സി.പി.ഐയില്‍ ചേരാനില്ല; അഭ്യൂഹങ്ങള്‍ തള്ളി കോവൂര്‍ കുഞ്ഞുമോന്
കൊല്ലം: ആര്.എസ്.പി ലെനിനിസ്റ്റ് സി.പി.ഐയില്‍ ലയിക്കുന്നെന്ന അഭ്യൂഹങ്ങള്‍ തള്ളി കോവൂര്‍ കുഞ്ഞുമോന് എം.എല്‍.എ. സി.പി.ഐയിലേക്ക് ആരും തന്നെ ക്ഷണിച്ചിട്ടില്ലെന്നും ക്ഷണിച്ചാലും ചേരില്ലെന്നും കോവൂര്‍ കുഞ്ഞുമോന് സ്വകാര്യ ചാനലിനോട് പറഞ്ഞു.
എന്നാല്‍ ഔദ്യോഗിക ആര്.എസ്.പി എല്‍.ഡി.എഫിലേക്ക് മടങ്ങിയെത്തണമെന്ന് കുഞ്ഞുമോന് ആവശ്യപ്പെട്ടു. നിയമസഭാ തെരഞ്ഞെടുപ്പിനു മുന്‍പ് ആര്.എസ്.പി ലെനിനിസ്റ്റിനെ ഘടകകക്ഷിയാക്കണമെന്ന് ആവശ്യപ്പെട്ട് വീണ്ടും സി.പി.എം നേതൃത്വത്തെ സമീപിക്കാനാണ് തീരുമാനം. ഘടകക്ഷിയാക്കിയില്ലെങ്കിലും ഇടതുമുന്നണിയില്‍ തുടരും. മുതിര്‍ന്ന സി.പി.എം നേതാവും രാജ്യസഭാംഗവുമായ സോമപ്രസാദിനെ മത്സരിപ്പിക്കാനായി കുന്നത്തൂര്‍ സീറ്റ് സി.പി.എം ഏറ്റെടുത്തേക്കുമെന്ന അഭ്യൂഹം കുഞ്ഞുമോന് തള്ളി. കാഞ്ഞിരപ്പള്ളി സീറ്റ് ജോസ് കെ. മാണി നേതൃത്വം നല്കുന്ന കേരള കോണ്‍ഗ്രസിനു വിട്ടുകൊടുത്താല്‍ പകരമായി കൊല്ലം ജില്ലയില്‍ ഒരു സീറ്റ് കൂടുതല്‍ ആവശ്യപ്പെടാനുള്ള തീരുമാനത്തിലാണ് സി.പി.ഐ. കോവൂര്‍ കുഞ്ഞുമോനെ സി.പി.ഐയുടെ ഭാഗമാക്കി കുന്നത്തൂര്‍ വിട്ടുകൊടുക്കുന്ന കാര്യത്തില്‍ സി.പി.എമ്മിനും എതിര്‍പ്പില്ല. എന്നാല്‍ ഈ നീക്കത്തിന് വിരുദ്ധമാണ് കുഞ്ഞുമോന്റെ നിലപാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."