ട്രംപിനെ ഇംപീച്ച് ചെയ്യുന്നത് മന്ത്രിസഭാ അംഗങ്ങള്‍ ചര്‍ച്ച ചെയ്തു
വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് സ്ഥാനത്തിരിക്കാന്‍ അയോഗ്യനാണെന്നു തെളിയിച്ച ട്രംപിനെ ഇംപീച്ച് ചെയ്യണമെന്ന ആവശ്യം ശക്തിപ്പെട്ടു. ഇക്കാര്യം മന്ത്രിസഭയിലെ ചിലര്‍ ചര്‍ച്ചചെയ്‌തെന്ന് എ.ബി.സി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. അതേസമയം വൈസ് പ്രസിഡന്റ് മൈക് പെന്‍സ് ഇതിനെ അനുകൂലിച്ചോ എന്നു വ്യക്തമല്ല. വൈസ് പ്രസിഡന്റും മന്ത്രിസഭയിലെ ഭൂരിപക്ഷവും യു.എസ് ഭരണഘടനയുടെ 25ാം ഭേദഗതി പ്രകാരം പ്രസിഡന്റ് ആ പദവിയിലിരിക്കാന്‍ യോഗ്യനല്ലെന്ന് പ്രഖ്യാപിച്ചാല്‍ ട്രംപ് പുറത്താകും. വൈസ് പ്രസിഡന്റ് ആക്ടിങ് പ്രസിഡന്റാവുകയും ചെയ്യും. ഡമോക്രാറ്റുകള്‍ക്കു പുറമെ റിപ്പബ്ലിക്കന്‍ അംഗങ്ങളില്‍ പലരും ട്രംപിനെ ഇംപീച്ച് ചെയ്യുന്നതിനെ അനുകൂലിക്കുന്നു.
ട്രംപിനെ സ്ഥാനത്തുനിന്ന് നീക്കണമെന്ന് ജനപ്രതിനിധിസഭയിലെ ഡമോക്രാറ്റിക് നേതാവായ സ്പീക്കര്‍ നാന്‍സി പെലോസിയും സെനറ്റിലെ ഡമോക്രാറ്റിക് നേതാവ് ചാള്‍സ് ഷുമറും ആവശ്യപ്പെട്ടു. പ്രസിഡന്റ് അമേരിക്കക്കെതിരേ സായുധകലാപത്തിന് പ്രേരിപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്- പെലോസി പറഞ്ഞു. ഈ പ്രസിഡന്റിന് ഒരുദിവസം പോലും ഓഫിസിലിരിക്കാന്‍ അവകാശമില്ലെന്ന് ഷുമര്‍ ചൂണ്ടിക്കാട്ടി.
അതിനിടെ കലാപം അടിച്ചമര്‍ത്താന്‍ പൊലിസ് മടിച്ചതിനെ വിമര്‍ശിച്ച് നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍ രംഗത്തെത്തി. വംശീയതയ്‌ക്കെതിരായ പ്രതിഷേധക്കാരായിരുന്നെങ്കില്‍ പൊലിസ് ഇങ്ങനെയായിരിക്കില്ല നേരിടുകയെന്ന് അദ്ദേഹം പരിഹസിച്ചു. പൊലിസ് ഇങ്ങനെ പെരുമാറുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം യു.ട്യൂബ് ട്രംപിന്റെ ചാനലിലെ നിരവധി വിഡിയോകള്‍ നീക്കംചെയ്തു. യു.എസ് തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് തെറ്റായ വാദങ്ങളുയര്‍ത്തുന്ന വിഡിയോകള്‍ 90 ദിവസത്തിനിടെ മൂന്നുതവണ പോസ്റ്റുന്നവരെ സ്ഥിരമായി നീക്കംചെയ്യുമെന്നും കമ്പനി മുന്നറിയിപ്പു നല്‍കി.
കഴിഞ്ഞദിവസം ട്വിറ്ററും ഫേസ്ബുക്കും ട്രംപിന്റെ അക്കൗണ്ടുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. പ്രമുഖ ഗെയിം മാധ്യമമായ ട്വിച്ചും ട്രംപിന്റെ ഔദ്യോഗിക ചാനലിന് വിലക്കേര്‍പ്പെടുത്തി. കാപിറ്റോളില്‍ നടന്ന അക്രമസംഭവങ്ങളെ തുടര്‍ന്നാണിതെന്ന് കമ്പനി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."