HOME
DETAILS
MAL
ദേശീയവാദി കോണ്‍ഗ്രസിന്റെ ദേശീയപ്രശ്‌നങ്ങള്‍
backup
January 10 2021 | 02:01 AM
ഇതെഴുതി അച്ചടിച്ചു വരുമ്പോഴേക്കും കേരളത്തിലെ എന്‍.സി.പിയുടെ ഗതി എന്തായിത്തീരുമെന്നറിയില്ല. പാര്‍ട്ടിക്കുള്ളില്‍ അതിവേഗത്തിലാണ് കാര്യങ്ങള്‍ പുരോഗമിക്കുന്നത്. ഏതായാലും ഒരുകാര്യം ഉറപ്പാണ്. ആ പാര്‍ട്ടിയെ ഇനി അധികകാലം ഈ രൂപത്തില്‍ കാണാനാവില്ല. എങ്ങനെയെങ്കിലും ഉടന്‍ പിളര്‍ന്നേ അടങ്ങൂ എന്ന വാശിയിലാണ് മന്ത്രി എ.കെ ശശീന്ദ്രന്‍ പക്ഷവും സംസ്ഥാന പ്രസിഡന്റ് ടി.പി പീതാംബരന്‍ മാസ്റ്ററും മാണി സി. കാപ്പന്‍ എം.എല്‍.എയുമടങ്ങുന്ന മറുപക്ഷവും.
ഈ പാര്‍ട്ടിയില്‍ പിളരാന്‍ മാത്രം ആളെവിടെ എന്നൊന്നും ചോദിച്ചേക്കരുത്. ആള്‍ബലമല്ല ആശയബലമാണ് എന്‍.സി.പിയുടെ വലുപ്പം. കേരളമാകെ തെരഞ്ഞുനടന്നാല്‍ സംസ്ഥാന, ദേശീയ നേതാക്കളെയല്ലാതെ സാധാരണ പ്രവര്‍ത്തകരെ അധികമൊന്നും കണ്ടുകിട്ടാനില്ലെങ്കിലും കാരിരുമ്പിനെ വെല്ലുന്ന ദേശീയവാദത്തിന്റെ കരുത്ത് പാര്‍ട്ടിക്കുണ്ട്. ഒരു വിദേശി ഇന്ത്യയുടെ പ്രധാനമന്ത്രിയാകുന്നതു തടയാനാണ് കോണ്‍ഗ്രസിന്റെ വളരെ മുതിര്‍ന്ന നേതാക്കളായിരുന്ന ശരത് പവാറും പി.എ സാങ്മയും താരിഖ് അന്‍വറും പാര്‍ട്ടി വിട്ട് ദേശീയവാദി കോണ്‍ഗ്രസുണ്ടാക്കിയത്. ബ്രിട്ടിഷുകാരെ രാജ്യഭരണത്തില്‍ നിന്ന് ആട്ടിയോടിച്ചതിനു ശേഷം നടന്ന രണ്ടാം സ്വാതന്ത്ര്യസമരമായിരുന്നു അത്. അങ്ങനെയൊരു ദേശീയ വിമോചനപ്പോരാട്ടം നടത്തി വിജയിച്ച പാര്‍ട്ടിയാണ്.
പേരില്‍ ഒരു കോണ്‍ഗ്രസാണെങ്കിലും കമ്യൂണിസ്റ്റ് പാര്‍ട്ടികളെപ്പോലെത്തന്നെ വൈരുധ്യാധിഷ്ഠിത ഭൗതികവാദം രാഷ്ട്രീയ ദര്‍ശനമായി സ്വീകരിച്ച പാര്‍ട്ടിയാണത്. രാഷ്ട്രീയത്തിലെ ഭൗതിക നേട്ടങ്ങള്‍ക്കായി എന്തു വൈരുധ്യവും സ്വീകരിക്കും. കോണ്‍ഗ്രസിലെ 'ഇറ്റാലിയന്‍' മേധാവിത്വത്തോടു കലഹിച്ചു പിരിഞ്ഞുണ്ടായ പാര്‍ട്ടിയാണെങ്കിലും അധികം വൈകാതെ മഹാരാഷ്ട്രയിലും ദേശീയതലത്തിലുമൊക്കെ അതേ കോണ്‍ഗ്രസുമായി കൂട്ടുചേര്‍ന്നു. മറ്റു ചില സംസ്ഥാനങ്ങളില്‍ ബി.ജെ.പിയുമായിട്ടായിരുന്നു കൂട്ട്. കേരളത്തിലാണെങ്കില്‍ എല്‍.ഡി.എഫില്‍ വിപ്ലവപക്ഷത്തും.
