HOME
DETAILS

നിയമം: ദുരുപയോഗത്തിന്റെ ഉപയോഗം

  
backup
January 08 2021 | 04:01 AM

7537854252-2

ജര്‍മന്‍ തത്വചിന്തകനായ നീത്‌ഷെയെ യു.പി മുഖ്യനായ യോഗി ആദിത്യനാഥുമായി ചേരുംപടി ചേര്‍ക്കാന്‍ പോന്ന ഒരു ഉരുപ്പടിയും ഒരു തത്വചിന്താവിദ്യാര്‍ഥിയുടെയും ചിന്താമണ്ഡലത്തിലേക്ക് കടന്നുവന്നിട്ടുണ്ടാകില്ല. ഓര്‍മശക്തിയോ വിവേചനശേഷിയോ ഇല്ലാത്തതിനാല്‍ പശുക്കള്‍ക്ക് മനുഷ്യരെ പോലെ ദുഃഖിച്ചിരിക്കേണ്ടിവരില്ലെന്നും അതിനാല്‍ അവയോട് അസൂയ തോന്നുന്നുവെന്നും ഒരിക്കല്‍ നീത്‌ഷെ പറഞ്ഞത് യോഗിജിയുടെ ഗോഭക്തിയുടെ വകഭേദമായി കണക്കാക്കിക്കൂടാ. പക്ഷേ, പ്രണയത്തെ കുറിച്ച് യോഗിജിക്കും നീത്‌ഷെക്കും ഏതാണ്ട് സമാനങ്ങളായ കാഴ്ചപ്പാടുകളാണുള്ളത്. രണ്ട് പേരും പ്രണയത്തെ കഠിനമായി വെറുക്കുന്നവരും വെറുപ്പിനെ കഠിനമായി പ്രണയിക്കുന്നവരുമാണ്. നീത്‌ഷെയുടെ വെറുപ്പ് മുഖ്യമായും ജൂതന്‍മാര്‍ക്ക് നേരെയാണ് തിരിച്ചുവച്ചിരുന്നതെങ്കില്‍ യോഗിയുടെ മുഖ്യ ഇരകള്‍ ആരാണെന്നതിന് വിശദീകരണം ആവശ്യമില്ല.
സ്ത്രീപുരുഷ സ്‌നേഹത്തോടും പ്രേമവിവാഹത്തോടും നീത്‌ഷേക്ക് കഠിന വെറുപ്പായിരുന്നു. വിവേകം അവസാനിക്കുന്നേടത്താണ് പ്രണയം തുടങ്ങുന്നതെന്നും പ്രണയവിവാഹങ്ങള്‍ ആത്യന്തികമായി മനുഷ്യവംശത്തിന്റെ വീര്യം കെടുത്തുമെന്നും അദ്ദേഹം നിരീക്ഷിച്ചു. പ്രേമം മതത്തിന്റെയും ജാതിയുടെയും അതിര് ലംഘിക്കുന്നുവെന്ന കാരണത്താലാണ് യോഗി പ്രണയത്തെ എതിര്‍ക്കുന്നത്. അദ്ദേഹം ജാതിശുദ്ധിയില്‍ വിശ്വസിക്കുന്നു. യു.പി ജനസംഖ്യയില്‍ വെറും എട്ട് ശതമാനമാണെങ്കിലും സംസ്ഥാന ഭൂസ്വത്തിന്റെ എണ്‍പത് ശതമാനവും കൈവശംവച്ചിരിക്കുന്ന ഠാക്കൂര്‍ ജാതിയില്‍പ്പെട്ടയാളാണ് അദ്ദേഹം. വല്ല ദലിത് കുട്ടിയും വേലിമുറിച്ച് മേല്‍ജാതിയില്‍പ്പെട്ട ഏതെങ്കിലും പെണ്‍കുട്ടിയെ പ്രേമിച്ചാല്‍ അവരെ നിലക്ക് നിര്‍ത്താന്‍ യോഗിജിക്ക് ഒരു കൂട്ടം ഹനുമാന്‍പടകളും ദുര്‍ഗാസേനകളുമുണ്ട്. ഇനി വല്ല വേദക്കാരും മതത്തിന്റെ സീമലംഘിച്ച് ഹിന്ദുകുട്ടികളെ പ്രണയിക്കാന്‍ മെനക്കെട്ടാല്‍ അവരെ നിലക്കുനിര്‍ത്താനാണ് ഇപ്പോള്‍ യോഗി പുതിയ ഓര്‍ഡിനന്‍സുമായി എത്തിയിരിക്കുന്നത്.
