പ്രതിദിന കൊവിഡ് കേസ് ഒരുലക്ഷം കടന്നു വിദേശത്ത് നിന്നെത്തുന്നവർക്ക് ഏഴുദിവസം ഹോം ക്വാറന്റൈൻ ഒമിക്രോൺ 3,000ത്തിന് മുകളിൽ
ന്യൂഡൽഹി
രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം ഒരു ലക്ഷം കടന്നു. ഇന്നലെ കാലത്ത് അവസാനിച്ച 24 മണിക്കൂറിനുള്ളിൽ പുതുതായി 1,17,100 കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 214 ദിവസത്തിനിടയിൽ ആദ്യമായാണ് കൊവിഡ് കേസുകൾ ഒരു ലക്ഷം കടക്കുന്നത്.
ഇതോടെ രാജ്യത്തെ സജീവ കൊവിഡ് കേസുകളുടെ എണ്ണം 3,71,363 ആയി. ഒമിക്രോൺ കേസുകളുടെ എണ്ണം 3,000ത്തിന് മുകളിലെത്തി. കൊവിഡ് കേസുകൾ കൂടിയതിനുപിന്നാലെ രാജ്യത്ത് വിദേശത്ത് നിന്നെത്തുന്നവർക്ക് ഏഴു ദിവസത്തെ ഹോം ക്വാറന്റൈൻ നിർബന്ധമാക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം മാർഗരേഖ പുറപ്പെടുവിച്ചു. ഈ മാസം 11 മുതലാണ് ഇത് നിലവിൽവരിക.
ഹൈ റിസ്‌ക് പട്ടികയിലുള്ള രാജ്യങ്ങളിൽ നിന്ന് വരുന്നവർ വിമാനത്താവളത്തിൽ പരിശോധനയ്ക്ക് വിധേയമാകണം. പരിശോധനാഫലം വന്ന ശേഷം മാത്രമേ ഇവരെ വിമാനത്താവളത്തിൽ നിന്ന് പുറത്തുകടക്കാനോ കണക് ഷൻ ഫ്‌ളൈറ്റിൽ യാത്ര ചെയ്യാനോ അനുവദിക്കൂ. ചൈന, ബ്രസീൽ, ന്യൂസിലാൻഡ്, മൗറീഷ്യസ്, ഇസ്‌റാഈൽ തുടങ്ങി 19 രാജ്യങ്ങളെയാണ് ഹൈ റിസ്‌ക് പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പരിശോധനാ ഫലം നെഗറ്റീവാണെങ്കിൽ ഏഴു ദിവസത്തെ ഹോം ക്വാറന്റൈന് ശേഷം എട്ടാംനാൾ ആർ.ടി-പി.സി.ആർ പരിശോധന നടത്തുകയും ഫലം എയർ സുവിധാ പോർട്ടലിൽ അപ് ലോഡ് ചെയ്യുകയും വേണം. വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിൽ ഫലം പോസിറ്റീവാണെങ്കിൽ യാത്രക്കാരെ സംസ്ഥാന സർക്കാർ നിയന്ത്രണത്തിൽ നിരീക്ഷണത്തിലാക്കുകയും സാംപിൾ ജീനോമിക് പരിശോധനയ്ക്കായി അയയ്ക്കുകയും ചെയ്യും. നെഗറ്റീവായ ശേഷം വീണ്ടും സ്വയം നിരീക്ഷണത്തിൽ ഏഴു ദിവസം കഴിയണം.
ഹൈ റിസ്‌ക് വിഭാഗത്തിലല്ലാത്ത രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലെത്തുന്നവരിൽ ഓരോ വിമാനത്തിലെയും രണ്ടു ശതമാനം യാത്രക്കാരെ തെരഞ്ഞെടുത്ത് പരിശോധനയ്ക്ക് വിധേയമാക്കും. ഇതിൽ പോസിറ്റീവാകുന്നവരുടെ സാംപിളുകൾ ജീനോമിക് പരിശോധനയ്ക്കായി അയയ്ക്കും. എല്ലാ യാത്രക്കാരും ഏഴുദിവസത്തെ നിരീക്ഷണത്തിന് ശേഷം ആർ.ടി-പി.സി.ആർ പരിശോധനാ ഫലം അപ് ലോഡ് ചെയ്യണം. വിമാനത്തിലല്ലാതെ ഇന്ത്യയിലെത്തുന്നവർക്കും ഈ മാർഗരേഖ ബാധകമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."