വകുപ്പിൽനിന്ന് ഫയലുകൾ കാണാതായത് സ്ഥിരീകരിച്ച് മന്ത്രി വീണാ ജോർജ് എന്തുചെയ്യണമെന്നറിയാതെ പുലിവാലു പിടിച്ച് ആരോഗ്യ വകുപ്പ്
തിരുവനന്തപുരം
അഞ്ഞൂറിലേറെ സുപ്രധാന ഫയലുകൾ ആരോഗ്യ വകുപ്പിൽനിന്ന് കാണാതായെന്ന റിപ്പോർട്ട് സ്ഥിരീകരിച്ച് മന്ത്രി വീണാ ജോർജ്. കാണാതായ ഫയലുകൾ കൊവിഡ് കാലത്തെ ഇടപാടുമായി ബന്ധപ്പെട്ടതല്ലെന്നും വളരെ പഴയ ഫയലുകളാണെന്നും മന്ത്രി അറിയിച്ചു. ആരോഗ്യ വകുപ്പ് തന്നെയാണ് ഫയലുകൾ കാണാതായെന്ന് പൊലിസിൽ പരാതി നൽകിയത്. സംഭവത്തിൽ ധനകാര്യ വകുപ്പും അന്വേഷണം നടത്തിവരികയാണ്. പരാതിയെ സർക്കാർ ഗൗരവമായി കാണുന്നുണ്ട്. ഇക്കാരണത്താലാണ് ധന വകുപ്പിനോട് അന്വേഷിക്കാൻ ആവശ്യപ്പെട്ടത്. ക്രമക്കേട് കണ്ടെത്തിയാൽ വിപുലമായ അന്വേഷണത്തിലേക്ക് നീങ്ങുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ആരോഗ്യ വകുപ്പിന്റെ സ്റ്റോറേജ് സ്‌പേസിലുള്ള അലമാരയിലും ഷെൽഫിലുമായി സൂക്ഷിച്ച ഫയലുകൾ കാണാതായെന്നാണ് പുറത്തുവന്ന വിവരങ്ങൾ. ഫയലുകൾ കാണാതായതായി വകുപ്പ് സിറ്റി പൊലിസിൽ പരാതി നൽകിയതോടെയാണ് ഇക്കാര്യം പുറത്തായത്. സെക്ഷൻ ക്ലർക്കുമാരാണ് കാണാതായ വിവരം ഉന്നതാധികാരികളെ അറിയിച്ചത്. ജീവനക്കാർ തെരച്ചിൽ നടത്തിയെങ്കിലും ഫയലുകൾ കണ്ടെത്താനായില്ല. സുരക്ഷാ ഉദ്യോഗസ്ഥരും സി.സി.ടി.വി കാമറകളും ഉണ്ടായിരിക്കെ തന്നെയാണ് ഫയലുകൾ കാണാതായിരിക്കുന്നത്. അകത്തുള്ള ഉദ്യോഗസ്ഥരുടെ ഒത്താശയില്ലാതെ ഇത്രയും ഫയലുകൾ കടത്താനാവില്ല.
അതേസമയം, സംഭവത്തിൽ എന്തുചെയ്യുമെന്നറിയാതെ പുലിവാലു പിടിച്ചിരിക്കുകയാണ് ആരോഗ്യ വകുപ്പ്. ഏതെല്ലാം സമയങ്ങളിലെ ഫയലുകളാണ് കാണാതായതെന്ന കാര്യത്തിൽ വകുപ്പിന് യാതൊരു ധാരണയുമില്ല. കൃത്യമായി എത്ര ഫയലുകൾ സൂക്ഷിച്ചു, എങ്ങനെയൊക്കെ കൈമാറി തുടങ്ങിയ കാര്യങ്ങളിലെല്ലാം വ്യക്തതയുള്ള ബന്ധപ്പെട്ട ഉദ്യോഗസ്ഥനുണ്ടാവും. എന്നാൽ ഏത് ഉദ്യോഗസ്ഥന് കീഴിലുള്ളവയാണ് നഷ്ടമായതെന്നും അറിവായിട്ടില്ല. നിശ്ചിത സമയപരിധി കഴിഞ്ഞാൽ ഫയലുകൾ നശിപ്പിക്കാറുണ്ട്. ഇപ്പോൾ കാണാതായ ഫയലുകൾ നശിപ്പിക്കാനായി മാറ്റിവച്ചവയാണോ എന്നും അറിവായിട്ടില്ല.
ഇക്കാര്യങ്ങളെല്ലാം പൊലിസ് അന്വേഷണത്തിലൂടെ കണ്ടെത്താൻ കഴിയുകയുമില്ല. മാത്രമല്ല ഫയലുകൾ കാണാതായെന്ന പരാതിയിൽ കേസെടുക്കാനുമാവില്ല. മോഷണം പോയതാണെങ്കിൽ അക്കാര്യം ചൂണ്ടിക്കാട്ടി എഫ്.ഐ.ആർ തയാറാക്കി അന്വേഷിക്കാം. എന്നാൽ, മോഷണം പോയതാണെന്ന സൂചനയുമില്ല. ഫയലുകൾ മോഷ്ടിച്ചുകൊണ്ടു പോയാലും പുറത്തുനിന്നുള്ള ഒരാൾക്ക് അതുകൊണ്ട് പ്രത്യേകിച്ച് യാതൊരു ഉപകാരവും ഉണ്ടാകാനുമിടയില്ല. കൊവിഡ് പശ്ചാത്തലത്തിൽ ടെൻഡർ ഒഴിവാക്കി കോടിക്കണക്കിന് രൂപയുടെ മരുന്നും മെഡിക്കൽ ഉപകരണങ്ങളും മെഡിക്കൽ സർവിസസ് കോർപറേഷൻ വഴി വാങ്ങിയത് വിവാദമായതിന് പിന്നാലെയാണ് ഫയലുകൾ കാണാതായിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."