കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തി; പൂജാരി പിടിയില്‍
ലഖ്നൗ: ഉത്തര്‍പ്രദേശിലെ ബദ്വാനില്‍ അന്‍പതുകാരിയായ അങ്കണവാടി ജീവനക്കാരിയെ ക്രൂരമായി കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവത്തില്‍ മുഖ്യപ്രതിയായ ക്ഷേത്ര പൂജാരി പിടിയില്‍. സത്യാനന്ദ് എന്ന പൂജാരിയെയാണ് ക്ഷേത്രത്തിനു സമീപത്തെ ഗ്രാമത്തില്‍ ഒളിവില്‍ കഴിയുന്നതിനിടെ കഴിഞ്ഞ ദിവസം രാത്രി പിടികൂടിയത്. സംഭവത്തില്‍ ഇയാളുടെ കൂട്ടുപ്രതികളായ രണ്ടുപേര്‍ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു.
കഴിഞ്ഞ ഞായറാഴ്ചയായിരുന്നു അന്പതുകാരിയെ ക്ഷേത്ര പൂജാരിയും ഇയാളുടെ രണ്ടു സുഹൃത്തുക്കളും ചേര്‍ന്നു ക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയിരുന്നത്. സംഭവത്തില്‍ ഗുരുതരമായി പരുക്കേറ്റ സ്ത്രീ ആശുപത്രിയില്‍വച്ചായിരുന്നു മരണത്തിനു കീഴടങ്ങിയിരുന്നത്. സംഭവത്തിന്റെ അന്വേഷണത്തില്‍ പൊലിസ് അനാവശ്യ കാലതാമസം വരുത്തിയെന്നാരോപിച്ച് പ്രതിഷേധമുയരുകയും പൊലിസിനെതിരേ ദേശീയ വനിതാ കമ്മിഷന് പ്രതിനിധികള്‍ അടക്കം രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇയാള്‍ അറസ്റ്റിലായത്.
അതേസമയം, കഴിഞ്ഞ ദിവസം ഇരയുടെ വീട് സന്ദര്‍ശിച്ച ദേശീയ വനിതാ കമ്മിഷന്റെ പ്രതിനിധി സംഘം നടത്തിയ പരാമര്‍ശം വിവാദമായി. വൈകിട്ട് സ്ത്രീ ഒറ്റയ്ക്കു പുറത്തിറങ്ങിയതാണ് പീഡനത്തിനിടയാക്കിയതെന്നായിരുന്നു കമ്മിഷന് അംഗം ചന്ദ്രമുഖി ദേവി പറഞ്ഞത്. സ്ത്രീയുടെ കൂടെ മക്കളോ മറ്റാരെങ്കിലുമോ ഉണ്ടായിരുന്നെങ്കില്‍ ഇത്തരത്തില്‍ സംഭവിക്കില്ലെന്നും അവര്‍ അവകാശപ്പെട്ടു. എന്നാല്‍, ഈ പ്രസ്താവന വിവാദമായതോടെ ചന്ദ്രമുഖി ദേവിയെ തള്ളി വനിതാ കമ്മിഷന് അധ്യക്ഷ രേഖാ ശര്‍മ രംഗത്തെത്തി. എന്തുകൊണ്ടാണ് അവര്‍ അത്തരത്തില്‍ പറഞ്ഞതെന്ന് അറിയില്ലെന്നു പറഞ്ഞ കമ്മിഷന് അധ്യക്ഷ, അതു വനിതാ കമ്മിഷന്റെ കാഴ്ചപ്പാടല്ലെന്നും വ്യക്തമാക്കി.
പിന്നാലെ, തന്റെ പരാമര്‍ശം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടെന്നും എന്നാലും പിന്‍വലിക്കുകയാണെന്നും വ്യക്തമാക്കി ചന്ദ്രമുഖി ദേവിയും രംഗത്തെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."