കുറ്റിച്ചൂലും അതിവേഗ റെയിലും
പ്രതിച്ഛായ
ജേക്കബ് ജോർജ്
7012000311
മുഖ്യമന്ത്രിമാർക്ക് കത്തെഴുതുക ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ ഒരു പതിവായിരുന്നു. 1960 ജൂൺ 12- ാം തീയതി നെഹ്‌റു ഇങ്ങനെ മുഖ്യമന്ത്രിമാർക്കെഴുതിയ കത്ത് ചൂലിനെപ്പറ്റിയായിരുന്നു. അതെ. ഇന്ത്യയിൽ വീടിന്റെ മുറ്റം തൂക്കാൻ വീട്ടമ്മമാരും നഗരങ്ങളിലെ റോഡ് വൃത്തിയാക്കാൻ തൂപ്പു ജോലിക്കാരും ഉപയോഗിക്കുന്ന ചൂലിനെപ്പറ്റിത്തന്നെ.
നെഹ്‌റുവിന്റെ കത്ത് തുടങ്ങുന്നതിങ്ങനെ: 'ഇപ്രാവശ്യം എന്റെ കത്ത് ചൂലിനെപ്പറ്റിയാണ്. നഗരറോഡുകളും വീട്ടു പരിസരങ്ങളും അടിച്ചുവാരി വൃത്തിയാക്കാൻ ഉപയോഗിക്കുന്ന ചൂലിനെപ്പറ്റിത്തന്നെ. നീളം കുറഞ്ഞ കുറ്റിച്ചൂലാണ് ഇന്ത്യയിൽ പരക്കെ ഉപയോഗിക്കുന്നത്. കുനിഞ്ഞു നിന്നു വേണം ഈ ചൂലുപയോഗിക്കാൻ. ചൂലിന് നീളമുള്ള ഒരു പിടിവച്ചു പിടിപ്പിച്ചാൽ അതുപയോഗിക്കുന്നവർക്കു നിന്നു കൊണ്ടു തന്നെ നിലം തൂത്തുവാരാം. നിന്നു കൊണ്ടു മുറ്റവും റോഡും തൂക്കുന്നത് കുനിഞ്ഞു നിന്നു തൂക്കുന്നതിനേക്കാൾ എളുപ്പമാണ്. തൊഴിലിന്റെ മാന്യത വർധിപ്പിക്കുകയും ചെയ്യും'
ലോകം മുഴുവൻ പലവട്ടം സഞ്ചരിച്ചിട്ടുള്ള നെഹ്‌റു അവിടെയൊക്കെ കണ്ടത് നീണ്ട കൈയുള്ള ചൂലാണ്. റോഡിൽ തൊഴിലാളികൾ നിന്നുകൊണ്ടു തന്നെ പരിസരം വൃത്തിയാക്കുന്നു. അനായാസം. 'നീണ്ട പിടിയോടു കൂടിയുള്ള ചൂൽ ഒരു പ്രയാസവുമില്ലാതെ ഉണ്ടാക്കാമെന്നിരിക്കെ പ്രാകൃതവും കാലഹരണപ്പെട്ടതുമായ കുറ്റിച്ചൂൽ ഇപ്പോഴും നമ്മുടെ നഗരങ്ങളിൽ ഉപയോഗിക്കുന്നത് എന്തിനാണ് ?' മുഖ്യമന്ത്രിമാരോട് നെഹ്‌റുവിന്റെ ചോദ്യം. കുനിഞ്ഞു നിന്നു ജോലി ചെയ്യുക എന്നത് ഒരു അടിമത്ത ബോധമാവും നമ്മുടെ ജീവനക്കാരിലുണ്ടാക്കുകയെന്നും പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു.