ഔദ്യോഗികമായി മതംമാറ്റ നിരോധന ഓര്‍ഡിനന്‍സെന്നാണ് ഈ നിയമം അറിയപ്പെടുന്നതെങ്കിലും ദേശീയ മാധ്യമങ്ങളടക്കം ഇതിനെ 'ലൗ ജിഹാദ് ' നിയമമെന്നാണ് വിശേഷിപ്പിക്കുന്നത്. ഒരു ജനാധിപത്യ രാജ്യത്തില്‍ ഭരണഘടനയുടെ അന്തഃസത്തക്കും വ്യക്തി സ്വാതന്ത്ര്യത്തിന്റെ അടിസ്ഥാനതത്വങ്ങള്‍ക്കും നിരക്കാത്ത നിയമം എങ്ങനെ കൊണ്ടുവരാമെന്നതിന് തെളിവായി രാഷ്ട്രീയ വിദ്യാര്‍ഥികള്‍ക്ക് ഈ ഓര്‍ഡിനന്‍സ് പഠന വിധേയമാക്കാം.
അടിയന്തര പ്രാധാന്യമുള്ള ഒരു വിഷയത്തിലാണ്, നിയമസഭയില്‍ ചര്‍ച്ചക്ക് വെക്കാതെ സാധാരണ ഗവര്‍ണര്‍ ഓര്‍ഡിനന്‍സുകള്‍ പുറപ്പെടുവിക്കാറുള്ളത്. ലൗ ജിഹാദെന്ന ഒരു കുന്ത്രാണ്ടമേയില്ലന്നും അത് വെറും മാധ്യമങ്ങളുണ്ടാക്കിയ യക്ഷിക്കഥയാണെന്നും പറഞ്ഞത് ബി.ജെ.പി നേതാവും പ്രതിരോധമന്ത്രിയുമായ രാജ്‌നാഥ് സിങ്ങാണ്. കഴിഞ്ഞ മന്ത്രിസഭയില്‍ ആഭ്യന്തരമന്ത്രിയായിരുന്നപ്പോഴാണ് അദ്ദേഹം ഇക്കാര്യം ഭംഗ്യന്തരേണ വെട്ടിത്തുറന്ന് പറഞ്ഞത്. കേരളത്തിലെ ഹാദിയ കേസടക്കം, നിരവധി സംഭവങ്ങളില്‍ പൊലിസും തല്‍പ്പരകക്ഷികളും മെനഞ്ഞുണ്ടാക്കിയ ജിഹാദികഥകള്‍ എട്ടു നിലയില്‍ പൊട്ടിത്തകരുന്നത് നാം കണ്ടതാണ്. യഥാര്‍ഥത്തില്‍ കഥാദാരിദ്ര്യം അനുഭവപ്പെട്ട മലയാള പത്രപ്രവര്‍ത്തകന്റെ പൈങ്കിളി ഭാവനയില്‍ വിടര്‍ന്ന ഒരു ജാരപ്രയോഗം മാത്രമാണ് ഈ വാക്ക്. ഇപ്പോള്‍ അതിന്റെ പ്രണേതാക്കളെ തന്നെ അത് വേട്ടയാടുന്നുവെന്നത് ചരിത്രത്തിന്റെ കാവ്യനീതി മാത്രമായിരിക്കാം. കാരണം മധ്യപ്രദേശിലുണ്ടാക്കിയിരിക്കുന്ന കൂട്ടമതപരിവര്‍ത്തനത്തെ കുറിക്കുന്ന നിയമങ്ങള്‍ ഏറ്റവും ദോഷകരമായി ബാധിക്കുക ക്രിസ്ത്യന്‍ മിഷിനറി പ്രവര്‍ത്തനങ്ങളെയാണെന്ന് ഇതിനകം വ്യക്തമായിരിക്കുന്നു.
നിയമത്തിലെ അവ്യക്തതകളെയും അതിന്റെ ദുരുപയോഗ സാധ്യതയെയും കുറിച്ച് മുന്‍ സുപ്രിംകോടതി ജഡ്ജ് മദന്‍ ബി. ലോക്കൂര്‍ അടക്കമുള്ളവര്‍ ആശങ്ക പ്രകടിപ്പിക്കുകയുണ്ടായി. ഇത്തരം ആശങ്കകള്‍ ഓര്‍ഡിനന്‍സ് ഉണ്ടാക്കിയവരെ ഒട്ടും അലോസരപ്പെടുത്തുകയില്ലെന്നതാണ് വസ്തുത. ഈ നിയമത്തിന്റെ ഉപയോഗം തന്നെ അതിന്റെ ദുരുപയോഗമാണ്. അതിനാല്‍ അതിന്റ ദുരുപയോഗസാധ്യതയെ കുറിച്ച് ആശങ്ക പ്രകടിപ്പിക്കുന്നത് ബോംബുണ്ടാക്കുന്നവനോട്, അത് സ്‌ഫോടനത്തിന് ഉപയോഗിച്ചേക്കാമെന്ന് പറയുന്നത് പോലെയാണ്. പൊട്ടിക്കാനല്ലാതെ ഷോക്കേസില്‍ വെക്കാനല്ലല്ലോ അങ്ങേര്‍ അതുണ്ടാക്കുന്നത്. നിയമത്തിലെ അവ്യക്തതകളാകട്ടെ ന്യൂനപക്ഷ വേട്ടക്ക് മുമ്പേ കുപ്രസിദ്ധരായ യു.പി പൊലിസിനും അവരെ സഹായിക്കാനായി യോഗിജിയുണ്ടാക്കിയ പൊലിസ് മിതൃ എന്ന ബജ്‌റംഗ്ദള്‍ പടക്കും ഒന്നാന്തരം സ്റ്റിറോയ്ഡാണ്.
