ഔദ്യോഗിക നടപടി സ്വീകരിക്കുന്നതിന് മുമ്പ് തന്നെ ആ ഗുമസ്തന്‍ വേണ്ടത്ര വെള്ളിറിയാലുകള്‍ സമ്പാദിച്ചിരുന്നു. ഈ പണം ഉപയോഗിച്ച് അയാള്‍ പോളിസ്റ്റര്‍ നൂല്‍ വ്യാപാരം ആരംഭിച്ചു. പരേതനായ ധീരുഭായി അംബാനി എന്ന ഇന്ത്യക്കാരനായിരുന്നു അത്. മാര്‍ക്കറ്റിലെ പൊതുസാധ്യതകള്‍ അവസരോചിതം ബുദ്ധിപരമായി ഉപയോഗപ്പെടുത്തി ധനം സമ്പാദിച്ചു ഭരണകൂടങ്ങളെ നിര്‍മിക്കുകയും മാറ്റുകയും ചെയ്യാന്‍ കോര്‍പറേറ്റുകള്‍ക്ക് കഴിയുന്നു. ഇന്ത്യയില്‍ ഇപ്പോള്‍ എം.എല്‍.എമാരുടെ മാര്‍ക്കറ്റ് മൂല്യം 60 കോടി രൂപയും എം.പി.മാരുടെ മൂല്യം 200 മുതല്‍ 600 കോടി വരെയുമാണെന്ന് പരക്കെ ആക്ഷേപമുണ്ട്. തെരഞ്ഞെടുപ്പ് രംഗത്ത് വിജയിക്കുന്നത് ആശയങ്ങളല്ല പണമാണന്ന് അറിയാത്തവര്‍ എത്രപേരുണ്ട്. പല ഇന്ത്യന്‍ സംസ്ഥാനങ്ങളിലെയും വോട്ടു വില നേരത്തെ ഒരു വിലകുറഞ്ഞ പട്ടുസാരിയും ബ്ലൗസും ദോത്തിയുമായിരുന്നു. അതു മാറി രണ്ടായിരവും അയ്യായിരവും കറന്‍സിയായി തീര്‍ത്തിട്ടുണ്ട്. തെരഞ്ഞെടുപ്പു കമ്മിഷന്‍ നിശ്ചയിച്ച ലക്ഷ്മണരേഖ ബഹുമാനിക്കുന്ന ഏതെങ്കിലും ഒരു പാര്‍ട്ടി ഇന്ത്യയില്‍ നിലവില്‍ ഉണ്ടോ. പതിവു ചടങ്ങെന്ന നിലക്ക് സ്ഥാനാര്‍ഥികള്‍ സമര്‍പ്പിക്കുന്ന കണക്കുകള്‍ ശരിയല്ലെന്ന് അറിഞ്ഞുകൊണ്ട് തന്നെ സ്വീകരിക്കുകയാണ് ഉദ്യോഗസ്ഥര്‍.
തെരഞ്ഞെടുപ്പ് കാലത്ത് ഉദ്യോഗസ്ഥര്‍ പിടികൂടുന്ന കള്ളപ്പണത്തിന്റെ കണക്കുകള്‍ പത്രങ്ങളില്‍ വരാറുണ്ട്. ഇലക്ഷന്‍ മാര്‍ക്കറ്റില്‍ ഒഴുകുന്ന കള്ളപ്പണത്തിന്റെ എത്ര ശതമാനം വരും അത്. നമ്മുടെ എയര്‍പോര്‍ട്ടുകളില്‍ എത്തുന്ന സ്വര്‍ണക്കടത്തില്‍ എത്ര പരിമിതമായ കടത്തുകളാണ് പിടികൂടാന്‍ കഴിയുന്നത്. തെരഞ്ഞെടുപ്പ് നടപടിക്രമം പരിഷ്‌കരിക്കാനുള്ള സമയം അതിക്രമിച്ചു. ഇന്ത്യയില്‍ ഏറ്റവും ലാഭകരമായ വ്യവസായമായി രാഷ്ട്രീയം വളര്‍ന്നു. ഒരു കടലാസും നിശ്ചിത ഫീസും കെട്ടിയാല്‍ ആര്‍ക്കും പാര്‍ട്ടിയുണ്ടാക്കി അപേക്ഷ നല്‍കി അംഗീകാരം വാങ്ങാം. കേരളത്തിലെ ചെറുകിട കച്ചവടക്കാരും വ്യവസായികളും രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാന്‍ തീരുമാനിക്കുകയും ഇപ്പോഴും രൂപീകരിച്ചിട്ടില്ലാത്ത രാഷ്ട്രീയപ്പാര്‍ട്ടി ഏതു മുന്നണിയില്‍ ചേരണം എന്ന് മുന്‍കൂട്ടി ചര്‍ച്ചകള്‍ ആരംഭിക്കുകയും ചെയ്തത് ഈ വ്യവസായത്തിന്റെ അനന്ത ലാഭ സാധ്യത സാക്ഷ്യപ്പെടുത്തുന്നു. ഹിതപരിശോധന സംഘടനാതലത്തില്‍ നടത്തി ജനസംഖ്യയുടെ 10 ശതമാനമെങ്കിലും പിന്തുണയുള്ളവര്‍ക്ക് മാത്രമേ മത്സരരംഗത്ത് ഒന്നാംഘട്ടത്തില്‍ വരാന്‍ അവകാശമുള്ളൂ എന്ന് നിയമം കൊണ്ടുവന്നാല്‍ ഒരു പരിധിവരെ ഈ രാഷ്ട്രീയ സംഘടനാ പ്രളയം നിയന്ത്രിച്ചുനിര്‍ത്താന്‍ കഴിയും. തെരഞ്ഞെടുപ്പ് കാലം വന്നാല്‍ എല്ലാ പാര്‍ട്ടികളും പിരിവിന് വരും. 100 രൂപയില്‍ കുറഞ്ഞ ഒരു പിരിവും സംഭാവന മാര്‍ക്കറ്റിലില്ല. 10 മുതല്‍ 20 വരെ രാഷ്ട്രീയപ്പാര്‍ട്ടികളുടെ പിരിവിന് വിധേയമാകാത്ത എത്ര പൗരന്മാര്‍ നമ്മുടെ നാട്ടില്‍ പാര്‍ക്കുന്നുണ്ടാവും. നവതലമുറയില്‍ അരാഷ്ട്രീയവാദം സ്വാധീനിക്കുന്നുണ്ട്, പീഡന വിഭ്രാന്തിയുടെ അനന്തരഫലമായ തീവ്രവാദവും അര്‍ധതീവ്രവാദവും നിഷേധാത്മകതയും വളര്‍ന്നുവരുന്നുണ്ട്.
രാഷ്ട്രീയ തണലിലാണ് കുറ്റവാളികള്‍ രക്ഷപ്പെടുന്നത്. എനിക്ക് ഒരു മുസ്‌ലിമിന്റെ ഡെഡ്‌ബോഡി വേണമെന്ന് ആക്രോശിച്ച പൊലിസ് ഉദ്യോഗസ്ഥന്‍ രമണ്‍ ശ്രീവാസ്തവ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ പൊലിസ് ഉപദേഷ്ടാവായി നിയമിക്കപ്പെടാന്‍ ഇടയായ രാഷ്ട്രീയ അന്തര്‍ധാരയും ശക്തിയും അധികം വിചാരണ ചെയ്യപ്പെടാതെ പോയത് രാഷ്ട്രീയ സംരക്ഷണമുള്ളതുകൊണ്ട് കൂടിയാണ്. പാലത്തായിയില്‍ പ്രായം തികയാത്ത മുസ്‌ലിം പെണ്‍കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്ത ആര്‍.എസ്.എസുകാരന്‍ പത്മരാജനെതിരേ ലോല വകുപ്പുകള്‍ ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രതിക്ക് രക്ഷപ്പെടാന്‍ അവസരമൊരുക്കി തെളിവു നശിപ്പിക്കുകയും ചെയ്യാന്‍ കൂട്ടുനിന്ന പൊലിസ് ഉദ്യോഗസ്ഥന്‍ എസ്. ശ്രീജിത്ത് എങ്ങനെ ക്രൈംബ്രാഞ്ച് മേധാവിയായി. രാഷ്ട്രീയ നീക്കുപോക്കുകളും അഡ്ജസ്റ്റ്‌മെന്റുകളും