ഇന്ത്യൻ നഗരങ്ങളിലും പട്ടണങ്ങളിലും ഒരു വലിയ വിപ്ലവം തന്നെ സൃഷ്ടിച്ചു നെഹ്‌റുവിന്റെ കത്ത്. രാജ്യത്തെ മുഴുവൻ നഗരസഭകളും കുറ്റിച്ചൂൽ ഉപേക്ഷിച്ച് നീണ്ട കൈയുള്ള ചൂലിലേയ്ക്കു മാറി. നഗരസഭകളിലെ ശുചീകരണ തൊഴിലാളികളിലെ തൊഴിലിന്റെ സ്വഭാവം തന്നെ മാറ്റിമറിക്കുന്നതായി നെഹ്‌റുവിന്റെ കത്ത്. ഇന്ത്യ കണ്ട ഏറ്റവും പ്രഗത്ഭനായ പ്രധാനമന്ത്രി സമൂഹത്തിൽ ഏറ്റവും താണ നിലയിൽ കഴിയുന്ന ശുചീകരണ തൊഴിലാളികളുടെ കാര്യത്തിൽ കാണിച്ച താല്പര്യവും കരുതലും ഈ കത്തിൽ വ്യക്തം. ജീവനക്കാരുടെ തൊഴിൽ എളുപ്പമാവും. അതുവഴി അവർക്ക് കൂടുതൽ ജോലി ചെയ്യാനാവും. അവരുടെ തൊഴിലിന്റെ മേന്മ വർദ്ധിക്കുകയും ചെയ്യും. ഇതൊക്കെയും വളരെ ധിഷണാശാലിയായിരുന്ന നെഹ്‌റുവിന്റെ മനസ്സിലൂടെ കടന്നു പോയിട്ടുണ്ടാവും.
കൈത്തറി-കരകൗശല മേഖലയിൽ ശക്തമായി പ്രവർത്തിച്ചുകൊണ്ടിരുന്ന പൂപ്പൽ ജയ്കാർ പ്രധാനമന്ത്രി നെഹ്‌റുവുമായി വളരെ അടുപ്പം പുലർത്തിയിരുന്ന വനിതയായിരുന്നു. ഒരു അമേരിക്കൻ സന്ദർശനത്തിനിടയ്ക്ക് പൂപ്പൽ ജയ്കാർ ചാൾസ് ഈംസ്, ഭാര്യ ബെർണിസ് റേ ഈംസ് എന്നിവരുമായി പരിചയപ്പെട്ടു. അമേരിക്കയിലെ പ്രസിദ്ധരായ ഫർണിച്ചർ ഡിസൈനർമാരായിരുന്നു ഈ ദമ്പതികൾ. 1955-ലായിരുന്നു ഈ േകാടിക്കാഴ്ച. രണ്ടു പ്രഗത്ഭ വ്യക്തികളെ അമേരിക്കയിൽ പരിചയപ്പെട്ട കാര്യം പൂപ്പൽ ജയ്കാർ നെഹ്‌റുവിനെ അിറയിച്ചു. ആധുനിക ഡിസൈൻ രംഗത്തെ പ്രമുഖരായ രണ്ടുപേരെയും ഡൽഹിയിലേയ്ക്കു ക്ഷണിക്കാൻ നെഹ്‌റു പൂപ്പൽ ജയ്കാറിനോടാവശ്യപ്പെട്ടു. ക്ഷണം സ്വീകരിച്ച് രണ്ടു പേരും ഡൽഹിയിലെത്തി. നെഹ്‌റു അവരോട് വിശദമായി സംസാരിച്ചു. ഡിസൈൻ എന്ന ആധുനിക മേഖല തന്നെയായിരുന്നു സംസാര വിഷയം.
നിരക്ഷരരുടെയും ദരിദ്രരുടെയും നാടായിരുന്നു ഇന്ത്യ അന്ന്. ഇന്ത്യയുടെ എല്ലാ സമൃദ്ധിയും സമ്പത്തും ദീർഘകാലത്തെ ഭരണത്തിനിടയ്ക്ക് ബ്രിട്ടീഷുകാർ ചോർത്തിക്കൊണ്ടു പോയിരുന്നു. അവശേഷിച്ചത് ഒന്നുമില്ലായ്മയുടെയും ദാരിദ്ര്യത്തിന്റെയും രാജ്യം. ആ രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ് രണ്ടു ഡിസൈൻ വിദഗ്ധരെ അമേരിക്കയിൽ നിന്നു ക്ഷണിച്ചു വരുത്തി സംസാരിക്കുന്നത്.
