സുള്ളിഡീല്‍സ് മുഖ്യ സൂത്രധാരന്‍ പിടിയില്‍; സംഭവത്തിലെ ആദ്യ അറസ്റ്റ്, അറസ്റ്റിലായത് ഇന്‍ഡോറില്‍ വെച്ച്
ന്യൂഡല്‍ഹി: മുസ്ലിം സ്ത്രീകളെ ലേലത്തിന് വെച്ച് സുള്ള ഡീല്‍സ് നിര്‍മാതാവ് അറസ്റ്റില്‍. ഇന്‍ഡോറില്‍ വെച്ചാണ് സുള്ളി ഡീല്‍സ് ആപ്പിന്റെ മുഖ്യസൂത്രധാരനെ ഡല്‍ഹി പൊലിസ് സ്പെഷല്‍ സെല്‍ അറസ്റ്റ് ചെയ്തത്. ബി.സി.എ വിദ്യാര്‍ഥിയായ ഓംകാരേശ്വര്‍ ഠാക്കൂറാണ് (25) പിടിയിലായത്.
സുള്ളി ഡീല്‍സ് ആപ്പ് കേസിലെ ആദ്യ അറസ്റ്റാണിത്. നേരത്തെ അറസ്റ്റിലായ ബുള്ളി ബായ് ആപ്പ് നിര്‍മാതാവ് നീരജ് ബിഷ്ണോയ് നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. 2021 ജൂലൈയില്‍ ഗിറ്റ്ഹബ് പ്ലാറ്റ്ഫോമില്‍ സുള്ളി ഡീല്‍സ് ആപ്പുണ്ടാക്കിയത് താനാണെന്ന് ഓംകേശ്വര്‍ പൊലിസിനോട് സമ്മതിച്ചു.കേസില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുള്ളതായും ഓംകാര്‍ വെളിപ്പെടുത്തി.
സുള്ളി ഡീല്‍സിന് പിന്നാലെ പ്രത്യക്ഷപ്പെട്ട ബുള്ളി ബായ് ആപ്പ് നിര്‍മിച്ച കേസില്‍ മുഖ്യ സൂത്രധാരന്‍ അടക്കം നാലുപേരെ ഡല്‍ഹി പൊലിസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഭോപാലില്‍ രണ്ടാം വര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ഥിയായ നീരജ് ബിഷ്ണോയ് ആണ് ഗിറ്റ്ഹബ് പ്ലാറ്റ്ഫോമില്‍ ബുള്ളി ബായ് ആപ്പ് നിര്‍മിച്ചതിന്റെ മുഖ്യസൂത്രധാരന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."