പച്ച കുത്താന്‍ ചെന്ന വിദ്വാന്‍
പേര്‍ഷ്യയിലെ ഒരു നഗരമാണ് ഖസ്വീന്‍. മല്‍പിടുത്തക്കാര്‍ തങ്ങളുടെ ദേഹത്ത് പച്ച കുത്തുന്ന സമ്പ്രദായമുണ്ടായിരുന്നു. അവിടെ ഒരിക്കല്‍ മല്‍പ്പിടുത്തക്കാരനല്ലാത്ത, എന്നാല്‍ താന്‍ വലിയ ഗുസ്തിവീരനാണെന്ന് നടിക്കുന്ന ഒരാള്‍ പച്ച കുത്തിക്കാന്‍ വേണ്ടി പൊതു കുളിമുറിക്കു സമീപമുള്ള ഒരു കലാകാരന്റെ പണിശാലയില്‍ ചെന്നു. തന്റെ ചുമലില്‍ തന്റെ ധീരതക്കു ചേര്‍ന്ന വിധമുള്ള പച്ചകുത്താന്‍ ആ വിദ്വാന്‍ കലാകാരനോട് ആവശ്യപ്പെട്ടു.
'എന്ത് ചിത്രമാണ് അങ്ങ് ഉദ്ദേശിക്കുന്നത്?'- കലാകാരന്‍ താഴ്മയോടെ ചോദിച്ചു.'അതിശൂരനായ ഒരു സിംഹം. അല്ലാതെന്ത്?'- വിദ്വാന്‍ ധാര്‍ഷ്ട്യത്തോടെ പറഞ്ഞു. 'ഞാന്‍ ചിങ്ങം രാശിയില്‍ ജനിച്ചവനാണ്. കഴിയാവുന്നത്ര കട്ടിയില്‍, കടും നീല നിറത്തില്‍ വേണം വരയ്ക്കാന്‍'-പച്ചകുത്തുന്ന കലാകാരന്‍ തന്റെ സൂചികളും മഷിയും ബ്രഷുമെല്ലാം തയ്യാറാക്കി വച്ചു. രണ്ടു കുത്തു കുത്തിയപ്പോഴേക്കും മല്‍പിടുത്താഭിനയക്കാരന്‍ വേദന കൊണ്ടു പുളഞ്ഞു. അയാള്‍ തട്ടിക്കയറി. 'സിംഹത്തിന്റെ ഏത് ഭാഗമാണ് നീ കുത്തുന്നത്?', 'ഞാന്‍ തുടങ്ങിയത് വാലിലാണ്'- കലാകാരന്‍ അറിയിച്ചു.
'അതു വേണ്ട. മറ്റെവിടെ നിന്നെങ്കിലും തുടങ്ങ്'- വിദ്വാന്‍ ആക്രോശിച്ചു. കലാകാരന്‍ പണി പുനരാരംഭിച്ചു. രണ്ടു കുത്ത് കുത്തിയപ്പോഴേക്കും വിദ്വാന്‍ നിലവിളിച്ചു.
'ഏതു ഭാഗമണ് വരയ്ക്കുന്നത്?'- അയാള്‍ ഒച്ചയിട്ട് ചോദിച്ചു.
'ചെവിയുടെ ഭാഗം'- കലാകാരന്‍ പറഞ്ഞു.
'അതു വേണ്ട. ചെവി അവിടെ നില്‍ക്കട്ടെ. മറ്റേതെങ്കിലും ഭാഗം കൊണ്ട് തുടങ്ങ്' അയാള്‍ ആജ്ഞാപിച്ചു. കലാകാരന്‍ മുറുമുറുത്തെങ്കിലും മറുത്തൊന്നും പറഞ്ഞില്ല. വീണ്ടും പണി തുടങ്ങി.
ഗുസ്തി നാട്യക്കാരന്‍ അലറി വിളിച്ചു. 'ഇപ്പോള്‍ ഏത് ഭാഗമാണ് പച്ചകുത്തുന്നത്?'- അയാള്‍ ചോദിച്ചു. 'സിംഹത്തിന്റെ വയറ്, അങ്ങുന്നേ'- കലാകാരന്‍ പുച്ഛത്തോടെ പറഞ്ഞു.
'ഓ ദൈവമേ, വയറ് വേണ്ട. അത് വല്ലാതെ വേദനയാകുന്നു. സുന്ദരനായ ഒരു സിംഹത്തിന് വയറിന്റെ ആവശ്യമെന്താണ്?'- ഗുസ്തി നാട്യക്കാരന്‍ വേദനകൊണ്ട് പുളഞ്ഞു.
ഇതിനകം പച്ചകുത്തുകാരനു ക്ഷമ കെട്ടിരുന്നു. അദ്ദേഹം തന്റെ പണിയായുധങ്ങള്‍ വലിച്ചെറിഞ്ഞ് അവിടെ നിന്നു പുറത്തിറങ്ങി. 'വാലും ചെവിയും വയറുമില്ലാത്ത സിംഹമോ?'- അദ്ദേഹം പല്ലിറുമ്മി. 'ഇവിടെ നിന്നു പോവുന്നുണ്ടോ നീ? എന്റെ കണ്‍വെട്ടത്ത് ഇനിമേല്‍ നിന്നെ കണ്ടു പോവരുത്'- മല്‍പിടുത്ത നാട്യക്കാരന് എന്തെങ്കിലും പറയാന്‍ സാധിക്കുന്നതിന് മുന്‍പേ പച്ചകുത്ത് കലാകാരന്‍ ആ വിദ്വാനെ കഴുത്തിന് പിടിച്ച് നിരത്തിലേക്കു തള്ളി. പുറത്തെ കാറ്റിനു നല്ല തണുപ്പായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."