മതപരിവര്‍ത്തന നിരോധന നിയമപ്രകാരം പ്രേരണയും പ്രലോഭനവും ബലപ്രയോഗവുമെല്ലാം പത്ത് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന ജാമ്യമില്ലാ കുറ്റമാണ്. ജസ്റ്റിസ് ലോക്കൂര്‍ പറഞ്ഞ പോലെ ഇതര സമുദായത്തില്‍പ്പെട്ട കൂട്ടുകാരിയോടൊപ്പം ഒരു പീറ്റ്‌സ തിന്നുന്നത് പോലും ഇതുപ്രകാരം ജയിലില്‍ പോകേണ്ട കുറ്റമായി വ്യാഖ്യാനിക്കപ്പെടാം. ഇത് കാണാനിടയാകുന്ന ഏതൊരപരിചിതനും പൊലിസിനെ സമീപിക്കാം. പ്രലോഭനത്തിന് അനിഷേധ്യ തെളിവായി, പീറ്റ്‌സ ഹാജറാക്കാം (ദ ഹിന്ദു ജനുവരി 2. 2021). മതവിഭജനത്തിന്റെ അപജയരേഖക്കപ്പുറമുള്ള ന്യൂനപക്ഷങ്ങളെ വേട്ടയാടാന്‍ യോഗിയുടെ പൊലിസിന് ഇതില്‍ പരം എന്തുവേണം.
നിയമം നടപ്പാക്കി ഏതാനും മണിക്കൂറുകള്‍ക്കകം യു.പി പൊലിസ് തെളിയിച്ചത് ഇതായിരുന്നു. കൗമാരത്തിന്റെ പശിമമാറാത്ത ചെറുപ്പക്കാരെപോലും പൊലിസ് അറസ്റ്റ് ചെയ്ത് ക്രൂരപീഡനങ്ങള്‍ക്കിരയാക്കി. പക്ഷേ, ചെറുപ്പക്കാര്‍ മാത്രമല്ല പൊലിസ് വലയത്തിലായത്.വര്‍ഷങ്ങള്‍ക്ക് മുമ്പ് വിവാഹിതരായവരെയും ഉഭയസമ്മതപ്രകാരം കൂടെ കഴിയുന്നവരെയും അവര്‍ വെറുതെ വിട്ടില്ല. ബില്‍ നിലവില്‍ വരുന്നതിന് മുമ്പുള്ളവരെ ശിക്ഷിക്കുവാന്‍ നിയമത്തില്‍ വ്യവസ്ഥയല്ലെന്നതൊന്നും യു.പി പൊലിസിന് ബാധകമല്ല. മത്ത് പിടിച്ച ആനക്ക് കള്ള് കിട്ടിയാലുള്ള അവസ്ഥ എന്തായിരിക്കും. നിയമം നിലവില്‍ വന്ന് 48 മണിക്കൂര്‍ കഴിയുന്നതിന് മുമ്പ് സഹപാഠിയെ പ്രണയിച്ച് പോയ കുറ്റത്തിന് 22കാരനായ ഉവൈസ് അഹമ്മദിനെ പൊലിസ് പൊക്കി. ഒരു മാസത്തിനകം 51 അറസ്റ്റുകള്‍ തികച്ച പൊലിസ് അര്‍ധ സെഞ്ച്വറിയുടെ നിറവില്‍ സ്വയം മതിമറന്നു. മൊറാദാബാദില്‍ അവര്‍ അറസ്റ്റ് ചെയ്തത് റാഷിദ് എന്നൊരു ചെറുപ്പക്കാരനെയായിരുന്നു. റാഷിദിന്റെ ഭാര്യ പിങ്കിയെ ഹിന്ദുത്വര്‍ പതിവ് പീഡനങ്ങള്‍ക്കും മനംമാറ്റയാഗങ്ങള്‍ക്കും വിധേയമാക്കിയെങ്കിലും താന്‍ ആരുടെയും പ്രലോഭനത്തിനോ പീഡനത്തിനോ വഴങ്ങിയല്ല മതം മാറിയതെന്ന് ആ യുവതി തറപ്പിച്ച് പറഞ്ഞു. ഇതിനിടെ ഗര്‍ഭിണിയായ അവരെ ഒരു സ്വകാര്യ ക്ലിനിക്കില്‍വച്ച് ഗര്‍ഭം അലസിപ്പിക്കാനും അവര്‍ മറന്നില്ല. ഒടുവില്‍ കോടതി റാഷിദിനെ വിട്ടയച്ചു. എന്നാല്‍ മതം മാറി പ്രേമിച്ചവരെ മാത്രമല്ല യോഗി പൊലിസ് 'കൈകാര്യം' ചെയ്തത്. യുവാക്കളും അവരുടെ സഹോദരങ്ങളും പ്രായമായ രക്ഷിതാക്കളുമെല്ലാം ജയിലിലടക്കപ്പെട്ടു. റാഷിദിനൊപ്പം അവന്റെ സഹോദരനും ജയിലിലായിരുന്നു. കുറ്റവിമുക്തരാക്കപ്പെട്ട് ഇരുവരും വീടണയുന്ന സോഷ്യല്‍ മീഡിയയിലെ രംഗങ്ങള്‍ കരളലിയിപ്പിക്കുന്നതാണ്.
