കുഞ്ഞാലിക്കുട്ടിക്ക് പിന്നാലെ മതമേലധ്യക്ഷന്മാരെ അനുനയിപ്പിക്കാന്‍ എ.ഐ.സി.സി പ്രതിനിധികളും
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി മതമേലധ്യക്ഷന്മാരെ നേരില്‍ കണ്ട് അനുനയിപ്പിച്ച് പിന്തുണ ഉറപ്പാക്കാന്‍ എ.ഐ.സി.സി പ്രതിനിധി സംഘം തന്നെ രംഗത്ത്. ഇന്നലെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമ്മീസ് കാതോലിക്കാ ബാവയുമായി കൂടിക്കാഴ്ച നടത്തി.
എ.ഐ.സി.സി സെക്രട്ടറി ഐവാന്‍ ഡിസൂസയും ആന്റോ ആന്റണി എം.പിയും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. പിന്നീട് ഐവാന്‍ ഡിസൂസ മാര്‍ത്തോമാ സഭാ പ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തി. തദ്ദേശ തെരഞ്ഞെടുപ്പില്‍ ക്രൈസ്തവ സമൂഹം അകന്നെന്ന പൊതു വിലയിരുത്തലാണ് യു.ഡി.എഫ് ക്യാംപിനുള്ളത്. യു.ഡി.എഫില്‍ മുസ്ലിം ലീഗാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വിവാദ പ്രസ്താവന ദോഷം ചെയ്തതായും യു.ഡി.എഫ് കരുതുന്നുണ്ട്.
ഈ സാഹചര്യത്തിലാണ് നിയമസഭാ തെരഞ്ഞെടുപ്പിനു മുന്‍പ് ക്രൈസ്തവ മതമേലധ്യക്ഷന്മാരെ നേരില്‍ കണ്ട് അനുനയിപ്പിക്കാനുള്ള ശ്രമം നടത്തുന്നത്. നേരത്തെ മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പിയും കര്‍ദിനാള്‍ മാര്‍ ക്ലിമ്മീസുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
അതേസമയം തദ്ദേശ തെരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്തേക്കുപോയ പഞ്ചായത്തുകളിലെ കമ്മിറ്റികള്‍ പൂര്‍ണമായും അഴിച്ചുപണിയാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്. ഇതിനായി അടുത്തദിവസം മുതല്‍ എ.ഐ.സി.സി സെക്രട്ടറിമാരുടെ അധ്യക്ഷതയില്‍ ജില്ലാതലങ്ങളില്‍ യോഗം ചേരും. ഇന്നലെ പോഷക സംഘടനാ നേതാക്കളുമായും എ.ഐ.സി.സി പ്രതിനിധി സംഘം കൂടിക്കാഴ്ച നടത്തിയിരുന്നു. ഒരു ബൂത്ത് ഒരു നേതാവിന് എന്ന രീതിയില്‍ ബൂത്ത് കമ്മിറ്റികള്‍ അതാത് സ്ഥലങ്ങളിലെ പ്രധാന നേതാവിന്റെ സാനിധ്യത്തില്‍ പുനഃസംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."