നിയമസഭ ചേരുന്നതിനാല്‍ അയ്യപ്പന് തിരക്കിലാണ്
വേറൊരു ദിവസം വരാമെന്ന് കസ്റ്റംസിനോട് സ്പീക്കറുടെ അസി. പ്രൈവറ്റ് സെക്രട്ടറി
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: 'നിയമസഭ ചേരുന്നതിനാല്‍ തിരക്കിലാണ്. അതിനാല്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കഴിയില്ല'- സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി അയ്യപ്പന്റേതാണ് വിചിത്രമായ മറുപടി.
ഡോളര്‍ കടത്ത് കേസുമായി ബന്ധപ്പെട്ട് ഇന്നലെ രാവിലെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കസ്റ്റംസ് ആവശ്യപ്പെട്ടെങ്കിലും അയ്യപ്പന് ഹാജരായില്ല. ചോദ്യം ചെയ്യലിന് വേറൊരു ദിവസം അയ്യപ്പന് ആവശ്യപ്പെട്ടിട്ടുമുണ്ട്. തിങ്കളാഴ്ച കസ്റ്റംസ് അന്വേഷണോദ്യോഗസ്ഥന് ഫോണില്‍ വളിച്ച് അടുത്ത ദിവസം രാവിലെ കൊച്ചി കസ്റ്റംസ് പ്രിവന്റീവ് ഓഫിസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തനിക്ക് നോട്ടിസ് കിട്ടിയില്ലെന്നും ഹാജരാകാന്‍ കഴിയില്ലെന്നും അയ്യപ്പന് അടുത്ത ദിവസം അറിയിച്ചു. ചൊവ്വാഴ്ച വീണ്ടും കസ്റ്റംസ് ഇന്നലെ രാവിലെ ഹാജരാകാന്‍ ആവശ്യപ്പെടുകയായിരുന്നു. ഫോണില്‍ വിളിച്ചറിയിക്കുകയും വാട്സാപ്പില്‍ നോട്ടിസ് അയച്ചുകൊടുക്കുകയും ചെയ്തു. നോട്ടിസ് കിട്ടിയതിനു പിന്നാലെ അയ്യപ്പന് വൈകുന്നേരത്തോടെ കസ്റ്റംസിനെ വിളിക്കുകയും 12 മണിയോടെ ഹാജരാകാമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ചൊവ്വാഴ്ച രാത്രി വൈകി ചോദ്യം ചെയ്യലിനെത്താന്‍ ബുദ്ധിമുട്ടുണ്ടെന്നും വെള്ളിയാഴ്ച നിയമസഭ ചേരുന്നതിനാല്‍ ജോലിത്തിരക്കുണ്ടെന്നും മറ്റൊരു ദിവസം ഹാജരാകാമെന്നും അറിയിക്കുകയായിരുന്നു. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെ യാത്രാസംബന്ധമായ ജോലികളല്ലാതെ നിയമസഭയില്‍ പ്രത്യേകിച്ച് മറ്റു ജോലികളുടെ ചുമതലയൊന്നും അയ്യപ്പനില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."