ഇന്ത്യയിലെ ഏറ്റവും ജനസാന്ദ്രമായ സംസ്ഥാനത്തിലെ അവസ്ഥ ഇതാണെങ്കില്‍ ഒട്ടും ആശാവഹമല്ല തൊട്ടടുത്ത മധ്യപ്രദേശിലെ സംഭവവികാസങ്ങള്‍. ഒന്നാമൂഴത്തില്‍ മുഖ്യമന്ത്രിയായപ്പോള്‍ സംഘ്പരിവാറിനകത്തെ സഹിഷ്ണുതയുടെ മുഖമായാണ് ശിവരാജ് സിങ് ചൗഹാന്‍ അവതരിക്കപ്പെട്ടിരുന്നത്. ഒരിക്കല്‍ അദ്ദേഹം തലയില്‍ മുസ്‌ലിം തൊപ്പിവച്ചത് ഉമാഭാരതി പോലുള്ള ചില തീവ്രഹിന്ദുത്വവാദികളുടെ പ്രതിഷേധത്തിന് വരെ ഇടയാക്കി. പക്ഷേ തീവ്ര വിദ്വേഷത്തിനാണ് ഹിന്ദുത്വ വിപണിയില്‍ സ്‌റ്റോക് വാല്യൂ കൂടുതലുള്ളതെന്ന് മനസിലാക്കിയ ചൗഹാന്‍ രണ്ടാമൂഴത്തില്‍ യോഗിയുമായി ഒരുമത്സരത്തിന് തന്നെ പുറപ്പെട്ടിരിക്കുന്ന മട്ടാണിപ്പോള്‍. മതസ്വാതന്ത്ര്യ ബില്‍ എന്ന പേരില്‍ മധ്യപ്രദേശ് കാബിനറ്റ് അംഗീകരിച്ചിരിക്കുന്ന ബില്‍ യോഗിയുടേതിനെക്കാളും കര്‍ക്കശമാണെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ടു ചെയ്യുന്നു. യു.പിയില്‍ ആദ്യ ഘട്ടത്തില്‍ രജിസ്റ്റര്‍ ചെയ്ത പതിനാല് കേസുകളില്‍ പതിമൂന്നിലും പ്രതികള്‍ മുസ്‌ലിംകളും ഒന്നില്‍ ക്രിസ്ത്യാനികളും ആയിരുന്നു. എന്നാല്‍ കൂട്ട മതപരിവര്‍ത്തനം ഉദ്ദേശിച്ചുള്ള മധ്യപ്രദേശ് നിയമത്തിലെ വകുപ്പുകള്‍ പ്രധാനമായും ക്രിസ്ത്യന്‍ മിഷിനറികളെ ഉന്നംവച്ചുള്ളതാണെന്ന് പറയുന്നു.
ഫ്രാന്റ്‌സ് ഫാനന്‍ ഒരിക്കല്‍ പറഞ്ഞു, ഒരു സമൂഹത്തെ ഫോബിക് ഓബ്ജക്ട് അഥവാ വിദ്വേഷവസ്തുവാക്കിക്കഴിഞ്ഞാല്‍ പിന്നെ അവര്‍ക്ക് നേരെ ഏത് അതിക്രമവും നിര്‍ബാധം അഴിച്ചുവിടാന്‍ അധീശത്വ ശക്തികള്‍ക്ക് കഴിയുന്നു. അതിന് പിന്നെ ആരും ന്യായീകരണം ചമക്കേണ്ട ആവശ്യംപോലും ഇല്ലാതാകുന്നു. ഇന്ത്യയില്‍ അംഗബലത്തില്‍ ഏറ്റവും പ്രബലമായ ന്യൂനപക്ഷം ഇന്നനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രതിസന്ധി ഇതാണ്. ജീവിച്ചിരിക്കുകയെന്നത് തന്നെ ലാറ്റിനമേരിക്കയില്‍ അപകടകരമായ കാര്യമാണെന്ന് ഗബ്രിയേല്‍ ഗാര്‍ഷ്യാ മാര്‍ക്കേസ് ഒരിക്കല്‍ പറഞ്ഞിരുന്നു. മോദിയുടെയും യോഗിയുടെയും ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്ക് തോന്നുന്നതും മറ്റൊന്നല്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തമിഴ്‌നാട്ടില്‍ കനത്ത മഴ മുന്നറിയിപ്പ്; പത്ത് ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി

Weather
  •  2 minutes ago
No Image

നടിയെ ആക്രമിച്ച കേസ്: അന്തിമവാദം തുറന്ന കോടതിയില്‍ വേണമെന്ന് അതിജീവിത

Kerala
  •  4 minutes ago
No Image

സിറിയയില്‍ കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുത്ത് വിമതര്‍; ഹാഫിസുല്‍ അസദിന്റെ മഖ്ബറക്ക് തീയിട്ടു

International
  •  43 minutes ago
No Image

ഇനി മുതല്‍ പി.എഫ് നിങ്ങള്‍ക്ക് എ.ടി.എം വഴി പിന്‍വലിക്കാം; 2025 ജനുവരി മുതല്‍ നടപ്പിലാകുമെന്ന് അധികൃതര്‍ 

Economy
  •  an hour ago
No Image

57 മണിക്കൂര്‍ രക്ഷാപ്രവര്‍ത്തനം...കുഴല്‍ക്കിണറില്‍ വീണ അഞ്ചു വയസ്സുകാരനെ പുറത്തെടുത്തത് ജീവനറ്റ്; കണ്ണീരായി നാട് 

National
  •  2 hours ago
No Image

ആരാധനാലയ സംരക്ഷണ നിയമം: സമസ്തയുടെ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

National
  •  3 hours ago
No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  5 hours ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  11 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  12 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  12 hours ago