ഇപ്പോള്‍ ഇടതുബന്ധം വിട്ട് യു.ഡി.എഫില്‍ ചേരാനൊരുങ്ങുകയാണ് പീതാംബരന്‍ മാസ്റ്ററും കാപ്പനുമടങ്ങുന്ന വിഭാഗം. അതിനും കാരണം ഒരു ദേശീയപ്രശ്‌നമാണ്. പാലാ ദേശത്തിന്റെ പ്രശ്‌നം. ഏറെക്കാലം കെ.എം മാണി കുത്തകയാക്കിവച്ചിരുന്ന പാലാ നിയമസഭാ സീറ്റ് അദ്ദേഹത്തിന്റെ നിര്യാണത്തിനു ശേഷം എല്‍.ഡി.എഫിനു പിടിച്ചുകൊടുത്തത് കാപ്പനാണ്. അതും ഒന്നിലധികം തവണ മത്സരിച്ചു തോറ്റിട്ടും പ്രതീക്ഷ വിടാതെ പോരാടി നേടിയ വിജയം. എന്നാല്‍ കാപ്പന്‍ എം.എല്‍.എ കസേരയില്‍ ഏതാനും മാസം ഇരുന്നപ്പോഴേക്കും കേരള രാഷ്ട്രീയം ഏറെ മാറി. ജന്മനാ അദ്ധ്വാനവര്‍ഗ സിദ്ധാന്തക്കാരനായ കെ.എം മാണിയുടെ പുത്രന്‍ ജോസ് കെ. മാണി വിപ്ലവത്തിലും തൊഴിലാളിവര്‍ഗ സര്‍വാധിപത്യത്തിലുമൊക്കെ ആകൃഷ്ടനായി ഇടതുമുന്നണിയിലെത്തി. ജോസിന്റെ പാര്‍ട്ടിയുടെ പൊളിറ്റ് ബ്യൂറോയുടെയും ഹൈക്കമാന്‍ഡിന്റെയുമൊക്കെ ആസ്ഥാനമായ പാലാ അവര്‍ക്കു തന്നെ കിട്ടുമെന്നുറപ്പായി.
ഇനിയിപ്പോള്‍ അവിടെ തുടരേണ്ടതില്ലെന്നാണ് പീതാംബരന്‍ മാസ്റ്റര്‍ ഗ്രൂപ്പിന്റെ തീരുമാനം. ഇതിന് പരമോന്നത നേതാവ് ശരത് പവാറിന്റെ പിന്തുണയുമുണ്ടത്രെ. പവാര്‍ ഉടന്‍ തന്നെ കേരളത്തില്‍ വരുമെന്നും അതോടെ ഔദ്യോഗിക എന്‍.സി.പി യു.ഡി.എഫിലെത്തുമെന്നുമാണ് ഇപ്പോള്‍ കിട്ടുന്ന വിവരം. കേന്ദ്രത്തില്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കുന്ന പാര്‍ട്ടിക്ക് അതിനു കാരണം പറയാന്‍ ഒട്ടും വിഷമിക്കേണ്ടിവരില്ല. മുന്നണി വിടുമ്പോള്‍ പാലാ എന്ന വാക്കു പോലും പറയേണ്ടതില്ല. മതേതര, ജനാധിപത്യ ചേരിയെ ശക്തിപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ഒരു കിടിലന്‍ ന്യായം അങ്ങ് തട്ടിവിട്ടാല്‍ മതി.
