കേരളത്തിലെ കര്‍ഷകരും ഡല്‍ഹിയിലേക്ക്
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷകദ്രോഹ നയങ്ങള്‍ക്കെതിരേ ഡല്‍ഹിയില്‍ തുടരുന്ന കര്‍ഷകസമരത്തിനു കരുത്തേകാന്‍ സംസ്ഥാനത്തുനിന്നുള്ള കര്‍ഷകരും. ആയിരം കര്‍ഷക വളണ്ടിയര്‍മാര്‍ ഡല്‍ഹി അതിര്‍ത്തിയിലെ ഷാജഹാന്‍പൂരില്‍ സമരത്തില്‍ അണിചേരുമെന്നു കേരളാ കര്‍ഷക സംഘം സംസ്ഥാന സെക്രട്ടറി കെ.എന്‍ ബാലാഗോപാല്‍ പറഞ്ഞു.
500 പേരടങ്ങുന്ന ആദ്യ സംഘം 11ന് കണ്ണൂരില്‍നിന്നു ബസില്‍ യാത്ര തിരിക്കും. വിവിധ ജില്ലകളില്‍നിന്നുള്ള വളണ്ടിയര്‍മാര്‍ സംഘത്തിലുണ്ടാകും. സി.പി.എം പൊളിറ്റ്ബ്യൂറോ അംഗവും അഖിലേന്ത്യാ കിസാന്‍ സഭ വൈസ് പ്രസിഡന്റുമായ എസ്. രാമചന്ദ്രന്‍പിള്ള രാവിലെ ഒന്‍പതിനു റാലി ഫ്‌ളാഗ് ഓഫ് ചെയ്യും. അഞ്ഞൂറു പേര്‍ ഉള്‍ക്കൊള്ളുന്ന രണ്ടാം സംഘം 21ന് യാത്ര തിരിക്കും. ഏഴാംവട്ട ചര്‍ച്ചയിലും കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് സംസ്ഥാനത്തെ കര്‍ഷകരെയും ഡല്‍ഹിയിലെ സമരത്തില്‍ അണിചേര്‍ക്കാന്‍ തീരുമാനിച്ചത്. തെല്ലും പരിചിതമല്ലാത്ത കാലാവസ്ഥയിലും സമരം വിജയകരമായി അവസാനിക്കുംവരെ അതിന്റെ ഭാഗമാകും.
വഴിയരികില്‍ ടെന്റ് കെട്ടി താമസിച്ച് മുഴുവന്‍ സമയവും സമരത്തില്‍ പങ്കാളികളാകും. കര്‍ഷകസംഘം സംസ്ഥാന പ്രസിഡന്റ് കെ.കെ രാഗേഷ് എം.പി, സെക്രട്ടറി എന്നിവര്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനതല നേതാക്കളും സമരത്തില്‍ പങ്കുചേരും. സംസ്ഥാനത്തു പാളയം രക്തസാക്ഷി മണ്ഡപത്തിലും ജില്ലാ കേന്ദ്രങ്ങളിലും സംയുക്ത കര്‍ഷക സമിതി നടത്തുന്ന പ്രതിഷേധത്തിനു പുറമേയാണ് കര്‍ഷകസംഘം ഡല്‍ഹിയിലേക്കു കര്‍ഷക റാലി സംഘടിപ്പിക്കുന്നതെന്നും ബാലഗോപാല്‍ പറഞ്ഞു.
കെ.കെ രാഗേഷ്, സംസ്ഥാന വൈസ് പ്രസിഡന്റ് വി.എസ് പത്മകുമാര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."