അടിമത്തത്തിൽ നിന്നു മോചനം നേടി വളരാൻ വെമ്പുന്ന ഇന്ത്യയ്ക്ക് ഒരു ഡിസൈൻ സംസ്‌ക്കാരം എങ്ങനെ ഉണ്ടാക്കാം എന്ന വിഷയത്തിലാണ് നെഹ്‌റുവിന്റെ താല്പര്യം. അവസാനം ഇന്ത്യം മുഴുവൻ ഒന്നു ചുറ്റി സഞ്ചരിച്ച് രാജ്യത്തെ ശരിക്കു മനസ്സിലാക്കി തിരിച്ചെത്താൻ നെഹ്‌റു അവരോടു പറഞ്ഞു.
ഇന്ത്യ ചുറ്റി നടന്നു കണ്ട ചാൾസ് ഈംസും റേ ഈംസും ഡൽഹിയിൽ മടങ്ങിയെത്തി വിശദമായൊരു റിപ്പോർട്ട് സർക്കാരിനു സമർപ്പിച്ചു. 'ഇന്ത്യ റിപ്പോർട്ട്' എന്ന പേരിലുള്ള ആ റിപ്പോർട്ട് സമർപ്പിച്ചത് 1958-ൽ. ആ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ (എൻ.ഐ.ഡി.) എന്ന സ്ഥാപനം രൂപം കൊണ്ടു. 1961-ൽ അഹമ്മദബാദിൽ എൻ.ഐ.ഡി പ്രവർത്തനമാരംഭിച്ചു. ഇന്ന് ഡിസൈൻ മേഖലയിൽ ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനമാണ് എൻ.ഐ.ഡി.
എൻ.ഐ.ഡി സ്ഥാപിക്കാൻ ഡൽഹിയിൽ സ്ഥലമുണ്ടായിരുന്നില്ലേ? ഡൽഹിയിൽ ഒരു കുറവുമുണ്ടായിരുന്നില്ല. പക്ഷെ ദരിദ്ര രാജ്യമായ ഇന്ത്യയിൽ ഡിസൈൻ പഠിപ്പിക്കാൻ വിദ്യാഭ്യാസ സ്ഥാപനം തുടങ്ങുന്ന കാര്യമറിഞ്ഞാൽ സ്വന്തം പാർട്ടിക്കാർ തന്നെ വെറുതേ വിടില്ലെന്നു നെഹ്‌റുവിനു നന്നായറിയാമായിരുന്നു. ഉദ്യോഗസ്ഥ പ്രമുഖരും വിമർശനങ്ങളുമായി രംഗത്തിറങ്ങുമായിരുന്നു. ഐ.ഐ.ടി, ഐ.ഐ.എം എന്നിങ്ങനെ ലോകപ്രശസ്തമായ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങൾക്കൊപ്പം ഡി.ആർ.സി.ഒ, ഐ.എസ്.ആർ.ഒ. എന്നിങ്ങനെ വിവിധങ്ങളായ ഗവേഷണ കേന്ദ്രങ്ങളും നെഹ്‌റു സ്ഥാപിച്ചു.
ചണ്ഡിഗഡ് നഗരത്തെ വളരെ ശാസ്ത്രീമായി ആസൂത്രണം ചെയ്ത പ്രധാനമന്ത്രി നെഹ്‌റുവിന്റെ കാഴ്ചപ്പാടും ഈ അവസരത്തിൽ ശ്രദ്ധേയം തന്നെ. വിശാലമായ റോഡുകൾ അവയോടു ചേർന്ന് തികഞ്ഞ ആസൂത്രണ മികവോടെ നിർമ്മിച്ച 56 സെക്ടറുകൾ, കടകമ്പോളങ്ങൾക്കും സ്‌കൂളുകൾക്കും ആശുപത്രികൾക്കുമെല്ലാം പ്രത്യേകം പ്രത്യേകം ഇടങ്ങൾ. എല്ലാം പ്രത്യേക ആസൂത്രണത്തിൽ.