പച്ചയായി പറഞ്ഞാല്‍ ഭരണം നിലനിര്‍ത്താനും ഭയപ്പെടുന്ന കേസുകള്‍ കുത്തിപ്പൊക്കി അലോസരമുണ്ടാക്കി പൊക്കാതിരിക്കാനുമാണ്. ഇരകള്‍ക്ക് നീതി നിഷേധിക്കുകയും നിയമവാഴ്ച അട്ടിമറിക്കുകയും ചെയ്യുന്നത് നമ്മുടെ രാഷ്ട്രീയ വീക്ഷണത്തിന്റെ പരാജയത്തില്‍പ്പെടുന്നു. ഇന്ത്യന്‍ ജനാധിപത്യം പുനര്‍വായനക്ക് വിധേയമാക്കണം. മത, ജാതി, പ്രാദേശിക താല്‍പ്പര്യങ്ങള്‍ ഉയര്‍ത്തി ചില നേതാക്കളും പാര്‍ട്ടികളും ജനങ്ങളെ വിലക്കെടുത്ത് ഓഹരിവച്ച് പോക്കറ്റില്‍ സൂക്ഷിക്കുകയാണ്. ഇവര്‍ക്ക് രാഷ്ട്രീയപ്പാര്‍ട്ടികള്‍ നല്‍കുന്ന ഓമനപ്പേരാണ് സുരക്ഷിത വോട്ട് ബാങ്ക്. ഇതിനര്‍ഥം ജനഹിതം ഇപ്പോഴും പ്രകടിപ്പിക്കാന്‍ ജനങ്ങള്‍ പഠിച്ചിട്ടില്ലെന്ന് തന്നെയാണ്. അഞ്ചുവര്‍ഷം ഭരണപക്ഷത്ത്, അഞ്ചുവര്‍ഷം പ്രതിപക്ഷത്ത് ഇതൊരു രാഷ്ട്രീയ ചംക്രമണം പോലെ നാടകമായി തുടരുന്നു. ഭരണസിരാ കേന്ദ്രങ്ങളില്‍ എത്തിയാല്‍ പരസ്പര ധാരണയില്‍ പണവും അധികാരവും പങ്കിടുന്ന ഇന്ത്യന്‍ രാഷ്ട്രീയം പ്രത്യയശാസ്ത്ര ദാരിദ്ര്യം നേരിടുന്നുണ്ട്.
അടിസ്ഥാന രാഷ്ട്രീയവിദ്യാഭ്യാസം പള്ളിക്കൂടങ്ങള്‍ മുതല്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കണം. ജനങ്ങളുടെ മൗലിക ജനാധിപത്യ കാഴ്ചപ്പാടുകള്‍ പഠിക്കാനും പ്രകടിപ്പിക്കാനും കഴിയാതെ വന്നാല്‍ അരാഷ്ട്രീയധാരയിലേക്ക് വഴിമാറും. സേവനമെന്ന രാഷ്ട്രീയത്തിന്റെ സത്യസന്ധമായ മുഖം നഷ്ടപ്പെട്ടു പോകാതെ മഹത്വം കാത്തുസൂക്ഷിക്കണം. ജന്മനാ സര്‍ഗാത്മകമായി മനുഷ്യ പ്രകൃതിയിലുള്ള സേവന വാസന പരിപോഷിപ്പിക്കാനുള്ള ശാസ്ത്രീയ സംവിധാനമായ രാഷ്ട്രീയ പ്ലാറ്റ്‌ഫോമുകള്‍ പ്രബലപ്പെടുത്തണം. നവ തലമുറക്ക് സംഘടന പാര്‍ലമെന്ററി മേഖലകളില്‍ മതിയായ പ്രാതിനിധ്യം ഉറപ്പുവരുത്തുകയും വേണം. ഇന്ത്യന്‍ ഭരണഘടനയുടെ കാവല്‍ക്കാര്‍ ജുഡീഷ്യറി മാത്രമല്ല. കലര്‍പ്പും കളങ്കവുമില്ലാത്ത ഭരണാധികാരികളും ഉദ്യോഗസ്ഥരും കൂടിയാണ്. അരാഷ്ട്രീയവാദം പോലെ അപകടമാണ് തീവ്രവാദ സമീപനങ്ങളും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."