'എം.എല്‍.എമാരുടെ പരിരക്ഷ പി.എക്കും ബാധകമോ'; സ്പീക്കര്‍ക്കെതിരെ പ്രതിപക്ഷം
തിരുവനന്തപുരം: നിയമസഭാ സെക്രട്ടറി കസ്റ്റംസിന് കത്ത് നല്‍കിയതിനെതിരെ പ്രതിപക്ഷം രംഗത്ത്. സോഡോളര്‍ കടത്ത് കേസില്‍ സ്പീക്കറുടെ അസി.പ്രൈവറ്റ് സെക്രട്ടറിയെ ചോദ്യം ചെയ്യാന്‍ സ്പീക്കറുടെ മുന്‍കൂര്‍ അനുമതി വേണമെന്ന് ആവശ്യപ്പെട്ടാണ് നിയമസഭാ സെക്രട്ടറി കസ്റ്റംസിന് കത്തയച്ചതിനെതിരെയാണ് പ്രതിപക്ഷം രംഗത്തെത്തിയിട്ടുള്ളത്.
'തന്റെ പിഎയെ സംരക്ഷിക്കുന്നതിനോ നിയമനടപടികളില്‍ നിന്ന് ഒഴിവാക്കുന്നതിനോ, നിയമനിര്‍മാണ സഭക്ക് സംരക്ഷണം നല്‍കുന്ന വിശേഷാധികാരം സ്പീക്കര്‍ ദുരുപയോഗം ചെയ്യുന്നത് നിര്‍ഭാഗ്യകരമാണ്. ഇത് നിയമസഭയുടെ പദവിയേയും അന്തസ്സിനേയും ഇടിച്ചുതാഴ്ത്തുകയാണ്. ഡെന്‍മാര്‍ക്കില്‍ എന്തൊക്കെയോ ചീഞ്ഞുനാറുന്നു' കെ.സി.ജോസഫ് പറഞ്ഞു.
എന്നാല്‍ ലെജിസ്‌ളേറ്റീവ് അസംബ്ലി റൂള്‍സ് ചൂണ്ടിക്കാട്ടിയാണ് തന്റെ കത്തെന്നാണ് നിയമസഭാ സെക്രട്ടറിയുടെ വാദം. ഇതുപ്രകാരം സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പനെ വിളിപ്പിക്കണമെങ്കില്‍ കസ്റ്റംസ്, സ്പീക്കറുടെ മുന്‍കൂര്‍ അനുമതിവാങ്ങണം. എന്നാല്‍, നിയമസഭാസ്പീക്കര്‍ക്ക് ഭരണഘടനാപദവിയനുസരിച്ചുള്ള പ്രത്യേക നിയമപരിരക്ഷ ലഭിക്കുമെങ്കിലും അദ്ദേഹത്തിന്റെ പേഴ്‌സണല്‍ സ്റ്റാഫിന് ഈ പരിരക്ഷ അവകാശപ്പെടാനാകില്ല എന്ന നിലപാടിലാണ് കസ്റ്റംസ്. ഇതുസംബന്ധിച്ച് കസ്റ്റംസിന് ലഭിച്ച പ്രാഥമിക നിയമോപദേശവും ഇത്തരത്തിലാണ്.
സ്പീക്കറില്‍നിന്ന് ഒരു കേസില്‍ മൊഴിയെടുക്കണമെങ്കില്‍ നിയമസഭ കൂടുന്നതിന് ഒരുമാസം മുമ്പും നിയമസഭ ചേര്‍ന്ന് ഒരുമാസത്തിനുശേഷവും മാത്രമേ നോട്ടിസ് നല്‍കാവൂ എന്നാണ് അസംബ്ലി റൂള്‍സിലുള്ളത്. ഇത് സ്പീക്കറുടെ സ്റ്റാഫിനും ബാധകമാണെന്നാണ് നിയമസഭാ സെക്രട്ടറി ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."