നിയമസഭ തെരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടി മാത്രമല്ല, അബ്ദുല്‍ വഹാബിനും മജീദിനും സാധ്യത
മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗില്‍ നിന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി മാത്രമല്ല പി.വി അബ്ദുല്‍ വഹാബ് എം.പിയും സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദും മത്സരിച്ചേക്കും.
വഹാബിന്റെ രാജ്യസഭാ കാലാവധി ഏപ്രില്‍ 18ന് അവസാനിക്കും. നിയമസഭ തെരഞ്ഞെടുപ്പ് മെയ് ആദ്യവാരത്തിലായതിനാല് മത്സരത്തിനു തടസമാവില്ല. സ്വന്തം തട്ടകമായ ഏറനാട്ടില്‍ നിന്നായിരിക്കും ജനവിധി തേടുക.
എന്നാല്‍ ഇപ്പോള്‍ തീരുമാനമൊന്നുമില്ലെന്നും കാര്യങ്ങളൊക്കെ പാര്‍ട്ടി നിലപാട് അനുസരിച്ചായിരിക്കുമെന്നാണ് വഹാബിന്റെ നിലപാട്. പി.കെ ബഷീര്‍ ആണ് ഇപ്പോള്‍ ഏറനാട് എം.എല്‍.എ. ബഷീറിനെ മഞ്ചേരി, കൊണ്ടോട്ടി എന്നിവടങ്ങളിലേക്ക് പരിഗണിച്ചേക്കും.1980 മുതല്‍ 2002 വരെ എം.എല്‍.എയായിരുന്ന കെ.പി.എ മജീദ് പിന്നീട് നിയമസഭയിലേക്ക് മത്സരിച്ചിട്ടില്ല.
നിലവില്‍ പാര്‍ട്ടിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ്. അതിനിടെ 2004ല്‍ ലോക്സഭയിലേക്ക് മഞ്ചേരിയില്‍ നിന്നു മത്സരിച്ച് ടി.കെ ഹംസയോട് പരാജയപ്പെട്ടിരുന്നു.
പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനത്ത് ദീര്‍ഘകാലമായുള്ള മജീദിനെ ഇത്തവണ മത്സരിപ്പിക്കുമെന്നാണ് പാര്‍ട്ടി നല്കുന്ന സൂചന. രണ്ട് മുന്‍ മന്ത്രിമാരുള്‍പ്പടെ നിലവിലെ എട്ട് എം.എല്‍.എമാര്‍ക്ക് സീറ്റുണ്ടാകില്ലെന്നാണ് സൂചന.
കളമശ്ശേരി, തിരൂരങ്ങാടി, മഞ്ചേശ്വരം, മങ്കട, മഞ്ചേരി, മലപ്പുറം, വേങ്ങര, തിരൂര്‍ മണ്ഡലങ്ങളില്‍ മാറ്റങ്ങളുണ്ടാവും. ഈ മണ്ഡലത്തിലെ ചിലര്‍ ആരോഗ്യ പ്രശ്നങ്ങളാല്‍ മത്സരത്തിനില്ലെന്ന് നേതൃത്വത്തെ അറിയിച്ചിട്ടുമുണ്ട്. രണ്ട് തവണ എം.എല്‍.എ ആയ കെ.എം ഷാജിയും വീണ്ടും മത്സരത്തിനില്ലെന്ന നിലപാടിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."