കെ റെയിൽ ; ആദ്യം ചർച്ച ചെയ്തത് എം.എൽ.എമാരുമായി: മുഖ്യമന്ത്രി
കൊച്ചി
കെ റെയിലിന്റെ സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് ആദ്യം ചർച്ച നടത്തിയത് എം.എൽ.എമാരുമായാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എറണാകുളം ടി.ഡി.എം ഹാളിൽ സംഘടിപ്പിച്ച വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പദ്ധതിയെക്കുറിച്ച് നിയമസഭയിൽ പറഞ്ഞില്ലെന്നത് ഓർമക്കുറവാണെന്നും ഇതു സംബന്ധിച്ച പ്രതിപക്ഷത്തിൻ്റെ ആരോപണത്തിന് മറുപടിയായ മുഖ്യമന്ത്രി പറഞ്ഞു. സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു ഘട്ടത്തിനു ശേഷമാണ് എതിർപ്പ് ഉയർന്നത്. അതിന് അതിന്റേതായ കാരണങ്ങളുണ്ട്. നിയമസഭയിൽ ഈ വിഷയം അവതരിപ്പിച്ചിട്ടില്ലെന്നത് ശരിയല്ല. പ്രധാന കക്ഷിനേതാക്കൾ വിഷയവുമായി ബന്ധപ്പെട്ട് സഭയിൽ സംശയങ്ങളുന്നയിച്ചിരുന്നു. അടിയന്തര പ്രമേയത്തിന് മറുപടിയും നൽകിയിട്ടുണ്ട്. കഴിഞ്ഞ സർക്കാരിന്റെ കാലത്തെ സഭയിലായിരുന്നു ഇത്. എന്നാൽ ഇപ്പോൾ എൽ.ഡി.എഫ് സർക്കാർ വീണ്ടും അധികാരത്തിലെത്തിയ സാഹചര്യത്തിലാണ് എതിർപ്പ് രൂക്ഷമായതെന്നും മുഖ്യമന്ത്രി പറഞ്ഞു. പദ്ധതിയുമായി ബന്ധപ്പെട്ട സാങ്കേതിക, സാമൂഹ്യ, പാരിസ്ഥിതിക വിഷയങ്ങളിലുള്ള സംശയങ്ങൾക്ക് കെ റെയിൽ എം.ഡി വി.അജിത് കുമാർ മറുപടി നൽകി.വളരെ കുറച്ച് ആരാധനാലയങ്ങൾ മാത്രമാണ് നിലവിലെ അലൈൻമെൻ്റിലുള്ളതെന്ന് ചൂണ്ടിക്കാട്ടിയ കെ റെയിൽ മാനേജിങ് ഡയരക്ടർ, ഇവ നിലനിർത്താനുള്ള എല്ലാ സാധ്യതകളും പരിശോധിക്കുമെന്നും വ്യക്തമാക്കി. മന്ത്രി പി.രാജീവ് ചടങ്ങിൽ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."