ഇന്ത്യൻ പ്രധാനമന്ത്രിയുടെ വിശാലമായ കാഴ്ചപ്പാടിന്റെ ഫലമായിരുന്നു ചണ്ഡിഗഡ് എന്ന ആധുനിക നഗരത്തിന്റെ ജനനം. വിഭജനത്തെ തുടർന്ന് തലസ്ഥാന നഗരമായ ലാഹോർ പാകിസ്ഥാനു വിട്ടുകൊടുക്കേണ്ടി വന്ന പഞ്ചാബിന്റെ ദു:ഖമകറ്റാൻ നെഹ്‌റു കണ്ട വഴി. ഇതൊരു പുതിയ നഗരമാവണം. സ്വതന്ത്ര ഇന്ത്യയുടെ ഉജ്ജ്വലമായ പ്രതീകമാവണം ഈ നഗരം', നെഹ്‌റു ലേ കർബൂസിയർ എന്ന ഫ്രഞ്ച് ആർക്കിടെക്ടിനു നൽകിയ നിർദ്ദേശം ഇത്രമാത്രം.
പഴയ ഓർമ്മകളോ സൂചനകളോ ഒരിടത്തും ഉണ്ടായിക്കൂടാ എന്ന് കർശനമായി ഓർമ്മിപ്പിക്കുകയും ചെയ്തു ജവഹർലാൽ നെഹ്‌റു. ആസൂത്രിതമായൊരു നഗരം അന്നും ഇന്നും ഇന്ത്യയിൽ ഒരു പുതിയ സങ്കൽപ്പം തന്നെ. അന്നത്തെ ഇന്ത്യയ്‌ക്കൊരു പ്രത്യേകതയുണ്ടായിരുന്നു. തികച്ചും ദരിദ്രമായ ഒരു രാജ്യമായിരുന്നു അന്നത്തെ ഇന്ത്യ എന്നതു തന്നെ. എങ്കിലും തന്റെ മുമ്പിലെത്തുന്ന നല്ല ആശയങ്ങളൊക്കെയും ഉൾക്കൊള്ളാനും ഏറ്റവും ഭംഗിയായി നടപ്പാക്കാനും അദ്ദേഹം ശ്രദ്ധിച്ചു. ലോകത്തെ ഏറ്റവും നല്ല കാര്യങ്ങൾ അദ്ദേഹം ശ്രദ്ധിച്ചു. ഇന്ത്യയ്ക്കു പറ്റിയതൊക്കെയും അദ്ദേഹം ഇവിടേയ്ക്കു കൊണ്ടു വന്നു. തന്റേടത്തോടെ നടപ്പാക്കി.
ദാരിദ്ര്യവും പട്ടിണിയും ഇല്ലായ്മയുമൊന്നും നെഹ്‌റുവിനെ നല്ല പദ്ധതികളിൽ നിന്നും പിന്തിരിപ്പിച്ചില്ല. പട്ടിണി മാറ്റാനുള്ള ശ്രമങ്ങൾ നടത്തേണ്ടതിനു പകരം വൻ പദ്ധതികൾ നടപ്പിലാക്കുന്നതിനു മുൻഗണന നൽകാൻ ശ്രമിച്ച നെഹ്‌റുവിനെ കുറ്റപ്പെടുത്താനും ആക്ഷേപിക്കാനും സ്വന്തം പാർട്ടിയിലെ നേതാക്കൾ തന്നെ തുനിഞ്ഞെങ്കിലും നെഹ്‌റു ഒരാൾക്കും വഴങ്ങിയില്ല. പ്രധാനമന്ത്രിയായ നെഹ്‌റുവിന് അതിവിശാലമായൊരു കാഴ്ചപ്പാടുണ്ടായിരുന്നു. അദ്ദേഹം വലിയ സ്ഥാപനങ്ങൾ പണിതുയർത്തി. അവ നയിക്കാൻ ലോകത്തെ ഏറ്റവും മികച്ച പ്രഗത്ഭമതികളെ നിയോഗിച്ചു. രാജ്യത്തെ ലോകനിലവാരത്തിലെത്തിക്കുക എന്നതായിരുന്നു നെഹ്‌റുവിന്റെ ലക്ഷ്യം.
