കെ റെയിൽ സ്ഥലമേറ്റെടുക്കുന്നതിനെ പിന്തുണച്ച് റെയിൽവേയും
സ്വന്തം ലേഖകൻ
കൊച്ചി
സിൽവർ ലൈൻ പദ്ധതിയുടെ (കെ-റെയിൽ) ഭൂമി ഏറ്റെടുക്കൽ നടപടികളുമായി സംസ്ഥാന സർക്കാരിന് മുന്നോട്ട് പോകാമെന്ന് റെയിൽവേ മന്ത്രാലയം. ഇന്നലെ ഹൈക്കോടതിയിലാണ് മന്ത്രാലയം നിലപാട് വ്യക്തമാക്കിയത്. സിൽവർ ലൈൻ പ്രത്യേക പദ്ധതിയല്ലെന്ന സംസ്ഥാന സർക്കാർ നിലപാടിനെയും റെയിൽവേ പിന്തുണച്ചു. പദ്ധതിക്കായുള്ള ഭൂമിയേറ്റെടുക്കൽ തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയിലാണ് ഇതിനെ പൂർണമായി പിന്തുണച്ച് റെയിൽവേ മന്ത്രാലയം ഹൈക്കോടതിയിൽ നിലപാടെടുത്തത്. സിൽവർലൈൻ പ്രത്യേക പദ്ധതിയാണെന്നും റെയിൽവേ ആക്ട് പ്രകാരം വിജ്ഞാപനം ഇറക്കാതെ ഭൂമി ഏറ്റെടുക്കാനാവില്ലെന്നും കാണിച്ചാണ് ഹരജിക്കാർ കോടതിയെ സമീപിച്ചത്.
സ്ഥലമേറ്റെടുക്കൽ വിജ്ഞാപനത്തിന് അനുമതിയുണ്ടെന്നും റെയിൽവേ കോടതിയെ അറിയിച്ചു. സിൽവർ ലൈൻ പ്രത്യേക പദ്ധതിയല്ലെന്നും ഇതിൻ്റെ പ്രാരംഭ നടപടികൾ മാത്രമാണ് ആരംഭിച്ചതെന്നും സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. സംസ്ഥാന സർക്കാർ വാദങ്ങളെ കോടതിയിൽ റെയിൽവേയും പിന്തുണയ്ക്കുകയായിരുന്നു. സിൽവർലൈൻ ഒരു പ്രത്യേക റെയിൽവേ പദ്ധതിയല്ല. അതുകൊണ്ടുതന്നെ കേന്ദ്ര സർക്കാരിന്റെ പ്രത്യേക അനുമതി സ്ഥലമേറ്റെടുക്കലിന് ആവശ്യമില്ല. സിൽവർലൈൻ പ്രത്യേക പദ്ധതിയായി നോട്ടിഫൈ ചെയ്യാത്ത സാഹചര്യത്തിൽ 2013ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം നടപടികളുമായി മുന്നോട്ട് പോകാം. റെയിൽ മന്ത്രാലയം വ്യക്തമാക്കി. പദ്ധതിക്ക് പ്രാരംഭ അനുമതി നൽകിയതായും സിൽവർലൈനിന്റെ മാതൃസ്ഥാപനമായ കെ റെയിലിൽ റെയിൽവേയ്ക്ക് 49 ശതമാനം ഓഹരിയുള്ളതായും മന്ത്രാലയം കോടതിയെ അറിയിച്ചു. അന്തിമവാദം പൂർത്തിയായതിനെ തുടർന്ന് കേസ് വിധി പറയാനായി മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."