ശശീന്ദ്രന്‍ ഇവരോടിടഞ്ഞ് എല്‍.ഡി.എഫില്‍ തന്നെ തുടരാന്‍ നില്‍ക്കുന്നതിലും ഒരു ദേശീയപ്രശ്‌നമുണ്ട്. ശശീന്ദ്രന് മത്സരിക്കേണ്ടത് മലബാര്‍ ദേശത്താണ്. അവിടെ യു.ഡി.എഫിനൊപ്പം നിന്ന് മത്സരിച്ചു ജയിക്കാവുന്നൊരു സീറ്റ് കിട്ടാനില്ല. എന്തെങ്കിലും ജയസാധ്യതയുള്ള സീറ്റ് കോണ്‍ഗ്രസ് വിട്ടുകൊടുക്കുകയുമില്ല. ആ കാരണം പറയാതെ തന്നെ ശശീന്ദ്രന് എല്‍.ഡി.എഫില്‍ തുടരാം. ഇടതുപക്ഷത്തെ ശക്തിപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് പറഞ്ഞാല്‍ മതി. എന്തിനും പഴിചാരാന്‍ കാലഘട്ടമുണ്ടല്ലോ.
ശശീന്ദ്രനു മുന്നില്‍ വേറെ മാര്‍ഗവുമുണ്ട്. പണ്ടു പ്രവര്‍ത്തിച്ച കോണ്‍ഗ്രസ് (എസ്) എന്ന പാര്‍ട്ടിയുടെ വാതില്‍ മലര്‍ക്കെ തുറന്നിട്ടിരിക്കുകയാണ് കടന്നപ്പള്ളി രാമചന്ദ്രന്‍. എന്തെങ്കിലുമൊക്കെ മിണ്ടിപ്പറയാന്‍ ആവശ്യത്തിന് ആളില്ലാത്ത പാര്‍ട്ടിയിലേക്ക് ആരു വരുന്നതും കടന്നപ്പള്ളിക്ക് വലിയ സന്തോഷമുള്ള കാര്യമാണ്. ഇനി അതിന് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കില്‍ ശശീന്ദ്രന് സ്വന്തമായി മറ്റൊരു കോണ്‍ഗ്രസുണ്ടാക്കുകയുമാവാം. കേരളത്തില്‍ ഒറ്റ എം.എല്‍.എയൊക്കെ മതി ഒരു പാര്‍ട്ടിയുണ്ടാക്കാന്‍. പി.സി ജോര്‍ജ്, അനൂപ് ജേക്കബ്, കെ.ബി ഗണേഷ്‌കുമാര്‍, കോവൂര്‍ കുഞ്ഞുമോന്‍, കടന്നപ്പള്ളി എന്നിവരൊക്കെ സ്വന്തമായി പാര്‍ട്ടി കൊണ്ടുനടക്കുന്ന ഒറ്റ എം.എല്‍.എമാരാണ്. അതുപോലെ സ്വന്തമൊരു പാര്‍ട്ടിയുമായി ശശീന്ദ്രനും മുന്നോട്ടുപോകാം. മൊബൈല്‍ ഫോണ്‍ ചിഹ്നം തെരഞ്ഞെടുപ്പ് കമ്മിഷന്‍ മറ്റാര്‍ക്കും സ്ഥിരമായി കൊടുത്തിട്ടില്ലെങ്കില്‍ വേണമെങ്കില്‍ അതു ചോദിച്ചുവാങ്ങാം. കുറേക്കാലമായി മൃഗങ്ങളെ തെരഞ്ഞെടുപ്പ് ചിഹ്നമായി നല്‍കാറില്ല. അതുകൊണ്ട് പൂച്ചക്കുട്ടിയെയോ പശുക്കുട്ടിയെയോ ഒന്നും ചിഹ്നമായി കിട്ടില്ല.
