വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധത്തിനെതിരേ യൂത്ത് ലീഗ്
കോഴിക്കോട്: യു.ഡി.എഫിന്റെ വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധത്തിനെതിരേ യൂത്ത് ലീഗ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഖ്യമോ ധാരണയോ ഉണ്ടാക്കാന്‍ പാടില്ലായെന്നതാണ് യൂത്ത്‌ലീഗിന്റെ നയമെന്ന് സംസ്ഥാന നിര്‍വാഹക സമിതി യോഗത്തിനുശേഷം ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജമാഅത്തെ ഇസ്‌ലാമിയുടെ മതരാഷ്ട്രവാദത്തെ ശക്തമായി എതിര്‍ത്ത പാരമ്പര്യമാണ് ലീഗിനുള്ളത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ മുന്നണിക്ക് പുറത്തുള്ള കക്ഷികളുമായി സഖ്യമോ സഹകരണമോ വേണ്ടെന്ന അഭിപ്രായമാണ് യൂത്ത്‌ലീഗ് സംസ്ഥാന നിര്‍വാഹകസമിതി യോഗത്തിലുണ്ടായത്. ഇടതുമുന്നണിയുടെ അഴിമതിയും സ്വര്‍ണക്കടത്തും പൊതുജനമധ്യത്തില്‍ എത്തിക്കുന്നതില്‍ യു.ഡി.എഫ് പരാജയപ്പെട്ടതായി നിര്‍വാഹകസമിതി വിലയിരുത്തി.
എസ്.ഡി.പി.ഐയെയും ബി.ജെ.പിയെയും കൂട്ടുപിടിച്ച് അപകടകരമായ രാഷ്ട്രീയമാണ് സി.പി.എം നടത്തുന്നത്. ഈ നിലപാടിനെ ജനങ്ങളുടെ മുന്നില്‍ തുറന്നുകാണിക്കുമെന്നും പി.കെ ഫിറോസ് പറഞ്ഞു.
പി.കെ കുഞ്ഞാലിക്കുട്ടിയുടെ സംസ്ഥാന തെരഞ്ഞെടുപ്പ് രംഗത്തേക്കുള്ള പ്രവേശനത്തെ യൂത്ത്‌ലീഗ് നിര്‍വാഹകസമിതി സ്വാഗതം ചെയ്തു. യൂത്ത്‌ലീഗ് സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം, ട്രഷറര്‍ എം.എ സമദ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പിന്
പ്രവര്‍ത്തകരെ സജ്ജമാക്കാന്‍ യൂത്ത് ലീഗ്
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ ഭരണത്തിലെത്തിക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തി സയ്യിദ് മുനവ്വറലി തങ്ങളുടെ അധ്യക്ഷതയില്‍ കോഴിക്കോട് ചേര്‍ന്ന യൂത്ത് ലീഗ് സംസ്ഥാന നിര്‍വാഹകസമിതി യോഗത്തില്‍ കര്‍മപദ്ധതികള്‍ക്ക് രൂപംനല്‍കി.
ഇടതു സര്‍ക്കാരിന്റെ അഴിമതി ഭരണത്തിനെതിരേ ഫെബ്രുവരി 25, 26, 27, 28 തിയതികളിലായി എല്ലാ നിയമസഭാ മണ്ഡലങ്ങളിലും യുവജനകുറ്റപത്രം പദയാത്ര സംഘടിപ്പിക്കും. ജനുവരി 31നകം മെംബര്‍ഷിപ്പ് അടിസ്ഥാനത്തിലുള്ള യൂത്ത്‌ലീഗിന്റെ പുതിയ ജില്ലാ കമ്മിറ്റികള്‍ നിലവില്‍വരും. ഫെബ്രുവരി ഒന്ന് മുതല്‍ 12 വരെ മുനവ്വറലി തങ്ങളുടെ നേതൃത്വത്തില്‍ നിയോജക മണ്ഡലം തലങ്ങളില്‍ മുഖാമുഖ സംവാദം നടത്തി പ്രവര്‍ത്തകരെ തെരഞ്ഞെടുപ്പിന് സജ്ജരാക്കും. യൂത്ത്‌ലീഗിന്റെ ആസ്ഥാന മന്ദിരത്തിനുവേണ്ടിയുള്ള ഫണ്ട് സ്വരൂപണത്തിന് ഫെബ്രുവരി 13ന് സംസ്ഥാനത്തുടനീളം ഗൃഹസമ്പര്‍ക്ക പരിപാടി നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."