'കുമ്പസാരം നിയമവിരുദ്ധമായി പ്രഖ്യാപിക്കണം'
ന്യൂഡല്‍ഹി: കുമ്പസാര രഹസ്യങ്ങള്‍ വൈദികര്‍ ദുരുപയോഗം ചെയ്യുന്നുവെന്നും നിര്‍ബന്ധിത കുമ്പസാരം നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് കേരളത്തില്‍ നിന്നുള്ള ക്രൈസ്തവ വിശ്വാസികളായ അഞ്ച് വനിതകള്‍ സുപ്രിംകോടതിയെ സമീപിച്ചു. എറണാകുളം സ്വദേശിനികളായ ബീന ടിറ്റി, ലിസി ബേബി, കോലഞ്ചേരി സ്വദേശിനി ലാലി ഐസക്, കോട്ടയം സ്വദേശിനി ബീന ജോണി, തൊടുപുഴ സ്വദേശിനി ആനി മാത്യു എന്നിവരാണ് സുപ്രിംകോടതിയെ സമീപിച്ചത്. കുമ്പസാരം ഭരണഘടനയുടെ 21,25 വകുപ്പുകള്‍ ഉറപ്പുനല്‍കുന്ന അവകാശങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി സി.വി ജോസ്, മാത്യു മാത്തച്ചന്‍ എന്നിവര്‍ സമര്‍പ്പിച്ച ഹരജി സുപ്രിംകോടതിയുടെ പരിഗണനയിലുണ്ട്. ഇതിനുപിന്നാലെയാണ് സ്ത്രീകള്‍ തന്നെ ഹരജികളുമായി എത്തിയിരിക്കുന്നത്.
നിര്‍ബന്ധിത കുമ്പസാരം മതവിശ്വാസത്തിന്റെ അഭിവാജ്യഘടകമാണോയെന്നും സ്വകാര്യതയെ ബാധിക്കുന്ന വിഷയം ആണോയെന്നും കോടതി പരിശോധിക്കണമെന്ന് ഹരജിക്കാര്‍ക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോഹ്തഗി ആവശ്യപ്പെട്ടു.
എന്നാല്‍ ഈ ആവശ്യങ്ങള്‍ ഹൈക്കോടതിയല്ലേ ആദ്യം പരിഗണിക്കേണ്ടതെന്ന് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ദെ ആരാഞ്ഞു.
തുടര്‍ന്ന് ശബരിമല ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ സുപ്രിംകോടതിയുടെ ഒന്‍പതംഗ ബെഞ്ച് പരിഗണിക്കുന്നതിനാല്‍ കേരളത്തില്‍ നിന്നുള്ള ക്രൈസ്തവ വിശ്വാസികളായ വനിതകള്‍ നല്‍കിയ റിട്ട് ഹരജിയും സുപ്രിംകോടതിക്ക് പരിഗണിക്കാവുന്നതാണെന്ന് റോഹ്തഗി വാദിച്ചു.
ഇക്കാര്യം അംഗീകരിച്ച കോടതി ഹരജിയിലെ ആവശ്യങ്ങള്‍ ഭേദഗതി ചെയ്ത് സമര്‍പ്പിക്കാന്‍ അനുമതി നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."