സ്വപ്നലോകത്തെ മിഷന്‍
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ സാമാന്യം വൃത്തിയായി തോറ്റെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ കോണ്‍ഗ്രസ് വലിയൊരു പദ്ധതി തയാറാക്കിയിട്ടുണ്ട്. 'മിഷന്‍ 60' എന്നാണ് പദ്ധതിയുടെ പേര്. 60 സീറ്റുകളിലെ വിജയമാണ് ലക്ഷ്യം. നിങ്ങളെക്കൊണ്ട് ജയിക്കാനാവുന്നില്ലെങ്കില്‍ ഞങ്ങള്‍ ജയിപ്പിച്ചു കാണിച്ചുതരാമെന്ന് കേരള നേതാക്കളോട് പറഞ്ഞ് താരിഖ് അന്‍വറും അശോക് ഗെഹ്‌ലോട്ടുമൊക്കെ കേരളത്തില്‍ അങ്ങോളമിങ്ങോളം ചുറ്റിക്കറങ്ങാനൊരുങ്ങുകയാണ്. അപ്പോള്‍ പിന്നെ കാര്യം നടന്നേക്കും. 60 സീറ്റുകളുടെ കരുത്തുമായി കോണ്‍ഗ്രസ് തിരിച്ചുവരും. യു.ഡി.എഫിലെ രണ്ടാം കക്ഷിയായ മുസ്‌ലിം ലീഗ് ഇത്തവണ 30 സീറ്റുകള്‍ ചോദിക്കുമെന്നാണ് കേള്‍ക്കുന്നത്. ഇന്നത്തെ സാഹചര്യത്തില്‍ 30 ചോദിച്ചാല്‍ 28 എങ്കിലും കൊടുക്കേണ്ടി വരും. 28ല്‍ മത്സരിക്കുന്ന ലീഗിന് കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെ മത്സരിക്കുന്ന സീറ്റും വിജയവും തമ്മിലുള്ള അനുപാതം വച്ചുനോക്കുമ്പോള്‍ 25 സീറ്റുകളിലെങ്കിലും ജയിക്കുന്നൊരു മിഷന്‍ ന്യായമായും പ്രഖ്യാപിക്കാം.
കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിന് 11 സീറ്റുകള്‍ കൊടുക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനമെന്നു കേള്‍ക്കുന്നു. ആ പാര്‍ട്ടിക്ക് കുറഞ്ഞത് എട്ടു സീറ്റുകളുടെ മിഷനും പ്രഖ്യാപിക്കാമല്ലോ. അഞ്ചു സീറ്റുകളില്‍ മത്സരിക്കാനിടയുള്ള ആര്‍.എസ്.പിക്ക് മിഷന്‍ നാല് ആവാം. രണ്ടു പ്രബലര്‍ മത്സരരംഗത്തിറങ്ങുന്ന അനൂപ് ജേക്കബിന്റെ കേരള കോണ്‍ഗ്രസിന് രണ്ടിലും വിജയം പ്രതീക്ഷിക്കുന്നതില്‍ തെറ്റില്ല. എന്‍.സി.പി യു.ഡി.എഫില്‍ വന്നാല്‍ നാലു സീറ്റെങ്കിലും കൊടുക്കേണ്ടി വരും. അതില്‍ മൂന്നെണ്ണത്തിന്റെ മിഷന്‍ ആവാം. പിന്നെ സി.എം.പി, ദേവരാജന്റെ ഫോര്‍വേഡ് ബ്ലോക്ക്, എല്‍.ജെ.ഡിയില്‍ നിന്ന് പിണങ്ങിപ്പിരിഞ്ഞ് യു.ഡി.എഫിനൊപ്പം നില്‍ക്കുന്ന ജനതാദള്‍, നമ്മളൊന്നും നാട്ടില്‍ കാണുന്നില്ലെങ്കിലും യു.ഡി.എഫില്‍ ഉണ്ടെന്നു പറയുന്ന ജെ.എസ്.എസ് ഗ്രൂപ്പ് എന്നിവര്‍ക്കൊക്കെ ഓരോ സീറ്റുകളുമാവാമല്ലോ. മൊത്തത്തില്‍ നോക്കുമ്പോള്‍ യു.ഡി.എഫിന് ഏതാണ്ട് 106 സീറ്റുകള്‍ കിട്ടും.
ചുരുക്കിപ്പറഞ്ഞാല്‍ എല്‍.ഡി.എഫിന്റെ കാര്യം ബഹുകഷ്ടമായിരിക്കും. എന്തൊക്കെയായാലും അവര്‍ കേരളത്തിലെ വലിയൊരു മുന്നണിയല്ലേ. സ്വപ്നത്തിലാണെങ്കിലും ഇത്ര വലിയ ക്രൂരത അവരോടു വേണോ? അവര്‍ മൂന്നിലൊന്ന് സീറ്റുകളിലെങ്കിലും ജയിച്ചോട്ടെ എന്നു കരുതാനുള്ള വിശാലമനസ്‌കത യു.ഡി.എഫ് നേതാക്കള്‍ക്കുണ്ടാകുമെന്ന് പ്രതീക്ഷിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."