ഏതു ഭരണാധികാരിക്കും വികസന പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ താൽപ്പര്യമുണ്ടാവും. പുതിയ സ്ഥാപനങ്ങളുണ്ടാക്കാൻ മുൻകൈ എടുക്കും. കേരളത്തിന്റെ മുൻ മുഖ്യമന്ത്രി സി. അച്ച്യുതമേനോന്റെ കാര്യം തന്നെ ഉദാഹരണം. എത്രയെത്ര സ്ഥാപനങ്ങളാണ് അദ്ദേഹം കെട്ടി ഉയർത്തിയത്.
ഇപ്പോഴത്തെ പിണറായി സർക്കാർ സിൽവർ ലൈൻ പദ്ധതി കൊണ്ടു വന്നിരിക്കുന്നത് വലിയ പ്രതീക്ഷയോടെയാണ്. പ്രതിപക്ഷം അതിനെ എതിർക്കുന്നു. ഇ. ശ്രീധരനെപ്പോലെയുള്ള വിദഗ്ധർ വിമർശനവുമായി മുന്നിലെത്തുന്നു.
നെടുമ്പാശേരിയിൽ പുതിയ അന്താരാഷ്ട്ര വിമാനത്താവളം പണിയാൻ മുൻകൈ എടുത്തത് അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരനാണ്. അന്നത്തെ പ്രതിപക്ഷം എതിർപ്പുമായി രംഗത്തെത്തി. ഇന്നത്തെ ഭരണപക്ഷമായിരുന്നു അന്നത്തെ പ്രതിപക്ഷം. എങ്കിലും കരുണാകരന്റെ നിശ്ചയദാർഢ്യം വിജയിച്ചു.
സ്ഥലം ഏറ്റെടുത്തു. അനേകം പേർക്ക് ബുദ്ധിമുട്ടുണ്ടായി. പരിസ്ഥിതിക്കു ചില നാശമുണ്ടായി. കൃഷിയിടങ്ങൾ ഇല്ലാതായി. ഇന്ന് ലോകത്തേയ്ക്കുള്ള കേരളത്തിന്റെ വലിയ വാതിലായി മാറിയിരിക്കുന്നു നെടുമ്പാശേരി വിമാനത്താവളം. ഈ വിമാനത്താവളം ഇല്ലായിരുന്നുവെങ്കിൽ എന്താവുമായിരുന്നു കേരളത്തിന്റെ സ്ഥിതി?
ഭരണപക്ഷവും കാര്യങ്ങൾ കാണണം. പ്രതിപക്ഷത്തിന്റെ വാദഗതികൾ പരിശോധിക്കണം. പരാതി ഉയർത്തുന്ന വ്യക്തികളെയും സംഘടനകളെയും കേൾക്കണം. അവരുമാെയല്ലാം വിശദമായ ചർച്ചകൾ നടത്തണം. ഇതിനു മുൻകൈ എടുക്കേണ്ടതു സർക്കാർ തന്നെയാണ്. കാര്യങ്ങൾ സുതാര്യമാണെന്നു കണ്ടാൽ ജനങ്ങൾ സഹകരിക്കുമെന്ന കാര്യത്തിൽ തർക്കമില്ല. സർക്കാരാണ് ഇതിൽ ശ്രദ്ധ വയ്‌ക്കേണ്ടത്. കാരണം പദ്ധതി കൊണ്ടു വന്നത് സർക്കാരെന്നതു തന്നെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."